തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ...

Posted on: 16 Sep 2012കോള്‍ഗേറ്റ് സ്‌കാം എന്ന പേരില്‍ രാഷ്ട്രീയ പ്രതിയോഗികളും മാധ്യമങ്ങളും പൊക്കിക്കൊണ്ട് നടക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് സമീപകാലത്ത്. അനുവദിച്ചു നല്‍കിയ എല്ലാ ലൈസന്‍സുകളും റദ്ദാക്കാനാണ് കോലാഹലക്കാര്‍ ആവശ്യപ്പെടുന്നത്. 2 ജി ലൈസന്‍സ് റദ്ദാക്കിയ അതേ രീതിയില്‍ ഈ ലൈസന്‍സ് കൂടി റദ്ദാക്കിയാല്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ , അല്ലെങ്കില്‍ ഇവിടത്തെ ഭരണ സംവിധാനത്തിന്റെ, തദ്വാര ഇവിടത്തെ ജനത്തിന്റെ തന്നെ മാനമാണ് കപ്പല്‍ കയറാന്‍ പോവുന്നതെന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല. ഇവിടെ ഏതെങ്കിലും തരത്തിലുള്ള അഴിമതിയോ അല്ലെങ്കില്‍ കൈക്കൂലിയോ ഒന്നും ആരോപണ വിധേയമായിട്ടില്ല, മറിച്ചു ഇത്രയും കല്‍ക്കരിപ്പാടങ്ങള്‍ ഇപ്പോഴത്തെ വിപണിവിലയ്ക്ക് ലേലം ചെയ്തു നല്‍കിയാല്‍ അത് ഇങ്ങനെ ഒരു സ്വപ്നം കാണാന്‍ പോലുമാവാത്ത രണ്ടു ലക്ഷം കോടി രൂപയ്ക്ക് വില്‍ക്കാമായിരുന്നു എന്നാണു ആരോപണം. ഇത് സാധ്യമാവുന്ന കാര്യമാണോ എന്നത് ഒരു വശം, പക്ഷെ മറു വശം ചിന്തിക്കേണ്ടത് ഇങ്ങനെ അനുവദിച്ചു നല്‍കിയതിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് എന്ത് നേട്ടം സര്‍ക്കാര്‍ ഉദ്ദേശിച്ചു എന്നതാണ്.

ഇന്ത്യയില്‍ 2004-2009 കാലയളവില്‍ 44 ബില്യന്‍ മെട്രിക് ടണ്‍ (4400 കോടി ടണ്‍) കല്‍ക്കരി ഖനിയാണ് ലേലത്തിലൂടെയല്ലാതെ അനുവദിച്ചു നല്‍കിയത്. ഇപ്പോഴത്തെ പ്രതിവര്‍ഷ ഉത്പാദനം 0.50 ബില്യന്‍ (50 കോടി) ടണ്‍ മാത്രമാണ്. ഇതില്‍ 80 ശതമാനവും കോള്‍ ഇന്ത്യ എന്ന പൊതുമേഖല സ്ഥാപനത്തിന്റെ വകയുമാണ്. ഇന്ത്യയില്‍ കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയത് പ്രധാനമായും മൂന്നു മേഖലകളിലെ കമ്പനികള്‍ക്ക് മാത്രമാണ്. ഒന്ന് വൈദ്യുതി, രണ്ടാമതായി സിമന്റ് കമ്പനികള്‍, മൂന്നാമതായി ഇരുമ്പുരുക്ക് വ്യവസായത്തിലുള്ള കമ്പനികള്‍...., ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന ഈ വ്യവസായങ്ങള്‍ക്ക് ഊര്‍ജ്ജ ആവശ്യത്തിനു കല്‍ക്കരി കൂടിയേ തീരു.

വിരലില്‍ എണ്ണാവുന്ന ഇടപാടുകളില്‍ മാത്രം രാഷ്ട്രീയ സ്വാധീനം സംശയിക്കപ്പെടുമെങ്കിലും, ഇങ്ങനെ അനുവദിച്ചു കിട്ടിയ കമ്പനികളില്‍ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രമുഖ കമ്പനികള്‍ എല്ലാം തന്നെയുണ്ടെന്നതുതന്നെ ഇവിടെ യാതൊരു സ്വജനപക്ഷപാതവും നടന്നിട്ടില്ല എന്നതിന് തെളിവാണ്. കൂടാതെ ഇങ്ങനെ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നോ, ആരെങ്കിലും ഇതില്‍ കൈക്കൂലി വാങ്ങിയെന്നോ ഒരാരോപണവും സി.എ.ജി റിപ്പോര്‍ട്ടില്‍ ഇല്ല താനും.

ഇന്ത്യയിലെ വൈദ്യുതി മേഖല നേരിടുന്ന പ്രതിസന്ധി നമുക്കാര്‍ക്കും വിസ്മരിക്കാനാവില്ല. ഇതിനുള്ള ഒരു പരിഹാരം കൂടിയാണ് നമ്മുടെ രാജ്യത്ത് ലഭ്യമായിട്ടുള്ള കല്‍ക്കരി. പക്ഷെ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം ചെയ്തു ഉപയോഗിക്കുന്നതിനു തീര്‍ച്ചയായും അതിന്റേതായിട്ടുള്ള ബുദ്ധി മുട്ടുകളുമുണ്ട്. അല്ലെങ്കില്‍ പിന്നെ ഇതുപോലെ പാല്‍പായസവും വച്ച് കൊണ്ട് ആരും പട്ടിണി കിടക്കില്ലല്ലോ. ഇന്ത്യയുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ആയില്ലെങ്കില്‍ അത് വ്യവസായ വാണിജ്യ മേഖലയെ ആകെ ബാധിക്കുമെന്ന് മാത്രമല്ല ജന ജീവിതം പോലും ദുസ്സഹമാക്കി തീരുക്കുകയും ചെയ്യും. അതല്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ മെഷിനറി ഒരു വ്യവസായ സ്ഥാപനമല്ലല്ലോ ഇങ്ങനെ ലാഭമുണ്ടാക്കി കൊണ്ടു നടക്കാന്‍...., സര്‍ക്കാരിന് ചെയ്യാവുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മാത്രമാണ്, അല്ലാതെ കച്ചവടം ചെയ്തു ലാഭം ഉണ്ടാക്കലല്ല. അങ്ങനെ അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ കരം ചുമത്തി വരുമാനം ഉണ്ടാക്കുന്നതും.

ഒരു തരത്തില്‍ പറഞ്ഞാല്‍ 2ജി സ്‌കാം എന്ന് പറയപ്പെടുന്ന സംഭവത്തിലും ഇതുപോലെ ലക്ഷം കോടിയുടെ നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്കും പച്ചയായി അറിയാം. 3 ജി ലേല ഇടപാട് നടന്ന തരത്തില്‍ 2ജി ലേലം നടന്നിരുന്നെങ്കില്‍ ഇത്രയും തുക കിട്ടിയേനെ എന്ന മലര്‍പൊടിക്കാരന്റെ സ്വപ്നമേ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ 'കണ്ടുപിടി'ച്ചിട്ടുള്ളൂ . 2ജി ലേലം നടത്താതെ അപേക്ഷിച്ച എല്ലാ കമ്പനികള്‍ക്കും നല്‍കിയത് കൊണ്ട് മാത്രമാണ് ഇത്രയധികം താഴ്ന്ന നിരക്കില്‍ മൊബൈല്‍ കോളുകള്‍ കമ്പനികള്‍ക്ക് നല്‍കാന്‍ ആയതെന്നും ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഇത്രയധികം മൊബൈല്‍ സാന്ദ്രത ഇന്ത്യയില്‍ ഉണ്ടായതെന്നും അതുകൊണ്ട് മാത്രമാണ് കമ്പനികള്‍ പിന്നീട് 7 വര്‍ഷങ്ങള്‍ക്കു ശേഷം വന്ന 3ജി ലേലത്തില്‍ ഇത്രയധികം ആവേശത്തോടെ സര്‍ക്കാരിനെപ്പോലും അമ്പരപ്പിച്ച തുകയ്ക്ക് ലേലം കൊണ്ടതെന്നും മനസ്സിലാക്കാനുള്ള സാമാന്യ ബോധം ആര്‍ക്കും ഇല്ലാഞ്ഞിട്ടല്ല. മറിച്ചു എന്തിനെയും ഇതിനെയും എതിര്‍ക്കുവാനുള്ള പിന്തിരിപ്പന്‍ ചിന്താഗതിയാണ് ഇതിലും ഒരു വിഭാഗം രാഷ്ട്രീയ -മാധ്യമ- ബുദ്ധിജീവി വര്‍ഗം പുറത്തെടുത്തത്. 2ജി ലൈസന്‍സുകള്‍ റദ്ദാക്കിയ വിഷയത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ യശസ്സിനേറ്റ കളങ്കം പക്ഷെ എളുപ്പം മായിച്ചു കളയാവുന്നതല്ല. അനുവദിച്ച അതെ സര്‍ക്കാര്‍തന്നെ ലൈസന്‍സ് റദ്ദാക്കുന്ന രാജ്യത്ത് പ്രതിപക്ഷം ഭരണപക്ഷമായാല്‍ ഇതിലുമപ്പുറവും സംഭവിക്കുമെന്ന ഭീതി നിക്ഷേപകന് വരാം.

ഇങ്ങനെ റദ്ദാക്കാനാണെങ്കില്‍ കഴിഞ്ഞ 65 വര്‍ഷത്തെ സ്വതന്ത്രാനന്തര ഇന്ത്യയിലെ എല്ലാവിധ ലൈസന്‍സുകളും റദ്ദു ചെയ്യേണ്ടതായി വരും. വ്യവസായ ലൈസന്‍സുകള്‍ ഏതെങ്കിലും ലേലം ചെയ്തു നല്‍കിയ ചരിത്രം ഇന്ത്യയില്‍ ഉണ്ടോ? ടാറ്റയും ബിര്‍ളയും ഉള്‍പ്പടെ എല്ലാ വ്യവസായികളും എത്രമാത്രം ലൈസന്‍സുകള്‍ ഇവിടെ നേടിയിരിക്കുന്നു, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ലൈസന്‍സുകളും ബാങ്കിംഗ് ലൈസന്‍സുകളും ഫോറക്‌സ് ലൈസന്‍സുകളും ഒക്കെ നല്‍കിയത് ലേലത്തിലൂടെയായിരുന്നോ? ഇതൊക്കെ ലേലത്തിലൂടെ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് അമേരിക്കയും പിന്നെ യൂറോപ്പിന്റെ പകുതി ഭാഗത്തെയും വാങ്ങാനുള്ള പണം കിട്ടുമായിരുന്നുവെന്നു നമ്മുടെ സിഎജി കണ്ടുപിടിച്ചു കൊണ്ട് വന്നാല്‍ അതും പൊക്കി കൊണ്ട് നടക്കാനുമുണ്ടാവും നാട്ടില്‍ ആളുകള്‍.

പരമാവധി ലാഭമുണ്ടാക്കാന്‍ ആയില്ല എന്ന കാരണത്താല്‍ ഒരിക്കല്‍ നല്‍കിയ ലൈസന്‍സ് റദ്ദാക്കുന്നത് രാഷ്ട്രീയപരമായും നിയമപരമായും സാമ്പത്തിക പരമായും തെറ്റാണ്. കല്‍ക്കരി ഖനന ലൈസന്‍സ് നേടിയ കമ്പനികളില്‍ പല കമ്പനികളും ഇതുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ എത്ര കോടി രൂപ ഇതിനകം ചെലവിട്ടുകാണും? ഏതെങ്കിലും ലൈസന്‍സ് തെറ്റായി നല്‍കിയിട്ടുണ്ടെങ്കില്‍ അതു നല്‍കിയവരെയാണ് ശിക്ഷിക്കേണ്ടത്, അതല്ലാതെ നിയമപരമായി തന്നെ അത് നേടിയവരെ അല്ല. നിയമപരം എന്നുദ്ദേശിക്കുന്നത്, അപ്പോഴത്തെ സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച അല്ലെങ്കില്‍ അപേക്ഷിച്ച കമ്പനികള്‍ എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ. 2ജി ഇടപാടില്‍ രാജ ചില വഴിവിട്ട രീതികളില്‍ രണ്ടു കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയെങ്കില്‍ ശിക്ഷിക്കേണ്ടത് രാജയെയാണ്. ലേലം നടത്താതിരുന്നതോ , ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതിയിലെ അലോട്ട്‌മെന്റ് നല്‍കി എന്നതോ അല്ല 2 ജി ഇടപാടിലെ കുറ്റപത്രം, സ്വജന പക്ഷപാതപരമായി അലോട്ട്‌മെന്റ് ചില കമ്പനികള്‍ക്ക് നല്‍കി എന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്തതോ അന്ന് നല്‍കിയ എല്ലാ ലൈസന്‍സുകളും റദ്ദു ചെയ്തു. ഇത്രയധികം തുകയ്ക്ക് ലേലം നല്‍കി നേടിയ 3ജി സാങ്കേതിക വിദ്യ അതിന്റെ കോസ്റ്റ് ഫാക്ടര്‍ മാത്രം കൊണ്ട് ഒരു തികഞ്ഞ പരാജയമായി മുന്നില്‍ നില്‍ക്കുന്നത് നാം കാണുന്നുമുണ്ട്. 2ജി ഇതുപോലെ ഉയര്‍ന്ന നിരക്കില്‍ ഇനിയെങ്ങാനും ലേലം നടന്നിരുന്നെങ്കില്‍ നാം ജനങ്ങള്‍ തന്നെയായിരുന്നേനെ അതിന്റെയും ബലിയാടുകള്‍. ഒരു പൈസയ്ക്കും അര പൈസയ്ക്കും ഇപ്പോള്‍ സംസാരിക്കുന്ന കോളുകള്‍ ഈ നിരക്കില്‍ ഒരിക്കലും ലഭ്യമാവുകയില്ലായിരുന്നു എന്ന് തീര്‍ച്ച. മാത്രമല്ല, ഇത്രയധികം നെറ്റ്‌വര്‍ക്ക് ഉണ്ടാവുകയും ഇല്ലായിരുന്നു.

ഇവിടെ ആത്യന്തികമായി ഇതിന്റെയൊക്കെ ഗുണഭോക്താക്കള്‍ ജനങ്ങള്‍ തന്നെയാണോ എന്ന ഒരു ഹിതപരിശോധനയാണ് ആവശ്യം. അങ്ങനെയെങ്കില്‍ ചെളിവാരിയെറിയുന്നവരെ ജനം തിരിച്ചറിഞ്ഞോളുമെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകേണ്ട ധൈര്യമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. അല്ലെങ്കിലും ഒരു സ്‌കൂള്‍ ടീച്ചറുടെ ജോലിക്ക് 25 ലക്ഷവും ഒരു പ്യൂണിന്റെ ജോലിക്ക് 5 ലക്ഷവും കൈക്കൂലി വാങ്ങുന്ന നാട്ടില്‍ യാതൊരു കൈക്കൂലിയും വാങ്ങാതെ ഇത്രയും കോള്‍ ബ്ലോക്കുകള്‍ വിതരണം ചെയ്ത മാന്‍മോഹനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്, പ്ലീസ്.

പ്രമുഖ ഓഹരി വിദഗ്ധനായ ജയ്ദീപ് മേനോന്‍ കൊച്ചിയിലെ സ്‌റ്റോക്ക് സ്ട്രാറ്റജി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ മേധാവിയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാതൃഭൂമി ധനകാര്യത്തില്‍ 'സ്‌റ്റോക്ക് ഡൗട്‌സ്' എന്ന പംക്തി കൈകാര്യം ചെയ്യുന്നു.
Facebook: www.facebook.com/jaideep.menon

 

Tags: Coalgate controversies
»  News in this Section