പിഎംഎസ്സില്‍ കുറഞ്ഞ നിക്ഷേപം 25 ലക്ഷമാക്കി

Posted on: 29 Jan 2012സെബി ചെയര്‍മാന്‍ യു.കെ.സിന്‍ഹ
മുംബൈ: പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌കീമിലെ (പിഎംഎസ്) കുറഞ്ഞ നിക്ഷേപ പരിധി അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യാണ് പരിധി ഉയര്‍ത്തിയത്. ഇതോടെ ചെറുകിട ഓഹരി നിക്ഷേപകര്‍ക്ക് പിഎംഎസ് സേവനം അപ്രാപ്യമാകും.

നിലവില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ മുകളിലേക്കുള്ള തുക ഉപയോഗിച്ച് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപം നടത്താമായിരുന്നു. ഇതാണ് 25 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്.

ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് പിഎംഎസ് നിക്ഷേപ പരിധി ഉയര്‍ത്തിയതെന്ന് സെബി അറിയിച്ചു. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളെ സഹായിക്കാനാണ് ഇതെന്ന് ആക്ഷേപമുണ്ട്.

നിലവിലുള്ള നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ പരിധി ബാധകമാവില്ല. എന്നാല്‍, പുതിയ നിക്ഷേപകര്‍ക്ക് 25 ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലേ പിഎംഎസ്സില്‍ നിക്ഷേപിക്കാനാവൂ.

നിലവിലെ നിക്ഷേപകരുടെ നിക്ഷേപ പരിധി ഉയര്‍ത്താത്തതിനാല്‍ തങ്ങളുടെ ബിസിനസ്സിനെ ഇത് യാതൊരു തരത്തിലും ബാധിക്കില്ലെന്ന് പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പൊറിഞ്ചു വെളിയത്ത് പറഞ്ഞു.

Tags: Sebi hikes portfolio management schemes entry limit to Rs25 lakh
»  News in this Section