താജ് മഹല്‍ ഇനി ദുബായിലും

Posted on: 09 Oct 2012ദുബായ്: അനശ്വര പ്രണയത്തിന്റെ പ്രതീകമായി മാറിയ ഇന്ത്യയിലെ താജ്മഹലിന്റെ മാതൃകയില്‍ ദുബായില്‍ താജ് അറേബ്യ ഒരുങ്ങുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളും ഷോപ്പിങ് മാളുകളും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളുമൊക്കെ അടങ്ങുന്നതാണ് പദ്ധതി. ദുബായ് നഗരത്തെ അന്താരാഷ്ട്ര വെഡ്ഡിങ് ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യം.

യഥാര്‍ത്ഥ താജ്മഹലിനെക്കാള്‍ നാലിരട്ടി വലിപ്പത്തിലാണ് ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ താജ് അറേബ്യ നിര്‍മിക്കുന്നത്. ഏതാണ്ട് 5,200 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. ഫാല്‍ക്കണ്‍ സിറ്റി ഓഫ് വണ്ടേഴ്‌സ് എന്ന പേരില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലാണ് താജ് അറേബ്യയും ഒരുങ്ങുന്നത്.

താജ്മഹലിന് പുറമെ ഈഫല്‍ ഗോപുരം, പിസാ ഗോപുരം, ഈജിപ്ഷ്യന്‍ പിരമിഡ്, ചൈനീസ് വന്‍മതില്‍ തുടങ്ങിയ ലോകാത്ഭുതങ്ങളുടെ മാതൃകകളും ഫാല്‍ക്കണ്‍ സിറ്റി ഓഫ് വണ്ടേഴ്‌സില്‍ ഉണ്ടാവും. ഏതാണ്ട് നാലു കോടി ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഫാല്‍ക്കണ്‍ സിറ്റി നിര്‍മിക്കുന്നത്.

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിനായി 22 വര്‍ഷം കൊണ്ടാണ് യഥാര്‍ത്ഥ താജ്മഹല്‍ പണിതത്. എന്നാല്‍ വെറും രണ്ടു വര്‍ഷം കൊണ്ടുതന്നെ താജ് അറേബ്യ പൂര്‍ത്തിയാകും. ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ലിങ്ക് ഗ്ലോബല്‍ ഗ്രൂപ്പാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. 300 മുറകളുള്ള പഞ്ചനക്ഷത്ര ഹോട്ടലായിരിക്കും താജ് അറേബ്യ. അത്യാഢംബര വിവാഹങ്ങള്‍ നടത്താനായുള്ള വമ്പന്‍ ഹാളുകളും ഇതിലുണ്ടാവും.
Tags: Taj Arabia-Dubai to build Taj Mahal replica
»  News in this Section