നഷ്ടമുള്ള കമ്പനികള്‍ക്കും ലാഭവീതം

Posted on: 25 Jul 2012ഓഹരി വിപണിയില്‍ ഇത് ലാഭവിഹിതം വീതം വെയ്ക്കുന്ന കാലമാണ്. ജൂണ്‍, ജൂലായ് മാസത്തിലാണ് ഭൂരിഭാഗം കമ്പനികളുടെയും ഇതിനായുള്ള റെക്കോര്‍ഡ് ഡേറ്റ്. സാമ്പത്തിക പ്രതിസന്ധി ഉരുണ്ടു കൂടിയിരിക്കുന്നുവെന്നു പൊതുവില്‍ കരുതുന്ന ഈ വര്‍ഷം പക്ഷെ പൊതുവില്‍ ലാഭവിഹിതം പങ്കു വെയ്ക്കുന്നതില്‍ പല കമ്പനികളും മത്സരിക്കുകയാണ്.

ഇതിനിടെ കണക്കുകള്‍ പരിശോധിച്ചാല്‍ ബോഷ്, നെസ്‌ലേ, ഹാക്കിന്‍സ്, ഗ്ലാക്‌സോ, ഇന്‍ഫോസിസ്, ഹീറോ മോട്ടോഴ്‌സ്, വെങ്കിസ്, പേജ്, ഗൃഹ് ഫിനാന്‍സ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങി ബാലന്‍സ് ഷീറ്റ് ശക്തമായ കമ്പനികളെ പോലെ തന്നെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അബാന്‍ ഓഫ്‌ഷോര്‍, ജുബിലന്റ് ലൈഫ്, എസ്സാര്‍ പോര്‍ട്‌സ്, അരവിന്ദോ ഫാര്‍മ, പ്രിസം സിമന്റ്, എം പീ ഷുഗേഴ്‌സ് വരെയുണ്ട്. ഇതിലൊന്നും ഉള്‍പ്പെടാതെ ജെ.ബി കെമിക്കല്‍സ്, നവീന്‍ ഫ്ലൂറോ, ക്ലാരിയന്റ് കെമിക്കല്‍സ് തുടങ്ങി ചില കമ്പനികള്‍ സ്‌പെഷല്‍ ലാഭവിഹിതം നല്‍കി മാറി നില്‍ക്കുന്നുണ്ട്.

നികുതി വിമുക്തമായ ലാഭ വിഹിതം ഇങ്ങനെ പുറത്തേക്ക് ഒഴുക്കുമ്പോള്‍ തന്നെ ഇതിന്റെ ഒരു മറുവശം ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇതില്‍ ശക്തമായ ബാലന്‍സ് ഷീറ്റും അതിനൊത്ത ലാഭവും ഉള്ള കമ്പനികളെ മാറ്റി നിര്‍ത്തിയാല്‍ പിന്നെയുള്ള ബഹുഭൂരിപക്ഷം കമ്പനികളും കടക്കെണിയില്‍ പെട്ടുഴലുന്നവയാണ്. കമ്പനിയുടെ കടം വീട്ടാനായി 99 ശതമാനം പ്രമോട്ടര്‍ ഓഹരികളും പണയം വെച്ചിരിക്കുന്ന കമ്പനി വരെ മുന്‍ പറഞ്ഞ ലിസ്റ്റില്‍ ഉണ്ടെന്നറിയുമ്പോള്‍ ലാഭ വിഹിതം നല്‍കിയതിലെ ആത്മാര്‍ഥതയും ഒപ്പം തന്നെ കോര്‍പ്പറേറ്റ് ഉത്തരവാദിത്വത്തിലെ ചതിവും പുറത്തുവരുന്നു.

ചില കണക്കുകള്‍ പരിശോധിക്കാം; അബാന്‍ ഓഫ്‌ഷോറിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 120 കോടിയാണ്. ഈ കമ്പനി കഴിഞ്ഞ വര്‍ഷം 180% ലാഭ വിഹിതം വീതിച്ചു നല്‍കി. ഇതേ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ 54 % ഓഹരികള്‍ കൈയാളുന്നു, ഇതില്‍ പകുതിയിലേറെ പണയം വച്ചിരിക്കുന്ന ഓഹരികളാണ്. ഇനി എസ്സാര്‍ പോര്‍ട്‌സ്, ഈ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 71 കോടിയാണ്. കമ്പനി 21 കോടി രൂപ ഈ വര്‍ഷം ലാഭ വിഹിതമായി നല്‍കി. ഈ കമ്പനിയുടെ 83% ഓഹരികളും പ്രമോട്ടരുടെ കൈവശമാണെന്നതും ഇതില്‍ 99 ശതമാനവും പണയം വെച്ചിരിക്കുകയാണെന്നും പറയുമ്പോള്‍ ചിത്രം വ്യക്തമാവുന്നു.

ഇനി മറ്റൊരു വിഭാഗം ഓഹരികള്‍; ഇവര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായി ലാഭം കുറഞ്ഞു വരുന്നവയും, ഒപ്പം ലാഭവിഹിതം നല്‍കുന്നത് കൂടി വരുന്നതുമായവരാണ്. ഇതില്‍ പ്രമുഖ കമ്പനികളും ഉള്‍പ്പെടുന്നുവെന്നതാണ് കൗതുകകരം. ജിന്‍ഡാല്‍ സോ , വോള്‍ട്ടാസ്, സെഞ്ചുറി ടെക്‌സ്‌റ്റൈല്‍സ്, ബജാജ് ഹിന്ദുസ്ഥാന്‍, ബിര്‍ളാ കോര്‍പ്പറേഷന്‍, ബി.ഇ.എം.എല്‍ എന്നിവ ഈ കൂട്ടത്തില്‍ പെടും.

2008 മുതല്‍ ശ്വാസം വിടാന്‍ പോലും പറ്റാത്ത വിധം കടത്തില്‍ മുങ്ങി നില്‍ക്കുന്നവരാണ് റിയാല്‍ എസ്‌റ്റേറ്റ് മേഖലയിലെ കമ്പനികള്‍. എന്നാല്‍ ഈ കമ്പനികളും ലാഭവിഹിതം നല്‍കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല. ഈ വര്‍ഷം ഇതുവരെ ലിസ്റ്റ് ചെയ്തതും പ്രമോട്ടര്‍ ഹോള്‍ഡിങ് 50 ശതമാനത്തില്‍ കൂടുതല്‍ ഉള്ളതുമായ കമ്പനികളില്‍ നിന്നും ലാഭവിഹിതമായി നല്‍കിയത് 730 കോടി രൂപയാണ്. ഈ കമ്പനികള്‍ അവരുടെ കടം തീര്‍ക്കുന്നതിനു പകരം പണം പുറത്തേക്ക് വലിച്ചുകൊണ്ട് പോകുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി തന്നെ ധാരാളം. ഈ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ മേഖലയിലെ അതികായന്‍ തന്നെയാണ് ഡി എല്‍ എഫ്. ഈ കമ്പനിയുടെ കട ബാധ്യത 22,700 കോടി രൂപയാണ്, ഈ കമ്പനിയുടെ ഓഹരികളില്‍ 75 ശതമാനവും പ്രമോട്ടര്‍ ഹോള്‍ഡ് ചെയ്യുന്നു. 340 കോടി രൂപയാണ് ലാഭ വിഹിതമായി ഇവര്‍ പുറത്തേക്ക് കൊണ്ടുപോയത്. ഗോദരെജ് പ്രോപ്പര്‍ട്ടീസ്, ശോഭ ഡെവലപ്പേഴ്‌സ്, പുറവങ്കര, പ്രെസ്റ്റീജ് തുടങ്ങിയ കമ്പനികളും ഒട്ടും മോശമാക്കിയിട്ടില്ല. കണക്കു പറയുമ്പോള്‍ ഓഹരി ഉടമകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുത്തുവെന്നായിരിക്കും ഭാഷ്യം. എന്നാല്‍ പരിഗണിക്കേണ്ടത്, വിത്തെടുത്തു കുത്തുന്നത് സഹിക്കാന്‍ പറ്റാത്ത യഥാര്‍ത്ഥ നിക്ഷേപകനെയാണോ, അതോ കിട്ടുന്നതെടുത്ത് സ്ഥലം വിടാനൊരുങ്ങുന്ന കള്ള നാണയങ്ങളെയാണോ എന്നതാണ് ചോദ്യം.

ഡിവിഡന്റ് യീല്‍ഡില്‍ മാത്രം കണ്ണുവെച്ചു ഓഹരികള്‍ വാങ്ങാന്‍ പുറപ്പെടുന്ന വര്‍ക്കുള്ള ഒരു ജാഗ്രതാനിര്‍ദ്ദേശം കൂടിയാണിത്. വാങ്ങുന്നത് മുതലിലെ വീതമാണോ അതോ ലാഭവീതം തന്നെയാണോ എന്നുകൂടി പരിശോധിച്ചിട്ടേ നിക്ഷേപത്തിനായി മുന്നോട്ടു നീങ്ങാവൂ.


പ്രമുഖ ഓഹരി വിദഗ്ധനായ ജയ്ദീപ് മേനോന്‍ കൊച്ചിയിലെ സ്‌റ്റോക്ക് സ്ട്രാറ്റജി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ മേധാവിയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാതൃഭൂമി ധനകാര്യത്തില്‍ 'സ്‌റ്റോക്ക് ഡൗട്‌സ്' എന്ന പംക്തി കൈകാര്യം ചെയ്യുന്നു.
Facebook:
www.facebook.com/jaideep.menon

Tags: Dividend from loss-making companies too
»  News in this Section