ഓഹരി നിക്ഷേത്തിന് മുമ്പ്...

Posted on: 23 Dec 2011


സന്ദീപ് സുധാകരന്‍2011 വര്‍ഷത്തില്‍ ഓഹരി വിപണിയിലെ നഷ്ട-ലാഭ കണക്കെടുക്കുമ്പോള്‍ ഇന്ത്യന്‍ വിപണിക്ക് നഷ്ടത്തിന്റെ കഥ തന്നെയാണ് പറയാനുള്ളത്. രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വിപണി എത്തിയിട്ടുണ്ടെന്നതും സത്യം. എന്നാല്‍, ഒരു ഓഹരി നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഒരോ തിരുത്തലും ഒരോ അവസരങ്ങളാണ്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള സുവര്‍ണാവസരം. എന്നാല്‍ പിന്നെ ഉള്ള നിക്ഷേപമെല്ലാം എടുത്ത് ഓഹരി വിപണിയിലിട്ടേക്കാം എന്ന് കരുതിയാലോ? ഒരുപക്ഷെ നഷ്ടത്തിന്റെ കാണാക്കയത്തിലേക്കാവും അതു നിങ്ങളെ തള്ളിവിടുക. സുരക്ഷിതമല്ലാതെ കണ്ണും പൂട്ടിയുള്ള നിക്ഷേപം ഏതു മേഖലയിലുമെന്ന പോലെ ഓഹരി വിപണിയിലും പാടില്ല.

ഏതു കമ്പനിയില്‍ നിക്ഷേപിക്കണം


ഓഹരി വാങ്ങും മുമ്പ് നിക്ഷേപം ഏതു കമ്പനിയിലെന്ന് തീരുമാനിക്കേണ്ടത് അത്യാവശാണ്. കമ്പനിയുടെ മനേജ്‌മെന്റ് നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും ഊതി വീര്‍പ്പിച്ചവയായതിനാല്‍ ഇത് വിശ്വസിച്ച് ഓഹരി വാങ്ങുന്നത് അത്മഹത്യാപരമാവും എന്നത് തന്നെ കാരണം. ഇതിനായി മികച്ച ബ്രോക്കിങ് സ്ഥാപനങ്ങളെ സമീപിക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. കമ്പനികളുടെ പ്രകടനം സസുക്ഷ്മം നിരീക്ഷിച്ചതിന് ശേഷം ഓഹരി വാങ്ങുന്നതാവും നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യം. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന കമ്പനികളില്‍ വേണം നിക്ഷേപമെന്നത് മറക്കാതിരിക്കുക.

ഓഹരി വില


രണ്ടാമതായി മനസ്സില്‍ വെക്കേണ്ടത് ഓഹരി വിലയാണ്. വിപണിയില്‍ തിരുത്തലുണ്ടാവുന്ന അവസരത്തില്‍ കമ്പനികളുടെ ഓഹരി വില ഇടിയുന്നത് സ്വാഭാവികമാണ്. ഒരു ദീര്‍ഘദര്‍ശിയായ നിക്ഷേപകന്‍ ഇത്തരം തിരുത്തല്‍ അവസരങ്ങളിലാണ് ഓഹരി വാങ്ങുക. പക്ഷെ അതുകൊണ്ട് കുറഞ്ഞ വിലയുള്ള എല്ലാ ഓഹരികളും ലാഭമുണ്ടാക്കി തരുമെന്ന് കരുതിയാല്‍ തെറ്റി. വില കുറഞ്ഞ ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോഴും വളര്‍ച്ചാ സാധ്യതയുള്ള മേഖലയിലാണോ നിക്ഷേപമെന്നും കമ്പനിക്ക് എന്തു നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തേണ്ടത്.

ക്ഷമയോടെയുള്ള നിക്ഷേപം അഭികാമ്യം


ഒരു നല്ല ഓഹരി നിക്ഷേപകന്‍ ശ്രദ്ധയോടെ വേണം നിക്ഷപിക്കാന്‍. ഹ്രസ്വകാലത്തിനുള്ളില്‍ ഒരുപാട് ലാഭം വാരിക്കൂട്ടാമെന്ന ആഗ്രഹം ഏതു കാര്യത്തിലുമെന്ന പോലെ ഓഹരി വിപണിയിലും പാടില്ല. ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സമയത്തിനാണ് പ്രധാന്യം. ചില അവസരങ്ങളില്‍ ഓഹരി വിലയിലൊരു കുതിപ്പുണ്ടാവുമ്പോള്‍ തന്നെ ഓഹരി വിറ്റ് ലാഭമെടുക്കുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലഭിക്കാവുന്ന വലിയൊരു ലാഭം കൈമോശം വരാന്‍ കാരണമാവും. ദീര്‍ഘകാല അടിസ്ഥാത്തില്‍ മികച്ച റിട്ടേണ്‍ പ്രതീക്ഷാമെന്നിരിക്കെ പെട്ടന്ന് തന്നെ ഓഹരി വിറ്റ് ലാഭമെടുക്കാനുള്ള പ്രവണത ഒരിക്കലും പാടില്ല.

നിക്ഷേപം വിത്തു പോലെ


ഒരു മരും നടുന്നതിന് തുല്യമാണ് നിക്ഷേപവും. പലപ്പോഴും ഒരു വൃക്ഷതൈ നടുന്നത് നമ്മള്‍ക്ക് വേണ്ടിയാകില്ല. വരും തലമുറയ്ക്ക് വേണ്ടിയായിരിക്കും. അതുപോലെ തന്നെ ചില ഓഹരികളിലെല്ലാമുള്ള നിക്ഷേപങ്ങളും ഇങ്ങനെയായിരിക്കണം. ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ലാഭ സാധ്യതയുള്ള ഓഹരികളില്‍ നിക്ഷേപിച്ച് വളരെക്കാലത്തിന് ശേഷം ലാഭം കൊയ്തവര്‍ നിരവധിയാണ്. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ ആഗോള സാമ്പത്തിക രംഗത്തെ ചലനങ്ങളും ഗതിവിഗതികളും അറിഞ്ഞിരിക്കേണ്ടതുണ്ട്. കാര്യമായ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയില്ലാത്ത മേഖലകളില്‍ നിക്ഷേപിച്ചതിന് ശേഷം വളരെക്കാലത്തിന് ശേഷം ലഭിക്കുന്ന ലാഭം പലപ്പോഴും റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനോ അല്ലെങ്കില്‍ മക്കളുടെ വിവാഹ കാര്യങ്ങള്‍ക്കോ പണം കണ്ടെത്തുന്നതിന് വലിയ സഹായമാവും.

വില്‍ക്കാനും മടിക്കരുത്


ഓഹരികള്‍ വാങ്ങുന്നത് പോലെ പ്രധാനമാണ് ഓഹരി വില്‍ക്കുകയെന്നതും. നഷ്ടത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന ഓഹരികള്‍ അനിവാര്യമായ അവസരത്തില്‍ തന്നെ വില്‍ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടം ഇരട്ടിവാന്‍ സാധ്യതയേറെയാണ്. അതുകൊണ്ട് ഓഹരികളുടെ വില നിലവാരം ഒരോ ആഴ്ചയിലും എങ്ങനെയെന്ന് കൃത്യമായി വിശകലനം ചെയ്യണം. മേഖലാ അടിസ്ഥാനത്തില്‍ വളര്‍ച്ചയ്ക്കും തളര്‍ച്ചക്കുമുള്ള സാധ്യതകളും അറിഞ്ഞിരിക്കുക. ഇതിനായി ബ്രോക്കിങ് സ്ഥാപനങ്ങളുടെ സഹായവും തേടാവുന്നതാണ്. ബ്രോക്കിങ് സ്ഥാനപങ്ങളും മാധ്യമങ്ങളും നല്‍കുന്ന സ്റ്റോക് ടിപ്പുകള്‍ ഒരുപരിധി വരെയെങ്കിലും കൃത്യമായിരിക്കുമെന്ന് മറക്കാതിരിക്കുക. എന്നാല്‍, സുഹൃത്തുക്കളും മറ്റും നല്‍കുന്ന അടിസ്ഥാനപരമല്ലാത്ത വിവരങ്ങള്‍ വിശ്വസിക്കുകയുമരുത്. ആറ് മാസത്തിനിടെ ഭീമമായ ലാഭമുണ്ടാവുമെന്നും മറ്റുമുള്ള ഇവരുടെ കണക്കുകൂട്ടലുകള്‍ക്ക് പലപ്പോഴും യാതൊരു അടിസ്ഥാനവുമുണ്ടാവില്ലെന്നതാണ് സത്യം.


ബ്രോക്കര്‍മാരെ സമീപിക്കുമ്പോള്‍


ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ വിശ്വാസ്യത പ്രധാനമാണ്. ഓഹരി വിപണിയില്‍ മികച്ച പാരമ്പര്യമുള്ള ബ്രോക്കിങ് സ്ഥാപനങ്ങളിലൂടെ മാത്രം ഓഹരി വ്യാപാരം നടത്തുകയാവും അഭികാമ്യം. അതുപോലെ എല്ലാം ബ്രോക്കര്‍മാരെ ഏല്‍പ്പിച്ച് വെറുതെ ഇരുന്നാല്‍ ലാഭം താനെ ഉണ്ടാവും എന്ന ധാരണ തെറ്റാണെന്നും ഓര്‍ക്കണം. എല്ലാം ഏജന്റുമാര്‍ക്ക് വിട്ടുകൊടുത്താല്‍ നിങ്ങളുടെ പണം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ട് ഓഹരികള്‍ വിറ്റത് സംബന്ധിച്ചും വാങ്ങിയതു സംബന്ധിച്ചും കൃത്യമായ ധാരണ നിക്ഷേപകനുമുണ്ടാവണം.

Tags: Before investing in Stock market
»  News in this Section