ലോകത്തിലെ 10 റീട്ടെയില്‍ ഭീമന്മാര്‍

Posted on: 15 Dec 2012


രാധാകൃഷ്ണന്‍ നരിപ്പറ്റ
വാള്‍മാര്‍ട്ട് മുതല്‍ പാന്റലൂണ്‍ വരെ
15 രാജ്യങ്ങളിലായി 8,970 സ്‌റ്റോറുകള്‍; 22 ലക്ഷം ജീവനക്കാര്‍. വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ പബ്ലിക് ലിമിറ്റഡ് കമ്പനി. ഡിസ്‌കൗണ്ട് സ്റ്റോറുകള്‍ മുതല്‍ ഭീമന്‍ വെയര്‍ഹൗസ് സ്‌റ്റോറുകള്‍ വരെ നടത്തുന്ന വാള്‍മാര്‍ട്ട് 1962ല്‍ സാം വാള്‍ട്ടണ്‍ അമേരിക്കയില്‍ സ്ഥാപിച്ചതാണ്. 48 ശതമാനം ഓഹരി ഇന്നും വാള്‍ട്ടണ്‍ കുടുംബത്തിനു തന്നെ.

അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലെ ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ ഈ റീട്ടെയില്‍ ശൃംഖല ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1972-ലാണ് ലിസ്റ്റ് ചെയ്തത്. അമേരിക്കയിലെ ഏറ്റവും വലിയ ഈ പലചരക്ക് റീട്ടെയില്‍ ശൃംഖലയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 55 വ്യത്യസ്ത പേരുകളുമുണ്ട്. ജപ്പാനില്‍ സീയു, മെക്‌സിക്കോയില്‍ വാള്‍മെക്‌സ്, ബ്രിട്ടനില്‍ അസ്ഡ എന്നിങ്ങിനെ പോകുന്നു അതിന്റെ ബ്രാന്‍ഡ് നാമങ്ങള്‍. വര്‍ഷം 25 ലക്ഷം കോടി രൂപയിലേറെ വിറ്റുവരവുള്ള വാള്‍മാര്‍ട്ടിന്റെ 64 ശതമാനം വരുമാനവും അമേരിക്കയില്‍ നിന്നാണ്. അവിടെ ആഴ്ചയില്‍ 10 കോടി പേരാണ് വാള്‍മാര്‍ട്ട് സ്റ്റോറുകള്‍ സന്ദര്‍ശിക്കുന്നത്. നിലവില്‍ 4263 സ്‌റ്റോറുകളും 6.6 ലക്ഷം ജീവനക്കാരും അമേരിക്കയ്ക്ക് പുറത്താണ്.

ഫ്രാന്‍സിലെ ക്യാരിഫര്‍ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലൊന്നാണെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ലാഭത്തിന്റെ കാര്യത്തില്‍ ഇവര്‍ വാള്‍മാര്‍ട്ടിനും ടെസ്‌കോയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്തും. അര്‍ജന്റീന, ബ്രസീല്‍, ചൈന, തായ്‌വാന്‍, കൊളംബിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാരിഫര്‍ ഉത്തര അമേരിക്കയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും കടന്നുവരികയാണ്. ഫ്രഞ്ച് ഭാഷയില്‍ ക്യരിഫര്‍ എന്നാല്‍ ക്രോസ് റോഡ്‌സ് എന്നാണര്‍ഥം. താരതമ്യേന ചെറിയ സ്‌റ്റോറുകളാണ് ഇവരുടെ പ്രത്യേകത. ഹൈപ്പര്‍ മാര്‍ക്കറ്റിനേക്കാളും സൂപ്പര്‍ മാര്‍ക്കറ്റിനേക്കാളും ചെറുതാണ് ഇവയെന്ന് ചുരുക്കം.

ജര്‍മനിയിലെ ഡസ്സല്‍ഡോര്‍ഫ് ആസ്ഥാനമായുള്ള മെട്രോ എ.ജി. വൈവിധ്യവത്കൃതമായ റീട്ടെയില്‍ ശൃംഖലയാണെന്നു പറയാം. ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ വിപണിവിഹിതമുള്ള ഇവര്‍ ഏറ്റവും വലിയ ആഗോളവത്കൃത റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നാണ്. മൊത്തക്കച്ചവടം മുതല്‍ ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസ് വരെ നടത്തുന്നുവെന്നതാണ് മെട്രോ എ.ജി.യുടെ വൈവിധ്യം. വരുമാനത്തിന്റെ കാര്യത്തില്‍ വാള്‍മാര്‍ട്ട്, ക്യാരിഫര്‍, ടെസ്‌കോ എന്നിവയ്ക്ക് പിന്നില്‍ ലോകത്തില്‍ നാലാം സ്ഥാനത്തുള്ള മെട്രോ എ.ജി 1964ല്‍ ഓട്ടോ ബിഷിം ആണ് സ്ഥാപിച്ചത്.

ഏഷ്യ, യൂറോപ്പ്, ഉത്തര അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 14 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെസ്‌കോവിന്റെ ആസ്ഥാനം ബ്രിട്ടനാണ്. 1919ല്‍ സര്‍ ജാക്ക് കൊഹന്‍ ഏതാനും സ്റ്റാളുകളുടെ ശൃംഖലയായി തുടക്കം കുറിച്ച ഈ സ്ഥാപനം കാലക്രമേണ ആഗോള റീട്ടയില്‍ ഭീമനായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ബ്രിട്ടന്‍, അയര്‍ലന്റ്, തായ്‌ലന്റ്, മലേഷ്യ എന്നിവിടങ്ങളില്‍ വിപണിയില്‍ ഇവര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 1929 ല്‍ മിഡില്‍സെക്‌സില്‍ ആദ്യ സ്റ്റോര്‍ തുറന്ന ടെസ്‌കോ പത്തുവര്‍ഷത്തിനകം സ്‌റ്റോറുകളുടെ എണ്ണം നൂറെണ്ണത്തിലെത്തിച്ചു. ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്‌കോവാണ് തുണി, പുസ്തകങ്ങള്‍, ഫര്‍ണീച്ചര്‍, ഇലക്ട്രോണിക്‌സ്, സോഫ്റ്റ്‌വേര്‍, പെട്രോള്‍, ധനകാര്യ സേവനം. ടെലികോം, ഇന്റര്‍നെറ്റ് സേവനം എന്നീ മേഖലകളില്‍ റീട്ടെയില്‍ സേവനത്തിന് തുടക്കം കുറിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

വൂളീസ് എന്ന ഓമനപ്പേരില്‍ എറിയപ്പെടുന്ന ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള വൂള്‍വര്‍ത്ത്‌സ് ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും കുത്തക കമ്പനിയാണെന്നു പറയാം. അവിടെ വരുമാനത്തിന്റെ കാര്യത്തിലും വിപണി വിഹിതത്തിലും ഇവര്‍ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. 1,88,000 ജീവനക്കാരുള്ള വൂള്‍വര്‍ത്ത്‌സ് ഭക്ഷണ വില്‍പനയിലും ഓസ്‌ട്രേലിയയില്‍ ഒന്നാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡില്‍ രണ്ടാം സ്ഥാനത്തും. മദ്യ റീട്ടെയില്‍ വില്‍പനയിലും ഓസ്‌ട്രേലിയയില്‍ ഒന്നാം സ്ഥാനത്തുള്ള ഇവര്‍ ഹോട്ടല്‍ രംഗത്തും മുന്‍പന്തിയിലാണ്. 'ഫ്രഷ് ഫുഡ് പീപ്പിള്‍' എന്നാണ് ഇവര്‍ അവിടെ അറിയപ്പെടുന്നത് തന്നെ.

1867 ല്‍ സ്ഥാപിച്ച ബെല്‍ജിയത്തിലെ ഡെല്‍ഹൈസ് പ്രധാനമായും ഭക്ഷോത്പന്നങ്ങളുടെ ചില്ലറ വില്‍പനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മൂന്ന് ഭൂഖണ്ഡങ്ങളിലെ എട്ടുരാജ്യങ്ങളില്‍ ഫുഡ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തുന്ന ഡെല്‍ഹൈസില്‍ 1,40,000 ജീവനക്കാരാണുള്ളത്. മൊത്തം 2,705 സ്റ്റോറുകള്‍. 2007 ല്‍ പക്ഷേ കമ്പനി ചെക്ക് രാജ്യത്തെ 97 സൂപ്പര്‍ മാര്‍ക്കറ്റുകളും വിറ്റ് പിന്മാറുകയുണ്ടായി. അവിടെ 16 വര്‍ഷം പ്രവര്‍ത്തിച്ചശേഷമായിരുന്നു ഈ നടപടി.

എം.ആന്‍ഡ് എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ 40 ലേറെ രാജ്യങ്ങളിലായി ആയിരത്തിലേറെ സ്റ്റോറുകള്‍ നടത്തിവരുന്നുണ്ടെങ്കിലും ഇതില്‍ 700 എണ്ണവും സ്വദേശമായ ബ്രിട്ടനില്‍ തന്നെ. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആസ്ഥാനമായുള്ള ഈ കമ്പനി തുണി, ആഡംബര ഭക്ഷണം എന്നിവയിലാണ് ശ്രദ്ധയൂന്നുന്നത്. 1884ല്‍ മൈക്കേല്‍ മാര്‍ക്‌സും തോമസ് സ്‌പെന്‍സറും ലീഡ്‌സില്‍ തുടക്കംകുറിച്ച ഈ സംരംഭത്തിന് മറ്റൊരു ഖ്യാതി കൂടിയുണ്ട്. ബ്രിട്ടനിലെ റീട്ടെയില്‍ കമ്പനികളില്‍ ശതകോടി പൗണ്ടിലേറെ പ്രവര്‍ത്തന ലാഭമുണ്ടാക്കിയ പ്രഥമ കമ്പനിയാണിത്.

ഡെന്മാര്‍ക്കിലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും ചില്ലറ വില്‍പന നടത്തുന്ന ഡാനിഷ് സൂപ്പര്‍ മാര്‍ക്കറ്റ് ലിമിറ്റഡ് ഒട്ടേറെ സ്റ്റോര്‍ ശൃംഖലകളുടെ ഒരു കോര്‍പ്പറേഷനാണ്. ഡാന്‍സ് സൂപ്പര്‍മാര്‍ക്ക്ഡ് എന്ന പേരിലും അറിയപ്പെടുന്ന ഇത് 1906 ല്‍ ഫെര്‍ഡിനാന്‍ഡ് സാലിങ് ആണ് സ്ഥാപിച്ചത്. സാലിങ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ എന്നായിരുന്നു ആദ്യകാല നാമധേയം. ബില്‍ക എന്ന പേരിലുള്ള ഇവരുടെ പ്രഥമ ഡിസ്‌കൗണ്ട് സ്റ്റോര്‍ 1970ല്‍ തുറന്നതോടെ ഡെന്മാര്‍ക്കുകാര്‍ക്ക് അതൊരു പുതിയ അനുഭവമായി. അരലക്ഷം പേരാണ് ഉദ്ഘാടന ദിവസം തന്നെ സ്റ്റോറിലെത്തിയത്.

ഇന്ത്യയിലെ സഹകരണ മേഖലയ്ക്ക് ആവേശം പകരാന്‍ ഫിന്‍ലാന്‍ഡില്‍ നിന്ന് ഒരു റീട്ടെയില്‍ ശൃംഖലയുണ്ട്. 1904 ല്‍ സ്ഥാപിതമായ എസ് ഗ്രൂപ്പ് ഫിന്‍ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 22 മേഖലാ സഹകരണ സംഘങ്ങളുടേയും 13 പ്രാദേശിക സഹകരണ പ്രസ്ഥാനങ്ങളുടേയും അപക്‌സ് സ്ഥാപനമാണെന്ന് പറയാം. കാര്‍ വില്‍പനയും സര്‍വീസ് സ്റ്റേഷനും വരെ ഇവര്‍ നടത്തുന്നുണ്ടെന്നതാണ് എടുത്തുപറയേണ്ട വസ്തുത. ഇരുപത് ലക്ഷം അംഗങ്ങളാണ് ഇവരുടെ ആസ്തി.

പാന്റലൂണ്‍ റീട്ടെയിലാണ് ഇന്ത്യയില്‍ നിന്ന് ഈ ലിസ്റ്റിലെത്തുന്ന ചില്ലറ വില്‍പന ശൃംഖല. ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇവര്‍ക്ക് രാജ്യത്തെ 71 നഗരങ്ങളിലായി ആയിരത്തിലേറെ സ്റ്റോറുകളും 30,000 ലേറെ ജീവനക്കാരുമാണുള്ളത്. മുംബൈ ആസ്ഥാനമായ ഇവര്‍ക്ക് ഫാഷന്‍ ഔട്ട്‌ലെറ്റുകളുടെ ചെയിനായ പാന്റലൂണ്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ബിഗ്ബസാര്‍, സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഫുഡ് ബസാര്‍ എന്നിവയാണ് ആകര്‍ഷണം പകരുന്നത്. ഡിപ്പോ, ഷൂ ഫാക്ടറി, ബ്രാന്‍ഡ് ഫാക്ടറി തുടങ്ങിയ പ്രാദേശിക ബ്രാന്‍ഡുകളും ഇവര്‍ക്ക് സ്വന്തമായുണ്ട്.

Tags: Top 10 retailers in the World
»  News in this Section