റീട്ടെയില്‍ എഫ്.ഡി.ഐയെ ഭയക്കുന്നതാര്?

Posted on: 10 Aug 2012പച്ചക്കറിക്ക് തീ വില, തൊട്ടാല്‍ പൊള്ളുന്നു എന്ന് ഒരു പുറത്ത്. അതേ പത്രത്തിന്റെ മറു താളിലോ ചിലപ്പോള്‍ ഇതേ തലക്കെട്ടിന്റെ തൊട്ടുതാഴെയോ വിളകള്‍ക്ക് വിലകിട്ടുന്നില്ല, കര്‍ഷകര്‍ പ്രതിസന്ധിയില്‍! വളരെ വിചിത്രമായ ഈ പത്രറിപ്പോര്‍ട്ടുകള്‍ കാണാത്ത മലയാളികള്‍ ഉണ്ടാവില്ല; ഇങ്ങനെയുള്ള പത്രറിപ്പോര്‍ട്ടുകള്‍ മാത്രമല്ല ഇതിലെ ഏതെങ്കിലും ഒരു ഭാഗമായി അതിനിടെ ഭവിഷ്യത്തുകള്‍ കൂടി അനുഭാവിക്കാത്ത മലയാളികളും ഉണ്ടാവില്ല. അതായത് ഒന്നുകില്‍ ഒരു കര്‍ഷക കുടുംബത്തിന്റെ ഭാഗമായി വിളകള്‍ക്ക് വില കിട്ടാതെ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന മലയാളിയെയോ അല്ലെങ്കില്‍ ഇത് വാങ്ങി പോക്കറ്റ് കാലിയാവുമ്പോള്‍ ഉണ്ടാവുന്ന ഉഷ്ണം അറിഞ്ഞ മലയാളിയോ ആയിട്ട്.

ഏതൊരു ചരക്കിന്റെയും ആവശ്യകതയും ലഭ്യതയും അതിന്റെ ഏറ്റക്കുറച്ചിലുകളുമാണ് അതിന്റെ വില നിശ്ചയിക്കുന്നതെന്ന സാമ്പത്തിക ശാസ്ത്രമതത്തിന് തെറ്റ് പറ്റിയോ എന്ന് ഒരു വേള സംശയിച്ചു പോകും ഈ വാര്‍ത്തകളിലൂടെ സഞ്ചരിക്കുമ്പോള്‍. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്?

ആലുവയിലുള്ള എന്റെ ഒരു സുഹൃത്ത് ബിജു ജോണ്‍ തന്റെ സ്വന്തം ഭൂമിയില്‍ വാഴ കൃഷി നടത്താന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. ചെറുപഴത്തിനു കിലോയ്ക്ക് 10 രൂപയ്ക്ക് മുകളില്‍ ഇന്നേവരെ തനിക്ക് വില ലഭിച്ചിട്ടില്ല എന്ന് അയാള്‍ ആണയിടുന്നു. ഒരു കിലോ ചെറു പഴം 55 രൂപയ്ക്ക് വരെ ഇപ്പോള്‍ ചെറുകിട വ്യാപാരികള്‍ വില്‍ക്കുന്ന സമയത്ത് മാസങ്ങളോളം വാഴയുടെ ചുവട്ടില്‍ വിയര്‍പ്പൊഴുക്കിയ 'മണ്ടന്' കിട്ടിയത് 10 രൂപ, അത് വണ്ടിയിലാക്കി മൊത്ത വിപണിയില്‍ എത്തിച്ച ഇടനിലക്കാരന് കിട്ടിയതോ, ചുരുങ്ങിയത് 40 രൂപ. മൊത്ത വിപണിയില്‍ നിന്നും 50 രൂപയ്ക്ക് വാങ്ങി അത് 55 രൂപയ്ക്ക് വില്‍ക്കുന്ന ചെറുകിട വില്‍പ്പനക്കാരനും കിട്ടി ഒരു 5 രൂപ. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മരച്ചീനി കര്‍ഷകന് ലഭിക്കുന്നത് 2 മുതല്‍ 5 രൂപ വരെ എങ്കില്‍ അത് ചെറുകിട ഇടപാടുകാര്‍ വില്‍പ്പന നടത്തുന്നത് 15 മുതല്‍ 20 രൂപ വരെ. പാവക്ക, പടവലം, കുമ്പളങ്ങ, അച്ചിങ്ങ, ബീന്‍സ് തുടങ്ങി പല പച്ചക്കറികളും കിലോഗ്രാമിന് 2 രൂപ മുതല്‍ 7 രൂപ വരെ മാത്രം കര്‍ഷകന് ലഭിക്കുമോള്‍ വിപണി വില 20 മുതല്‍ 40 വരെയാണ്. ഇതില്‍ കൃഷി നടത്തി അതിനുള്ള ചിലവുകളും വഹിച്ചു അതിന്റെ പുറകെ അധ്വാനവും നടത്തി, പിന്നെ കൃഷി നാശം വന്നാലുള്ള റിസ്‌കും എടുത്ത കര്‍ഷകനാണോ, അതോ പെട്ടെന്ന് നാശം സംഭവിക്കാവുന്ന ഈ പച്ചക്കറികള്‍ വളരെ ചെറിയ ഒരു മാര്‍ജിനില്‍ വില്‍ക്കാന്‍ വേണ്ടി മൊത്ത വിപണിയില്‍ നിന്നും തന്റെ ചെറുകിട കച്ചവട സ്ഥാപനത്തില്‍ കൊണ്ട് വന്നു വില്‍ക്കുന്ന കച്ചവടക്കരനാണോ അതോ എന്ത് വിലയ്ക്കും ഇതൊക്കെ വാങ്ങുന്ന ഉപഭോക്താവാണോ മണ്ടന്‍? അതോ ഈ മൂന്നു കൂട്ടരും ഈ ഗണത്തില്‍ പെടുമോ?

ഇവിടെയാണ് പച്ചക്കറി വിപണിയിലെ സാമ്പത്തിക ശാസ്ത്രം പുറത്ത് വരുന്നത്. മുന്‍പ് പറഞ്ഞതുപോലെ ഇവിടെയും ആവശ്യകതയും ലഭ്യതയും തന്നെയാണ് വില നിയന്ത്രിക്കുന്നത്. പക്ഷെ ഒരു വ്യത്യാസം മാത്രം. ഇവിടെ ആവശ്യകതയുടെ ആധിക്യവും ലഭ്യതയുടെ ആധിക്യവും ഒരു പോലെ മുതലെടുക്കപ്പെടുന്നു. അല്ലെങ്കില്‍ ഇത് രണ്ടിനെയും പെരുപ്പിച്ചു കാട്ടി തലയില്‍ ചെറിയ ഒരു തൂവാലയും കണങ്കാലിന് മുകളില്‍ വരെ നില്‍ക്കുന്ന മുണ്ടും ഉടുത്തു നില്‍ക്കുന്ന അഭിനവ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഇടനിലക്കാരന്‍ മുതലെടുക്കുന്നു. ഇവന്‍ ഉത്പാദിപ്പിക്കുന്നുമില്ല, ഉപ ഭോഗിക്കുന്നിമില്ല. എന്തിന്, ഇടയില്‍ നിന്ന് സ്വന്തം വിയര്‍പ്പോഴുക്കുന്നു പോലുമില്ല. പക്ഷെ വില നിയന്ത്രിക്കാനുള്ള അസാമാന്യ ബുദ്ധി ഇവന് സ്വന്തം. കൃഷിയിടത്തില്‍ നിന്നും കൊണ്ടുവന്ന ഉത്പന്നത്തിന്റെ ആയുസ്സ് വച്ചു വില പറഞ്ഞു കഴിയുന്നതിന്റെയപ്പുറവും ഇടിച്ചു താഴ്ത്തുന്ന അതേ വൈഭവം ഇതിന്റെ യഥാര്‍ത്ഥ ഉപഭോക്താവിന്റെ പോക്കറ്റ് കൊള്ളയടിക്കുമ്പോഴും നടത്ത പെടുമ്പോള്‍ തല കുനിക്കുന്നത് സാമ്പത്തിക ശാസ്ത്ര സത്യങ്ങളാണ്.

ഇത് കേരളത്തിന്റെ മാത്രം പ്രശനമല്ല. ഇന്ത്യ മുഴുവനും ഇത് തന്നെയാണ് സ്ഥിതി. റീട്ടെയില്‍ ഇടപാടില്‍ വിദേശ നിക്ഷേപം കൊണ്ടുവരാന്‍ തടസ്സം നില്‍ക്കുന്ന പല പ്രാദേശിക പാര്‍ട്ടികളുടെയും പുറകില്‍ ഇതേ വിദഗ്ധന്‍മാര്‍ തന്നെയാണോ എന്ന് സംശയിച്ചാലും തെറ്റ് പറയാന്‍ പറ്റില്ല. കാരണം ഇവരും കണ്ണീരൊഴുക്കുന്നത് കര്‍ഷകന് വേണ്ടിയല്ല. കാരണം വന്‍ കമ്പനികള്‍ ഈ രംഗത്തേക്ക് വന്നാല്‍ ഉത്പന്നം കര്‍ഷകനില്‍ നിന്നും എടുത്തു കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഉപയോഗിച്ച് സൂക്ഷിക്കാന്‍ അവര്‍ക്കാവും. അതു പോലെ, വിളവെടുക്കുന്നതിന് മുന്‍പ് തന്നെ വിപണി കണ്ടെത്താനും വേണമെങ്കില്‍ വില പറഞ്ഞുറപ്പിക്കാനും കര്‍ഷകനാവും. എന്തൊക്കെ തന്നെയായാലും ഇപ്പോഴത്തെക്കള്‍ മെച്ചമായ വിലയും വിപണിയും കര്‍ഷകന് ലഭിക്കും. ഒപ്പം തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ ഉത്പന്ന വില മുതലാവത്തതു കൊണ്ട് വിളവെടുക്കതെയും, അതുപോലെ തന്നെ കോള്‍ഡ് സ്റ്റോറേജ് പോലുള്ള സംവിധാങ്ങള്‍ ഉപയോഗിക്കാത്തത് മൂലം കെട്ടി കിടന്നു നശിക്കുന്നതുമായ ചരക്ക് സംരക്ഷിക്കപ്പെടുന്നതിലൂടെ ആവശ്യത്തിനുള്ള ലഭ്യത ആവശ്യമുള്ള സമയത്ത് ലഭിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആഭ്യന്തര ഉത്പാദനത്തിന്റെ 70 ശതമാനം വിളവും മുന്‍ പറഞ്ഞതു പോലെ നശിച്ചു പോകുകയാണ് എന്ന് പറയുമ്പോള്‍ അത് കൂടി വിപണിയിലേക്ക് വന്നാല്‍ യഥാര്‍ത്ഥ ഉപഭോക്താവിനു മെച്ചമായിരിക്കും എന്ന് മനസിലാക്കാന്‍ സാമ്പത്തിക വിദഗ്ധന്‍ ആവേണ്ട കാര്യമില്ല.

ഇടനിലക്കാരന്റെ കൈയിലെ പണത്തില്‍ മഞ്ഞളിച്ചു നില്‍ക്കാന്‍ തയ്യാറില്ലാത്ത നട്ടെല്ലുള്ള സര്‍ക്കാര്‍സംവിധാനത്തിന് ചെയ്യാന്‍ കഴിയുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് റീട്ടെയില്‍ സംവിധാനം സ്വകാര്യ സംരംഭകര്‍ക്ക് വിട്ടു നല്‍കുക. കര്‍ശനമായ നിയന്ത്രണ സംവിധാനത്തില്‍ കൂടി ഇതനുവദിച്ചാല്‍ ഇപ്പോഴത്തെ പകല്‍ കൊള്ളയെക്കാള്‍ ഭേദമായ ഒരു സംവിധാനം നിലവില്‍ വരും. മറ്റൊരു രീതി സര്‍ക്കാര്‍ തന്നെ പൊതുവിതരണ സംവിധാനത്തില്‍ ഒരു മാതൃക യാവുക എന്നതാണ്. പേരിനു ഇതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും സംഭരണത്തിലോ വിപണനത്തിലോ വേണ്ടവിധം സംവിധാനങ്ങള്‍ ഇല്ലാതെ വെറും തട്ടികൂട്ട് സംഘങ്ങള്‍ ആയി മാത്രം അതൊക്കെ ഒതുങ്ങി പോവുന്നു. വിപണന സംവിധാനം കാര്യക്ഷമമാക്കുകയാണെങ്കില്‍ ഇന്ത്യ അനുഭവിക്കുന്ന ഇപ്പോഴത്തെ വിലക്കയറ്റം കൊണ്ടുള്ള പൊറുതിമുട്ടലിനു ഒരു ശാശ്വത പരിഹാരം കൂടിയാവും അത്. കാര്‍ഷിക മേഖലയില്‍ ഊന്നല്‍ നല്‍കുന്ന ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് അത് ഒരു പുതിയ മാനം കൊണ്ട് വരികയും ചെയ്യും.


പ്രമുഖ ഓഹരി വിദഗ്ധനായ ജയ്ദീപ് മേനോന്‍ കൊച്ചിയിലെ സ്‌റ്റോക്ക് സ്ട്രാറ്റജി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ മേധാവിയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാതൃഭൂമി ധനകാര്യത്തില്‍ 'സ്‌റ്റോക്ക് ഡൗട്‌സ്' എന്ന പംക്തി കൈകാര്യം ചെയ്യുന്നു.
Facebook:
www.facebook.com/jaideep.menon

 

Tags: Who is scared of Retail FDI
»  News in this Section