
മുംബൈ: 2011 ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടങ്ങളുടെ വര്‍ഷം. സെന്‍സെക്‌സ് 26 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ ഓഹരി നിക്ഷേപകരുടെ സമ്പത്തില്‍നിന്ന് 20 ലക്ഷം കോടി രൂപ ചോര്‍ന്നു പോയി.
കഴിഞ്ഞ വര്‍ഷം അവസാനം 20,509.09 എന്ന നിലയിലായിരുന്ന സെന്‍സെക്‌സ് 2011 ഡിസംബര്‍ 20 ആയപ്പോഴേക്കും 15.175.08 ലേക്ക് കൂപ്പുകുത്തി. നിഫ്റ്റി 1,590.30 പോയന്റ് ഇടിഞ്ഞ് 4,544.20 ലേക്ക് വീണു. ആ നിലയില്‍ നിന്ന് സൂചികകള്‍ ചെറിയ തോതില്‍ കരകയറിയിട്ടുണ്ട്.
ഉയര്‍ന്ന നിലയില്‍ തുടര്‍ന്ന പണപ്പെരുപ്പവും പലിശ നിരക്കുകളിലെ വര്‍ധനവുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായത്. ഇതോടൊപ്പം യൂറോപ്പിലെ വായ്പാ പ്രതിസന്ധിയും ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികളെ താഴേക്ക് വലിച്ചു. വിദേശ നാണ്യ വിപണിയില്‍ രൂപയുടെ വിലയിടിഞ്ഞതാണ് തലവേദനയുണ്ടാക്കിയ മറ്റൊരു ഘടകം. ഇതെത്തുടര്‍ന്ന് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വന്‍തോതില്‍ ഉയരും.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഡിസംബര്‍ 19 വരെ ഓഹരി വിപണിയില്‍ നിന്ന് 2,497.50 കോടി രൂപ പിന്‍വലിച്ചു. കഴിഞ്ഞ വര്‍ഷം 1,33,266 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണിത്.
2008ലെ ഇടിവിന് ശേഷം 2009ല്‍ സെന്‍സെക്‌സ് 7,817.50 പോയന്റ് (81 ശതമാനം) കുതിച്ചുയര്‍ന്നിരുന്നു. 2010ല്‍ 3,044.28 പോയന്റ് കൂടി (17.43 ശതമാനം) മുന്നേറി. ആ നിലയില്‍ നിന്നാണ് 2011ന്റെ തുടക്കം മുതല്‍ വിപണി താഴേക്ക് പോകാന്‍ തുടങ്ങിയത്.