കൊട്ടിക്കേറാന്‍ തയ്യാറെടുത്ത് ഇരുപക്ഷവും

Posted on: 28 Jan 2013


എസ്. ജയ്ദീപ് , mail@jaideepmenon.comകഴിഞ്ഞ ആഴ്ച നിഫ്റ്റിയില്‍ 6,074 നിലവാരത്തിനു മുകളിലെ ക്ലോസിങ്ങാണ് മുന്നോട്ടുള്ള യാത്രയ്ക്ക് നിര്‍ണായകം എന്ന് സൂചിപ്പിച്ചിരുന്നു, ഒപ്പം നിഫ്റ്റിയെ മുകളില്‍ തന്നെ പിടിച്ചു നിര്‍ത്തി മറ്റു ഓഹരികളില്‍ കനത്ത വില്‍പ്പന നടത്തുന്നതിനെ കുറിച്ചുള്ള താക്കീതും നല്‍കിയിരുന്നു.

കഴിഞ്ഞ ആഴ്ച ഉടനീളം 6,000-6,100 നിലവാരത്തിനകത്ത് നിലനിന്നുവെങ്കിലും മിഡ് ക്യാപ് ഓഹരികളിലും ചില ഇന്‍ഡക്‌സ് ഓഹരികളിലും കനത്ത വില്‍പ്പന തന്നെയാണ് കാണപ്പെട്ടത്.

ആഴ്ച അവസാനം നിഫ്റ്റി ക്ലോസ് ചെയ്തത് 6,074 നിലവാരത്തിലും. ഇനി വരുന്ന ദിവസങ്ങളിലെ നിഫ്റ്റിയുടെയും മുന്‍നിര ഓഹരികളിലേയും ട്രെന്‍ഡ് എങ്ങനെയായിരിക്കാം എന്ന് നോക്കാം.

കഴിഞ്ഞ ആഴ്ച ഐ ടി സി , എന്‍ ടി പി സി ഓഹരികള്‍ ബെയറിഷ് ട്രെന്‍ഡില്‍ നിന്ന് ബുള്ളിഷ് ട്രെന്‍ഡിലേക്ക് കാലുമാറിയതാണ് ഏറ്റവും ശ്രദ്ധേയമായ നീക്കം. ഇപ്പോള്‍ ബുള്ളുകളുടെ കൂടെ നില്‍ക്കുന്ന ഓഹരികള്‍ ഐ ടി സി , എന്‍ ടി പി സി കൂടാതെ റിലയന്‍സ്, ഐ സി ഐ സി ഐ, ഇന്‍ഫി, ടി സി എസ്, എസ് ബി ഐ, ഒ എന്‍ ജി സി, ഭാരതി, ആക്‌സിസ് ബാങ്ക്, കൊടക് ബാങ്ക്, വിപ്രോ, ഡോക്ടര്‍ റെഡ്ഡീസ് , ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, എച്ച്‌സിഎല്‍ ടെക്, ബി പി സി എല്‍, ഡി എല്‍ എഫ്, ടാറ്റ പവര്‍ എന്നിവയും ബെയറുകളുടെ കൂടെ നില്‍ക്കുന്ന ഓഹരികളില്‍ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, എല്‍ ആന്‍ഡ് ടി, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദ് ലിവര്‍, മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഐ ഡി എഫ് സി, സിപ്ല, ഗ്രാസിം, ഹീറോ മോട്ടോഴ്‌സ്, ബി എച്ച് ഇ എല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ഹിന്‍ഡാല്‍കോ , ബാങ്ക് ഓഫ് ബറോഡ, എ സി സി, സെസ ഗോവ, റാന്‍ബാക്‌സി, ലൂപിന്‍ എന്നിവയും ഉള്‍പ്പെടുന്നു.

വ്യക്തമായ ഒരു ചേരിതിരിവ് നിഫ്റ്റിയില്‍ കാണപ്പെട്ടു എന്നത് തന്നെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രത്യേകത. ഈ ആഴ്ച റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക അവലോകനവും പലിശനിരക്കില്‍ വരുത്തിയേക്കാവുന്ന കുറവും ശ്രദ്ധാ കേന്ദ്രമാവുമ്പോള്‍ വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ജനവരി മാസത്തെ സെറ്റില്‍മെന്റും കൂടി ഈ ആഴ്ച തന്നെ മുന്നിലുണ്ട്. പൊടിപൂരമാവാന്‍ സാധ്യതയുള്ള ഒരാഴ്ചയാണ് മുന്നിലുള്ളത് എന്ന് ചുരുക്കം.

നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 6,200 എന്ന ലക്ഷ്യമാണ് ബുള്ളുകളുടെ മുന്നിലുള്ളത് . എന്നാല്‍ ബെയറുകളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ആവശ്യം നിഫ്റ്റിയെ 6,007നു താഴെ പിടിച്ചു കെട്ടുക എന്നതാണ്. ഇത് സാധ്യമാവുകയാണെങ്കില്‍ ക്രമേണ 5,940-5,850-5,730 നിലവാരങ്ങളിലേക്ക് വളരെ ശക്തമായ കറക്ഷന്‍ തന്നെ പ്രതീക്ഷിക്കേണ്ടി വരും.

ഇപ്പോള്‍ ഇരുകൂട്ടര്‍ക്കും ഏതാണ്ട് ഒരേ സാധ്യത തന്നെയാണ് നിലനില്‍ക്കുന്നതെന്നതിനാല്‍ ശ്രദ്ധിക്കേണ്ടത് മറുകണ്ടം ചാടിയെക്കാവുന്ന ഓഹരികളെ തന്നെയാണ്.

ഇതില്‍ തന്നെ ബാങ്കിങ്, ഓട്ടോമൊബൈല്‍ ഓഹരികളില്‍ ആയിരിക്കാം ഒരു പക്ഷേ ചാഞ്ചാട്ടം കൂടുതല്‍ കാണപ്പെടാന്‍ സാധ്യത. കഴിഞ്ഞത് ചെമ്പടവട്ടം ആണെങ്കില്‍ വരാനിരിക്കുന്നത് ചമ്പക്കൂര്‍ ആണ്.Tags: Stock doubt-Jaideep Menon
»  News in this Section