സുബ്ബറാവു@കൊച്ചി

Posted on: 23 Nov 2012


ആര്‍ .റോഷന്‍കലൂരിന്റെ ആകാശത്ത് വെളിച്ചം പരക്കുന്നതേയുണ്ടായിരുന്നുള്ളു. തിരക്കുകള്‍ തിളച്ചുതുടങ്ങാന്‍ ഇനിയും മണിക്കൂറുകളെടുക്കും. ലിസി ജങ്ഷനു സമീപമുള്ള റിസര്‍വ് ബാങ്ക് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇന്ത്യയുടെ സെന്‍ട്രല്‍ ബാങ്കായ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ ഡി.സുബ്ബറാവു പ്രഭാതസവാരിക്കിറങ്ങി. കൂട്ടിന് റിസര്‍വ് ബാങ്കിന്റെ ഏതാനും ഉദ്യോഗസ്ഥരുമുണ്ട്. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ബാങ്കിങ് ജില്ലയായ എറണാകുളത്തിന്റെ പ്രഭാതക്കാഴ്ചകള്‍ കണ്ടുകൊണ്ടായിരുന്നു നടത്തം. പലിശ നിരക്കുകള്‍ കുറയ്ക്കുന്നതു സംബന്ധിച്ച് ധനമന്ത്രി പി.ചിദംബരവുമായുള്ള അഭിപ്രായവ്യത്യാസങ്ങളോ പണപ്പെരുപ്പത്തെകുറിച്ചുള്ള ആശങ്കകളോ തത്ക്കാലം തലയിലില്ല.

കലൂര്‍ ജങ്ഷനിലെത്തിയതോടെ അദ്ദേഹം കുറേ അന്യസംസ്ഥാന തൊഴിലാളികളെക്കണ്ടു. തന്റെ നാടായ ആന്ധ്രയില്‍ നിന്നുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരോട് അദ്ദേഹം തെലുങ്കില്‍ ക്ഷേമാന്വേഷണം നടത്തി. എന്തൊക്കെ ജോലി ചെയ്യുമെന്നും നാട്ടില്‍ എവിടെയാണ് വീടെന്നുമൊക്കെ അവരോട് ചോദിച്ചു. 'ദിവസം എത്ര രൂപ കൂലി ലഭിക്കും?' അദ്ദേഹം അന്വേഷിച്ചു. 550 രൂപ കിട്ടുമെന്ന് അവര്‍ മറുപടി പറഞ്ഞു.

അവരുടെ സംഭാഷണം ഇങ്ങനെ തുടര്‍ന്നു:
സുബ്ബറാവു: 'നാട്ടിലേക്ക് പണം അയയ്ക്കാറില്ലേ?'
അന്യസംസ്ഥാന തൊഴിലാളികള്‍: എല്ലാ ആഴ്ചയും അയയ്ക്കുന്നുണ്ട്.
സുബ്ബറാവു: 'എങ്ങനെയാണ് പണം അയയ്ക്കുന്നത്?
'എടിഎം വഴി അയയ്ക്കും',

അവരുടെ മറുപടി കേട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഞെട്ടി. ആ ഞെട്ടലില്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഭാവങ്ങളായിരുന്നു കൂടുതല്‍. ഇതാണ് ശരിയായ സാമ്പത്തിക ഉള്‍പ്പെടുത്തലെന്ന് അദ്ദേഹം ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോടായി പറഞ്ഞു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുറന്നതു കൊണ്ടുമാത്രമായില്ല; അതു ഫലപ്രദമായി ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കണം. പണക്കാര്‍ക്ക് ഒരുപാട് പണമുണ്ട്. അതിനാല്‍ അവര്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമെന്ന് പൊതുവായി ഒരു ധാരണയുണ്ട്. അതു ശരിയല്ല. പാവപ്പെട്ടവര്‍ക്കാണ് ബാങ്ക് അക്കൗണ്ട് ശരിക്കും വേണ്ടത്. എന്തെങ്കിലുമൊരു അസുഖം വരുമ്പോള്‍, അല്ലെങ്കില്‍ നിലവിലുള്ള ജോലി നഷ്ടപ്പെടുമ്പോഴൊക്കെ പണം വേണം. ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ പണമുണ്ടാവുമ്പോള്‍ അതു കരുതിവെയ്ക്കാനും പിന്നീട് ആവശ്യം വരുമ്പോള്‍ എടുത്ത് ഉപയോഗിക്കാനും കഴിയും - ആര്‍ബിഐ ഗവര്‍ണര്‍ വാചാലനായി.

40 മിനിട്ടോളം നടന്നശേഷം ആര്‍ബിഐ ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തി. കേരളം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണെന്നും തന്റെ ഭാര്യ ഇവിടെയാണ് പഠിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ മെക്‌സിക്കോയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെയുള്ള പലരും ഇന്ത്യയില്‍ വരണമെന്നും കേരളം കാണണമെന്നും താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയാണ് കേരളമെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്. കേരളത്തിലെ കുടുംബശ്രീ, സാമൂഹ്യക്ഷേമ മേഖലയിലെ മികച്ച മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച കൊച്ചിയില്‍ കലൂര്‍ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ബാങ്കിങ് ജില്ലയായി എറണാകുളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകീട്ടോടെ സുബ്ബറാവു കുമരകത്തേക്ക് പോയി. റിസര്‍വ് ബാങ്കിന്റെ ഉന്നതതല യോഗം വെള്ളിയാഴ്ച അവിടെയാണ് നടക്കുക.

Tags: RBI Governor Duvvuri Subbarao visits Kochi
»  News in this Section