ഗിഫ്റ്റ് കാര്‍ഡുകളില്‍ പ്രതീക്ഷയര്‍പ്പിച്ച്

Posted on: 20 Oct 2012വിദേശ നിക്ഷേപം റീടെയില്‍ രംഗത്തെ എങ്ങനെ പരിഷ്‌ക്കരിക്കുമെന്നത് സംബന്ധിച്ചായിരുന്നു മേഖലയില്‍ ഇതുവരെയുള്ള ചര്‍ച്ച. എന്നാല്‍ അല്‍പ്പകാലത്തേക്കെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കൊക്കെ അവധി നല്‍കുകയാണ് റീടെയില്‍ വിപണി. ഉത്സവ കാലമെത്തി. ഇനി വേണ്ടത് വില്‍പനയാണെന്ന് ഇവര്‍ക്ക് നന്നായി അറിയാം. എങ്ങനെ വില്‍പന ഉയര്‍ത്താമെന്നതിലേക്ക് കമ്പനികളുടെ ശ്രദ്ധ മാറിയിരിക്കുന്നു. ഉപഭോക്താവിനെ എങ്ങനെ ആകര്‍ഷിക്കാം എന്നുള്ള ചിന്ത ഈ വര്‍ഷവും എത്തി നില്‍കുന്നത് ഗിഫ്റ്റ് കാര്‍ഡുകളില്‍ തന്നെയാണ്.

റീടെയില്‍ രംഗത്ത് ഈ വര്‍ഷവും ഗിഫ്റ്റ് കാര്‍ഡുകള്‍ തംരംഗമാവുമെന്ന് പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. ദീപാവലി അടുത്തതോടെ ഉത്സവകാല വില്‍പനയില്‍ വലിയൊരു കുതിച്ചു ചാട്ടവും ഗിഫ്റ്റ് കാര്‍ഡുകളിലൂടെ ഇവര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 1800 കോടി രൂപയുടെ ഷോപ്പിങ് നടന്നതായാണ് കണക്കുകള്‍. ഈ വര്‍ഷവും ഇത് വര്‍ധിക്കുമെന്നല്ലാതെ കുറയില്ലെന്ന പ്രതീക്ഷയിലാണ് റീടെയില്‍ വ്യാപാരികള്‍. ഇതുവരെ ഇഷ്യൂ ചെയ്ത ഗിഫ്റ്റ് കാര്‍ഡുകളുടെ എണ്ണം 27 ലക്ഷം കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഗിഫ്റ്റ് കാര്‍ഡുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന 145 ശതമാനമാണെന്നും ഈ മേഖലയെക്കുറിച്ച് പഠിക്കുന്ന ക്വിക്ക് ക്ലിവര്‍ എന്ന സ്ഥാപനം വ്യക്തമാക്കുന്നു.

പ്രിയപ്പെട്ടവുരുടെ പിറന്നാളിനും മറ്റ് ആഘോഷവേളകളിലുമാണ് ഉപഭോക്താക്കള്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ ഏറെ ഉപയോഗിക്കുക. തിരക്കിട്ട ജീവിതത്തിനിടയില്‍ ചെറുസമ്മാനങ്ങള്‍ക്കും മറ്റും ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇന്ന് പുതിയ കാര്യമല്ല. ഗിഫ്റ്റ് കാര്‍ഡുകളുമായി ഷോപ്പിങ്ങിനെത്തുന്ന ഉപഭോക്താക്കള്‍ പലപ്പോഴും കാര്‍ഡിന്റെ മൂല്യത്തിന് പുറമെ സാധനങ്ങള്‍ വാങ്ങുക കൂടി ചെയ്യുമ്പോള്‍ റീടെയില്‍ വ്യാപാരികള്‍ക്കും സന്തോഷം. പലപ്പോഴും ഗിഫ്റ്റ് കാര്‍ഡിന്റെ മൂല്യത്തിന് 70 ശതമാനം അധികം തുകയ്ക്ക് ഉപഭോക്താക്കള്‍ ഷോപ്പിങ് നടത്താറുണ്ടെന്നാണ് ഇതുവരെയുള്ള അനുഭവമെന്നും ഇവര്‍ പറയുന്നു. ഒരു കാര്‍ഡ് ഉപയോഗിച്ച് ശരാശരി 1400 രൂപയ്ക്ക് ഷോപ്പിങ് നടക്കാറുണ്ട്. പ്രീമിയം ബ്രാന്‍ഡുകളാണ് വാങ്ങുന്നതെങ്കില്‍ ശരാശരി 3,300 രൂപയ്ക്കുള്ള ഷോപ്പിങും നടക്കും. ടിയര്‍ വണ്‍ ടിയര്‍ ടു നഗരങ്ങളിലാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് ഡിമാന്‍ഡ് ഏറെയും.

ആഗോള വിപണയിലും മിക്ക വന്‍കിട ബ്രാന്‍ഡുകളും വില്‍പന ഉയര്‍ത്താന്‍ ഉപയോഗിക്കുന്നത് ഗിഫ്റ്റ് കാര്‍ഡുകള്‍ തന്നെയാണ്. ഇലക്ട്രോണ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുന്നത് മുതല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ കാണാന്‍ വരെ ഇന്ന് ആളുകള്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുവെന്നത് വിപണിയുടെ മാറുന്ന അഭിരുചികള്‍ക്ക് ഉത്തമ ഉദാഹരണമാണ്.

Tags: Gift a gift card for your friends birthday
»  News in this Section