|
|
പ്രിന്‍സ് ജോര്‍ജ് |
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. 2011ലെ മോശം പ്രകടനത്തിന് ശേഷം ഓഹരി വിപണി ഈ സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് അവയില്‍ നിക്ഷേപം നടത്തിയാല്‍ പ്രതികൂലമായ സാഹചര്യത്തിലും നേട്ടം കൈവരിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ മികച്ച വളര്‍ച്ചാസാധ്യതയുള്ള അഞ്ച് ഓഹരികള്‍ അടങ്ങിയ സ്‌റ്റോക്ക് പോര്‍ട്ട്‌ഫോളിയോ ശുപാര്‍ശ ചെയ്യുകയാണ് പ്രമുഖ ഓഹരി വിദഗ്ധനായ പ്രിന്‍സ് ജോര്‍ജ്. കൊച്ചി ആസ്ഥാനമായുള്ള സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഡിബിഎഫ്എസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമാണ് ഇദ്ദേഹം. ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപിക്കാവുന്ന തരത്തില്‍ ഒരു ലക്ഷം രൂപയുടെ പോര്‍ട്ട്‌ഫോളിയോയാണ് ഒരുക്കിയിരിക്കുന്നത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
(Mahindra & Mahindra - Rs.700.20)
ഡീസല്‍ വാഹന മേഖലയിലെ മുന്‍നിര കമ്പനി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡീസല്‍ വാഹന വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ട്രാക്ടറും എസ്.യു.വിയും വാണിജ്യ വാഹനങ്ങളുമൊക്കെ അടങ്ങുന്ന വിപുലമായ ഉത്പന്ന നിരയാണ് കമ്പനിക്കുള്ളത്. ദക്ഷിണ കൊറിയന്‍ വാഹനക്കമ്പനിയായ സാന്‍ഗ്യോങ്ങിനെ ഏറ്റെടുത്തത് മഹീന്ദ്രയ്ക്ക് ഗുണകരമാകും. ഉന്നത നിലവാരത്തിലുള്ളതാണ് കമ്പനിയുടെ വാഹനങ്ങള്‍. അന്താരാഷ്ട്ര വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും. ഇതിനുപുറമെ, ആഭ്യന്തര വാഹന വിപണി മികച്ച വളര്‍ച്ച കൈവരിക്കുന്നതും ഭാവിയില്‍ അത് നിലനില്‍ക്കുമെന്ന പ്രതീക്ഷയും മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം അനുകൂലഘടകങ്ങളാണ്. പുതിയ വിപണികള്‍ കണ്ടെത്താനാകുന്നതും ഗുണം ചെയ്യും. ഓഹരി ഉടമകള്‍ക്ക് മികച്ച മൂല്യം നേടിക്കൊടുക്കാന്‍ പ്രാപ്തരാണ് കമ്പനിയുടെ മാനേജ്‌മെന്റ്. വായ്പാബാധ്യത കുറവായതിനാല്‍ മികച്ച റിട്ടേണ്‍ നേടാനാകും. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമായ ഓഹരിയാണിത്. ഇപ്പോള്‍ 700.20 രൂപയാണ് ഓഹരി വില. ഒരു വര്‍ഷം കൊണ്ട് ഇത് 840 രൂപ വരെയായി ഉയരാം.
ബെര്‍ജര്‍ പെയിന്റ്‌സ്
(Berger Paints - Rs.106.70)
ഇന്ത്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച മൂല്യമുണ്ടാക്കാവുന്ന ഉത്പന്നങ്ങളാണ് ബെര്‍ജര്‍ പെയിന്റ്‌സിന്റേത്. ഫ്രാഞ്ചൈസി മൂല്യവും ഇതിന് മുതല്‍ക്കൂട്ടാവും. അടിസ്ഥാനസൗകര്യ മേഖലയില്‍ സര്‍ക്കാര്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നത് വരും മാസങ്ങളില്‍ കമ്പനിക്ക് പരോക്ഷമായി ഗുണം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ വരുംകാല വളര്‍ച്ചാലക്ഷ്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ മികച്ച നേട്ടം തരുന്നതാവും ഈ ഓഹരി. കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 106.70 രൂപയാണ്. ഒരു വര്‍ഷം കൊണ്ട് 128 രൂപ നിലവാരത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്.
ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍
(IRB Infrastructure - Rs.186.85)
അടിസ്ഥാനസൗകര്യ മേഖലയിലെ മുന്‍നിര കമ്പനി. കഴിഞ്ഞ ഒരു വര്‍ഷം ഈ മേഖലയ്ക്ക് അത്ര നല്ല കാലമായിരുന്നില്ല. എന്നാല്‍, പുതിയ റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ മേഖലക്ക് ബജറ്റില്‍ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത് ഈ കമ്പനിക്കും ഗുണകരമാകും. റോഡ് നിര്‍മാണ രംഗത്ത് ഐആര്‍ബി ഇന്‍ഫ്രയ്ക്ക് കാര്യമായ സ്വാധീനമാണ് ഉള്ളത്. വരും ത്രൈമാസങ്ങളില്‍ തന്നെ വളര്‍ച്ചാസാധ്യതകള്‍ കണ്ടുതുടങ്ങുമെന്നാണ് കരുതുന്നത്. മൂല്യത്തിന്റെ കാര്യത്തിലും കമ്പനി മികച്ച നിലയിലാണ്. കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 186.85 രൂപയാണ്. ഒരു വര്‍ഷം കൊണ്ട് 218 രൂപയിലേക്ക് ഉയരാം.
ബാറ്റാ ഇന്ത്യ
(Bata India - Rs.768.60)
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാദരക്ഷാ വിപണിയിലെ മുന്‍നിര കമ്പനിയാണ് ബാറ്റ. ഈ രംഗത്തുള്ള ആധിപത്യം കുറേക്കൂടി അനുകൂലമാക്കിമാറ്റാന്‍ കമ്പനിക്ക് കഴിയണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്യമായ മാറ്റങ്ങളിലൂടെയാണ് കമ്പനി കടന്നുപോകുന്നത് റീട്ടെയില്‍ ശൃംഖല വ്യാപിപ്പിച്ചു; ബിസിനസ് മോഡലില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി. ഇതൊക്കെ മാര്‍ജിന്‍ വര്‍ധിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്. വരും ത്രൈമാസങ്ങളില്‍ ഈ ഘടകങ്ങള്‍ പ്രയോജനം ചെയ്യും. ഓഹരി നിക്ഷേപകര്‍ക്ക് മികച്ച മൂല്യവളര്‍ച്ചയാണ് കമ്പനി നേടിക്കൊടുക്കുന്നത്. ഓഹരിയുടെ ഇപ്പോഴത്തെ വില 768.60 രൂപയാണ്. ഒരു വര്‍ഷത്തെ ടാര്‍ജെറ്റ് 948 രൂപയും.
കാസ്‌ട്രോള്‍ ഇന്ത്യ
(Castrol India - Rs.536.45)
പ്രമുഖ ഓയില്‍ കമ്പനി. മത്സരക്ഷമതയാണ് കമ്പനിയുടെ കരുത്ത്. ലൂബ്രിക്കറ്റ് മേഖലയില്‍ വിപണി വിഹിതം കാര്യമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. 1990കളില്‍ ആറ് ശതമാനം മാത്രമായിരുന്ന വിഹിതം ഇപ്പോള്‍ 20 ശതമാനമാണ്. വാഹന വിപണിയില്‍ കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മാറ്റമാണ് ഈ പ്രകടനത്തിന് സഹായിച്ചത്. കൂടുതല്‍ കൂടുതല്‍ വിദേശ കാറുകള്‍ ഇന്ത്യയിലേക്ക് വരുന്നതോടെ വരും വര്‍ഷങ്ങളിലും ഈ പ്രകടനം നിലനിര്‍ത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടീഷ് പെട്രോളിയമാണ് മാതൃകമ്പനിയെന്നത് മറ്റു കമ്പനികളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ കാസ്‌ട്രോളിനെ പ്രാപ്തമാക്കുന്നു. ഈ രംഗത്തെ പല ഇന്ത്യന്‍ കമ്പനികളെക്കാള്‍ മികച്ച ടെക്‌നോളജി ഉണ്ടെന്നതുതന്നെ ഇതിന് കാരണം. പെട്രോകെമിക്കല്‍ രംഗത്തെ സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ ലൂബ്രിക്കന്റ് വ്യവസായത്തിനില്ല എന്നതാണ് മറ്റൊരു അനുകൂല ഘടകം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനി മികച്ച റിട്ടേണ്‍ നേടിത്തരും. ഓഹരി വില ഇപ്പോള്‍ 536.45 രൂപയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 609 രൂപയാകുമെന്നാണ് കണക്കാക്കുന്നത്.
Disclaimer: മേല്‍പ്പറഞ്ഞ ഓഹരികള്‍ പ്രിന്‍സ് ജോര്‍ജ് വ്യക്തിപരമായോ ഇടപാടുകാര്‍ക്ക് വേണ്ടിയോ കൈവശം വയ്ക്കുന്നതാകാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.
Email: research@dbfsindia.com