മാന്ദ്യം ഓഫറുകള്‍ വെട്ടിക്കുറയ്ക്കുന്നു

Posted on: 02 Nov 2012ന്യൂഡല്‍ഹി: ദീപാവലിയ്ക്ക് സമ്മാന ഓഫറുകളുമായാണ് മിക്ക കമ്പനികളും ഉപഭോക്താക്കളെ വരവേല്‍ക്കാറ്. എന്നാല്‍, സാമ്പത്തിക രംഗത്തെ അനിശ്ചിതത്ത്വം ഇത്തവണ കമ്പനികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. നിര്‍മാണ ചെലവ് വര്‍ധിക്കുന്നതും മാര്‍ജിന്‍ കുറയുന്നതും സമ്മാന ബജറ്റ് 50 ശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുകയാണെന്ന് അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചാം) പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.

150ഓളം കമ്പനികളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ 30ഓളം കമ്പനികള്‍ സമ്മാന പാക്കേജുകള്‍ മുഴുവനായി ഒഴിവാക്കാന്‍ തീരുമാനിച്ചതായി വ്യക്തമായി. അഹമദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്ക്‌നൗ, മുംബൈ, പൂണെ എന്നീ നഗരങ്ങളിലാണ് സര്‍വേ നടത്തിയത്.

ഇന്ത്യയില്‍ ഒട്ടാകെ കൊണ്ടാടുന്ന ഉത്സവമായ ദീപാവലിയ്ക്കാണ് ഏറെ കമ്പനികളും വിപണനം ശക്തമാക്കുന്നതിനായി ഓഫറുകളുമായി മുന്നോട്ട് വരാറ്. 2009ല്‍ സമ്മാന ഓഫറുകള്‍ക്ക് മാത്രമായി കമ്പനികള്‍ ചെലവിട്ടത് 2000 കോടി രൂപയായിരുന്നു. 2010ഓടെ ഇത് 60 ശതമാനം ഉയര്‍ന്ന് 3200 കോടി രൂപയിലുമെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ഇനത്തിലുള്ള ചെലവ് 2,400 കോടി രൂപ മാത്രമായിരുന്നു. നടപ്പു വര്‍ഷം ഇത് 1,200 കോടി രൂപയായി കുറയുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. മിക്ക കമ്പനികളും ഉത്സവകാല ചെലവ് 45-50 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചെലവ് കൂട്ടാന്‍ മടിയുണ്ടായിട്ടും ഒരു കീഴ്‌വഴക്കമെന്ന നിലയിലാണ് പല കമ്പനികളും ഓഫറുകള്‍ മുന്നോട്ട് വെയ്ക്കുന്നത്.

ജീവനക്കാര്‍ക്കായി സാധാരണ നടത്താറുള്ള ദീപാവലി പാര്‍ട്ടികളും നടത്തുന്നതില്‍ നിന്ന് ചില കമ്പനികളെങ്കിലും പിന്‍മാറിയിട്ടുമുണ്ട്. ജീവനക്കാര്‍ക്ക് ഉത്സവകാല ബോണസുകളും ഇവര്‍ നല്‍കാന്‍ തയ്യാറല്ല. മോശം ബിസിനസ് പെര്‍ഫോമനന്‍സ് തന്നെയാണ് ഇതിന്റെയെല്ലാം പിന്നില്‍.

Tags: Slowdown forcing companies to cut Diwali gift budgets
»  News in this Section