2013ല്‍ നിക്ഷേപിക്കാവുന്ന 5 ഓഹരികള്‍

Posted on: 28 Dec 2012എന്‍ .ഭുവനേന്ദ്രന്‍
ഇടിവിനും മുന്നേറ്റത്തിനും ശേഷം സ്ഥിരത കൈവരിക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. 2013ല്‍ ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാനാണ് സാധ്യതയെന്ന് പ്രമുഖ ഓഹരി വിദഗ്ധനും പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഹെഡ്ജ് ഇക്വിറ്റീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എന്‍ .ഭുവനേന്ദ്രന്‍ . ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇടിവിന് സാധ്യതയുണ്ടെങ്കിലും ദീര്‍ഘകാലയളവില്‍ ഇന്ത്യന്‍ വിപണി മുന്നേറുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മികച്ച വളര്‍ച്ചാ സാധ്യതയുള്ള പല ഓഹരികളും ഇപ്പോഴും മികച്ച മൂല്യത്തില്‍ ലഭ്യമാണ്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച മൂല്യവര്‍ധന നല്‍കാനിടയുള്ള അഞ്ച് ഓഹരികള്‍ ശുപാര്‍ശ ചെയ്യുകയാണ് ഭുവനേന്ദ്രന്‍ . ടിവി ചാനലുകളിലും പത്രമാസികകളിലും ഓഹരി സംബന്ധമായ കോളങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട് അദ്ദേഹം.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

(Mahindra & Mahindra Limited -Rs.924.45)
വാഹനം, കാര്‍ഷികോപകരണം എന്നിവ ഉള്‍പ്പെടെ ഒമ്പതു മേഖലകളില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എസ്.യു.വികള്‍ ഉള്‍പ്പെടുന്നതാണ് കമ്പനിയുടെ വാഹന ബിസിനസ്. ട്രാക്ടറുകള്‍ ഉള്‍ക്കൊള്ളുന്ന ഫാം എക്യുപ്‌മെന്റ്, ഐടി, ധനകാര്യ സേവനം, സ്റ്റീല്‍ വ്യാപാരം, അടിസ്ഥാനസൗകര്യം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് എന്നീ രംഗങ്ങളിലൊക്കെ സാന്നിധ്യമുണ്ട്. സ്വരാജ് ഓട്ടോമോട്ടീവ്‌സില്‍ 44.19 ശതമാനം ഓഹരിയുണ്ട്. പുതിയ ബിസിനസ് സാധ്യതങ്ങള്‍ സദാ തേടുന്ന മഹീന്ദ്ര നിലവിലുള്ള ബിസിനസ്സുകള്‍ വിപുലപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തുന്നു. മികച്ച വളര്‍ച്ചാസാധ്യതയുള്ള കമ്പനിയാണ്. ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യം. 924 രൂപയാണ് ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം. ഒരു വര്‍ഷക്കാലയളവില്‍ 1180 രൂപ നിലവാരത്തിലേക്ക് ഓഹരിവില ഉയരാം.

എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്‌സ്

(L&T Finance Holdings Limited -Rs.87.80)
എല്‍ ആന്‍ഡ് ടി ഗ്രൂപ്പിന് കീഴിലുള്ള ഒരു ഹോള്‍ഡിങ് കമ്പനിയാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്. വിവിധ അനുബന്ധ കമ്പനികളിലൂടെ കോര്‍പ്പറേറ്റ്, റീട്ടെയില്‍ , ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലേക്ക് ആവശ്യമായ ധനകാര്യ സേവനങ്ങളും ഉത്പന്നങ്ങളും കമ്പനി ഒരുക്കുന്നു. റീട്ടെയില്‍ ഫിനാന്‍സ്, കോര്‍പ്പറേറ്റ് ഫിനാന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എന്നീ നാല് ബിസിനസ് ഗ്രൂപ്പുകള്‍ അടങ്ങുന്നതാണ് കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ. റീട്ടെയില്‍ ഫിനാന്‍സില്‍ നിര്‍മാണ ഉപകരണങ്ങള്‍ക്കായുള്ള വായ്പ, ഗതാഗത ഉപകരണങ്ങള്‍ക്കായുള്ള വായ്പ, ഗ്രാമീണ ഉത്പന്ന വായ്പ, ഗ്രാമീണ സംരംഭക വായ്പ, മൈക്രോ ഫിനാന്‍സ്, ധനകാര്യ സേവന വിതരണം എന്നിവ ഉള്‍പ്പെടുന്നു. കോര്‍പ്പറേറ്റ് ഫിനാന്‍സില്‍ കോര്‍പ്പറേറ്റ് വായ്പ, പാട്ടം, സപ്ലൈ ചെയിന്‍ വായ്പ എന്നിവയാണ് ഉള്‍ക്കൊള്ളുന്നത്. പ്രോജക്ട് ഫിനാന്‍സ്, കോര്‍പ്പറേറ്റ് ലോണ്‍, ഫിനാന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറി സര്‍വീസ്, ഓഹരി നിക്ഷേപം എന്നിവ അടങ്ങുന്നതാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്. 2012 ഒക്ടോബറില്‍ ഇന്‍ഡോ പസഫിക് ഹൗസിങ് ഫിനാന്‍സ് എന്ന കമ്പനിയെ ഏറ്റെടുത്തു. 2012 നവംബറില്‍ ഫിഡിലിറ്റി മ്യൂച്വല്‍ ഫണ്ടിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തു. ഇതോടെ മ്യൂച്വല്‍ ഫണ്ട് രംഗത്ത് ശക്തരായി. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ ധനകാര്യ സേവന കമ്പനിയായി വളരുകയാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ് ലിമിറ്റഡ്. 88 രൂപ വിലയുള്ള ഈ ഓഹരി ഒരു വര്‍ഷത്തിനുള്ളില്‍ 120 രൂപയിലേക്ക് ഉയരാം.

എച്ച്ഡിഎഫ്‌സി ബാങ്ക്

(HDFC Bank Limited -Rs.677.60)
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. കൊമേഴ്‌സ്യല്‍ ബാങ്കിങ്, ട്രഷറി ഓപ്പറേഷന്‍സ് എന്നിവ ഉള്‍പ്പെടെ വിപുലമായ ബാങ്കിങ് - ധനകാര്യ സേവനങ്ങളാണ് ഈ ബാങ്കിങ് കമ്പനി ഒരുക്കുന്നത്. ട്രഷറി, റീട്ടെയില്‍ ബാങ്കിങ്, ഹോള്‍സെയില്‍ ബാങ്കിങ് എന്നീ മേഖലകളില്‍ സാന്നിധ്യമുണ്ട്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, തേര്‍ഡ് പാര്‍ട്ടി പ്രോഡക്ട് ഡിസ്ട്രിബ്യൂഷന്‍, പ്രൈമറി ഡീലര്‍ഷിപ്പ് ബിസിനസ് തുടങ്ങി പാരാ ബാങ്കിങ് പ്രവര്‍ത്തനങ്ങളും നടത്തുന്നു. റീട്ടെയില്‍, കോര്‍പ്പറേറ്റ് വിഭാഗങ്ങളില്‍ നിന്ന് ഒരുപോലെ ബിസിനസ് സൃഷ്ടിക്കുന്ന വളരെ സമീകൃതമായ ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിന്റെ കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് (CASA) അനുപാതം ബാങ്കിങ് വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. അതിനാല്‍ തന്നെ ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ 4 ശതമാനം എന്ന വളരെ ഉയര്‍ന്ന നിലയിലാണ്. 678 രൂപയാണ് ഈ ഓഹരിയുടെ ഇപ്പോഴത്തെ വില. ഒരു വര്‍ഷത്തിനുള്ളില്‍ 820 രൂപ നിലവാരത്തിലേക്ക് ഉയരാന്‍ സാധ്യത.

ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്

(Dr. Reddy's Laboratories Limited -Rs.1826.85)
ഇന്ത്യ ആസ്ഥാനമായുള്ള സമഗ്ര ആഗോള മരുന്നുത്പാദന കമ്പനിയാണ് ഡോ.റെഡ്ഡീസ്. പ്രിസ്‌ക്രിപ്ഷന്‍, ഓവര്‍-ദി-കൗണ്ടര്‍ (ഒടിസി) മരുന്നുകള്‍ ഉള്‍ക്കൊള്ളുന്ന ആഗോള ജെനറിക് വിഭാഗം, ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസസ് ആന്‍ഡ് ആക്ടീവ് ഇന്‍ഗ്രേഡിയന്റ്‌സ് (പിഎസ്എഐ), പ്രൊപ്രൈറ്ററി പ്രോഡക്ട്‌സ് എന്നീ മൂന്നു വിഭാഗങ്ങളിലായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ കമ്പനി പുതിയ മരുന്നുകള്‍ വിപണിയിലിറക്കിയിട്ടുണ്ട്. നിരവധി പേറ്റന്റുകളും ഡോ.റെഡ്ഡീസിന്റെ ഉടമസ്ഥതയിലുണ്ട്. ആഗോള ഫാര്‍മ മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശേഷിയുള്ള കമ്പനിയാണ് ഡോ.റെഡ്ഡീസ്. 1827 രൂപ നിലവാരത്തിലുള്ള ഈ ഓഹരി 2124 രൂപ നിലവാരത്തിലേക്ക് ഉയരാം.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്

(Hindalco Industries Limited -Rs.129.45)
അലുമിനിയം, കോപ്പര്‍ എന്നിവയുടെ ഉത്പാദകരാണ് ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്. ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ പെട്ട കമ്പനിയാണ്. ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളും ബ്രൗണ്‍ഫീല്‍ഡ് പ്രോജക്ടുകളും കമ്പനിക്കുണ്ട്. മഹാന്‍ അലുമിനിയം പ്രോജക്ട്, ആദിത്യ അലുമിന ആന്‍ഡ് അലുമിനിയം പ്രോജക്ട്, ഉത്കല്‍ അലുമിന പ്രോജക്ട്, ജാര്‍ഖണ്ഡ് അലുമിനിയം പ്രോജക്ട് എന്നിവ അടങ്ങുന്നതാണ് ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍. പ്രാരംഭ ലോഹം, അലുമിന എന്നിവയുടെ ശേഷി ഉയര്‍ത്തുന്നതാണ് ബ്രൗണ്‍ഫീല്‍ഡ് പ്രോജക്ടുകള്‍ . ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുണ്ടെങ്കിലും ഹിന്‍ഡാല്‍കോ ഓഹരികള്‍ വളരെ കുറഞ്ഞ വിലയിലാണ് വ്യാപാരം ചെയ്യുന്നത്. അതിനാല്‍ തന്നെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വളരെയധികം നിക്ഷേപയോഗ്യമാണ് ഈ ഓഹരി. 129 രൂപ നിലവാരത്തിലുള്ള ഓഹരി ഒരു വര്‍ഷം കൊണ്ട് 158 രൂപയിലേക്ക് ഉയരാം.


Disclaimer: മേല്‍പ്പറഞ്ഞ ഓഹരികള്‍ എന്‍ .ഭുവനേന്ദ്രന്‍ വ്യക്തിപരമായോ ഇടപാടുകാര്‍ക്ക് വേണ്ടിയോ കൈവശം വയ്ക്കുന്നതാകാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.

Tags: Stock Recommendation by Hedge Equities CEO Bhuvanendran
»  News in this Section