മോബ്മിയുടെ ഐപിഒ വരുന്നു

Posted on: 13 Dec 2012മോബ്മിയുടെ സ്ഥാപകരായ വിവേക് സ്റ്റീവ് ഫ്രാന്‍സിസ്, സഞ്ജയ് വിജയകുമാര്‍, സോണി ജോയ്
എന്‍ജിനീയറിങ് കോളേജില്‍ പിറന്നുവീണ മോബ്മി വയര്‍ലെസ് എന്ന മൊബൈല്‍ ഇന്റര്‍നെറ്റ് കമ്പനി ഓഹരികള്‍ പൊതുവിപണിയില്‍ (ഐപിഒ) വിറ്റഴിക്കുന്നു. ക്യാമ്പസ് കമ്പനിയായി പിറന്നുവീണ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലാണ് കമ്പനി ഈ പ്രഖ്യാപനം നടത്തിയത്. ഒരു കോളേജ് ക്യാമ്പസില്‍ രൂപമെടുത്ത് ഐ.പി.ഒയ്ക്ക് പോകുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് മോബ്മി.

ആറ് വര്‍ഷംമുമ്പ് സ്വന്തം ക്യാമ്പസ് കമ്പനിയെന്ന ആശയത്തിന് രൂപംനല്‍കിയ ഒരു സംഘം വിദ്യാര്‍ഥികളാണ് മോബ്മിക്ക് പിന്നില്‍. മൊബൈല്‍ സിംകാര്‍ഡുകളും റീചാര്‍ജ് കൂപ്പണുകളും സുഹൃത്തുക്കള്‍ക്ക് വിറ്റുകിട്ടിയ പണം സ്വരൂപിച്ച് സ്ഥാപനത്തിന് മൂലധനമുണ്ടാക്കി. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് വിട്ട ഈ വിദ്യാര്‍ഥികള്‍ പഴയ ക്യാമ്പസില്‍ വിജയകഥ പറയാന്‍ തിരിച്ചെത്തി.

കോളേജ് കവാടത്തില്‍ സജ്ജീകരിച്ച പ്രത്യേകവേദിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഗോപകുമാര്‍, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. ഗിരീഷ്ബാബു, മോബ്മി സി.ഇ.ഒ. സഞ്ജയ് വിജയകുമാര്‍, സഹ സി.ഇ.ഒ സോണി ജോയി, വിവേക് സ്റ്റീവ് ഫ്രാന്‍സിസ്, മോബ്മി ഉപദേശകന്‍ എം.ബി.സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മോബ്മിയുടെ വിജയകഥ പൊതുജനങ്ങളുമായി പങ്കുവെയ്ക്കുക കൂടിയാണ് ഐപിഓയിലൂടെ ലക്ഷ്യമിടുന്നതെന്ന് സഞ്ജയ് വിജയകുമാറും സോണി ജോയിയും പറഞ്ഞു. 2013 ആദ്യ പകുതിയോടെ ഐപിഒ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചി(എന്‍എസ്ഇ)ന്റെ എസ്എംഇ എക്‌സ്‌ചേഞ്ചിലായിരിക്കും ലിസ്റ്റ് ചെയ്യുക. ഈ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിന് കമ്പനിയുടെ 25 ശതമാനം ഓഹരികളെങ്കിലും പ്രമൊട്ടര്‍മാര്‍ വിറ്റൊഴിയണം. ഐഡിബിഐ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് സര്‍വീസസ് ലിമിറ്റഡിനെ ഐപിഓയ്ക്കായുള്ള മര്‍ച്ചന്റ് ബാങ്കര്‍മാരായി നിയോഗിച്ചിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട്:
രതീഷ് രവി, വവ് മേക്കേഴ്‌സ്

Tags: MobME Wireless plans IPO
»  News in this Section