മണി ഗെയിം

Posted on: 30 Jun 2012


സന്ദീപ് സുധാകര്‍



പ്ലസ് ടൂവിന് നല്ലമാര്‍ക്ക് വാങ്ങിയതിന് സമ്മാനമായി വാങ്ങികൊടുത്തത് ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍. പക്ഷെ പിന്നീടാണത് വേണ്ടിയിരുന്നില്ലെന്ന് മനസ്സിലായത്. ഇപ്പോള്‍ ഏതു സമയവും കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ. ഗെയിം കളിച്ച് കളിച്ച് അവന്‍ ഭാവി തുലക്കുമോ എന്നതാണ് ഇപ്പോഴത്തെ പേടി. കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ അച്ഛനമ്മമാരിലേറെയും ഇന്ന് പറയുന്ന പരാതിയാണിത്. പറയുന്നതില്‍ കാര്യമില്ലെന്നല്ല. എന്തുകാര്യവും അമിതമാവുന്നത് നല്ലതല്ലെന്നതും സത്യം. പക്ഷെ കമ്പ്യൂട്ടര്‍ ഗെയിം നിങ്ങളുടെ മകനോ മകള്‍ക്കോ ഒരു തൊഴിലവസരമാണ് നല്‍കുന്നതെങ്കിലോ?


മൊബൈല്‍ഫോണിലും വീഡിയോ ഗെയിമുകള്‍ വ്യാപകമായതോടെ പുതിയ മേഖലയിലൊരുങ്ങുന്നത് കണഞ്ചിപ്പിക്കുന്ന തൊഴില്‍ സാധ്യതകളാണ്. പ്രതിമാസം 15,000ത്തില്‍ കൂടുതല്‍ ശമ്പളം നേടിത്തരുന്ന മേഖലയായി വളര്‍ന്നിരിക്കുകയാണ് കമ്പ്യൂട്ടര്‍ ഗെയിം ടെസ്റ്റിങ്. ഗെയിം സോഫ്റ്റ്‌വെയറുകളിലുള്ള സാങ്കേതിക തകരാറുകളടക്കം ഗെയിമിന്റെ ഗ്രാഫിക്‌സിലും മറ്റുമുള്ള പാകപ്പിഴകള്‍ വിശകലനം ചെയ്യുന്ന ജോലിയാണിതെന്നും പറയാം. നേരത്തെ കമ്പ്യൂട്ടര്‍ ഗെയിം കമ്പനികളില്‍ ഒന്നോ രണ്ടോ ടെസ്റ്റര്‍മാര്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും നല്‍കുന്ന സൗകര്യങ്ങള്‍ വീഡിയോ ഗെയിമുകള്‍ക്ക് പ്രചാരം വര്‍ധിപ്പിച്ചതോടെ ഈ മേഖല വലിയ തൊഴിലവസരങ്ങളാണ് വാഗ്ധാനം ചെയ്യുന്നത്.

കമ്പ്യൂട്ടര്‍ ഗെയിം ടെസ്റ്റിങ് മേഖലയില്‍ ഇന്ത്യയില്‍ തന്നെ ഇന്ന് ഒട്ടനവധി കമ്പനികളുണ്ട്. ചിലരൊക്കെ ഫ്രീലാന്‍സായും ഗെയിം ടെസ്റ്റിങ്ങിലൂടെ നല്ല വരുമാനമുണ്ടാക്കുന്നു. എന്നാല്‍, ആകെ വേണ്ടത് എട്ടോ-പത്തോ മണിക്കൂര്‍ മടുക്കാതെ ഗെയിം കളിക്കാനുള്ള താത്പര്യം മാത്രമാണെന്ന് കരുതരുത്. പ്രത്യേക സോഫ്റ്റ് വെയറുകളൊന്നുമില്ലെങ്കിലും അടിസ്ഥാനപരമായി ഒരു സോഫ്റ്റ്‌വെയര്‍ ടെസ്റ്റ് ചെയ്യാനുള്ള അഭിരുചി ഇവര്‍ക്ക് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഗെയിം ടെസ്റ്ററായി ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് സോഫ്റ്റ് വെയര്‍ ടെസ്റ്റിങില്‍ പ്രവര്‍ത്തി പരിചയമുണ്ടെങ്കില്‍ അതിന് മുന്‍ഗണന നല്‍കാറുണ്ടെന്ന് കൊച്ചിയിലെ കമ്പ്യൂട്ടര്‍ ഗെയിം ഡിസൈനിങ് കമ്പനിയായ ചയാവൂ ഗെയിംസിന്റെ ചീഫ് ടെക്ക്‌നിക്കല്‍ ഓഫീസറായ ഹരീഷ് ഹര്‍ഷന്‍ പറയുന്നു.

ചയാവൂവിലെ ഗെയിം ടെസ്റ്റിങ് വിഭാഗത്തില്‍ ഒട്ടനവധിപേര്‍ ജോലി ചെയ്യുന്നുണ്ട്. തുടക്കാര്‍ക്ക് 10,000ത്തിന് മുകളില്‍ ശമ്പളം എന്തായാലും ഈ മേഖലയില്‍ ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പല എഞ്ചിനിയറിങ് കോളേജില്‍ നിന്നും ക്യാമ്പസ് പ്ലേസ്‌മെന്റ് വരെ ലഭിച്ചവര്‍ ഇവിടെയുണ്ടെന്ന് പറയുമ്പോള്‍ ഈ മേഖലയുടെ സാധ്യത മനസ്സിലാക്കാം. മോഡല്‍ എഞ്ചിനയിറിങ് കോളേജില്‍ നിന്നും ഫിസാറ്റില്‍ നിന്നുമൊക്കെയുള്ള മിടുക്കര്‍ ഇവിടയുണ്ട്.

2007-2008ല്‍ കമ്പനി തുടങ്ങുമ്പോള്‍ ഇവിടെയുണ്ടായിരുന്നത് 20 ജീവനക്കാര്‍ മാത്രമായിരുന്നുവെങ്കില്‍ 2012ല്‍ ഇത് 100 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ ആഗോള തലത്തില്‍ കമ്പ്യൂട്ടര്‍ ഗെയിം വിപണി കൈവരിച്ച വളര്‍ച്ച തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിലെ ഫാംവില്ലെ പോലുള്ള കളികളും സാന്‍ഫ്രാന്‍സിസ്‌ക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചയാവൂ ഡിസൈന്‍ ചെയ്യുന്നുണ്ട്.

ഈ മേഖലയില്‍ തന്നെ തുടരുന്നവര്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ തൊഴില്‍പരമായി കാര്യമായ നേട്ടമുണ്ടാവതിരിക്കരുതെന്നും ചയാവൂവിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് ഗെയിം ടെസ്റ്ററായി പ്രവര്‍ത്തനം തുടങ്ങുന്നവര്‍ക്ക് അവശ്യം വൈദഗ്ധ്യമായിക്കഴിഞ്ഞുവെന്ന് കണ്ടാല്‍ ഇവരെ ഗെയിം പ്രൊഡ്യൂസര്‍മാരായി ഉയര്‍ത്തുകയാണ് പതിവ്. ഒരു ഗെയിം ടെസ്റ്ററില്‍ നിന്ന് വളരെ ഉയരത്തിലാണ് ഗെയിം പ്രൊഡ്യൂസറുടെ സ്ഥാനം. യഥാര്‍ത്ഥത്തില്‍ നിര്‍മിക്കുന്നത് ഒരു സിനിമ തന്നെയാണെന്നും പറയാം. ഹെറിറ്റിക്ക്, മമ്മി മുതലായ ഗെയിമുകളിലെ കഥാപാത്രങ്ങളുടെയും മറ്റും ചിത്രീകരണം അല്‍പ്പമൊന്നു പാളിയാല്‍ അതില്‍ കൃത്രിമത്വം നിഴലിക്കും.

ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തന്നെ സോഫ്റ്റ് വെയര്‍പരമായും മറ്റും തെറ്റുകളുണ്ടെങ്കില്‍ ഒരു ഉപഭോക്താവ് പിന്നീട് അത്തരമൊരു ഗെയിം ഒരിക്കലും ഡൗണ്‍ലോഡ് ചെയ്‌തെന്ന് വരില്ല. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കാര്യത്തിലും ഫസ്റ്റ് ഇംപ്രഷന്‍ ഇസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്നത് തന്നെയാണ് മാര്‍ക്കറ്റിങ് സ്ട്രാറ്റജി.

ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഗെയിം വിപണി 300 കോടി രൂപയുടേതാണെന്നാണ് 2011ല്‍ പ്രമുഖ സാമ്പത്തിക സേവനക്കമ്പനിയായ സ്ഥാപനമായ കെ.പി.എം.ജി നടത്തിയ പഠനം വ്യക്തമാക്കുന്നത്.

വാര്‍ഷിക അടിസ്ഥാനത്തില്‍ 45 ശതമാനമാണ് ഈ മേഖലയുടെ വളര്‍ച്ച. 2015ഒടെ വിപണി 1500 കോടി രൂപയുടേതാവുമെന്നും കരുതുന്നു. മൊബൈല്‍ ഫോണുകള്‍ക്കും മറ്റുമുള്ള ആപ്ലിക്കേഷന്‍ നിര്‍മാണം ഇന്ത്യയിലും വ്യാപകമായതും ഈ മേഖലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. പക്ഷെ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുക രസകരമായതിനാല്‍ വളരെ എളുപ്പമുള്ള ജോലിയാണിതെന്നും തെറ്റിധരിക്കരുത്. അര്‍പ്പണബോധവും, ആത്മാര്‍ത്ഥയും സമയബന്ധിതമല്ലാതെ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയുമൊക്കെ ഈ മേഖലയിലും ആവശ്യമാണ്.

ഉദാഹരണത്തിന് പ്രമുഖ വീഡിയോ ഗെയിം നിര്‍മാതാക്കളായ ഇലക്ട്രോണിക് ആര്‍ട്ട്‌സിന്റെ ഫിഫ എന്ന ഗെയിം തന്നെയെടുക്കാം. ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന അവസരമാണെങ്കില്‍ ഫിഫയുടെ ഏറ്റവും പുതിയ പതിപ്പിനായി ഗൂഗിളില്‍ തിക്കും തിരക്കുമാണ് അനുഭവപ്പെടുക. ഇത്തരം അവസരങ്ങളില്‍ ഇ.എയുടെ ഗെയിം ടെസ്റ്റര്‍മാര്‍ ഒരുപക്ഷെ ചെലവിടുന്നത് എത്രയോ ഉറക്കമില്ലാത്ത രാത്രികളായിരിക്കും. ഇലക്ട്രോണിക് ആര്‍ട്ട്‌സ്, കോണമി പോലുള്ളവയാണ് ആഗോള തലത്തിലെ ചില പ്രമുഖ ഗെയിം നിര്‍മാതാക്കളെങ്കില്‍ ചയാവൂവിന് പുറമെ ഇന്ത്യാ ഗെയിംസ് സീഷാര്‍ക്‌സ് പോലുള്ള കമ്പനികളും ഇന്ത്യയില്‍ ളര്‍ച്ചയുടെ പാതയിലാണ്.


ഡാര്‍ക്ക് ഹില്‍സ് ഓഫ് ചെറായി


സുന്ദരമായ ചെറായി കടല്‍ത്തീരത്ത് ഒരു വൈകുന്നേരമെങ്കിലും ചിലവഴിക്കാത്ത കൊച്ചിക്കാര്‍ ചുരുക്കം. വിദേശികള്‍ക്കും ചെറായി കൊച്ചിയിലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാലിന്ന് കൊച്ചിയിലെത്തുന്ന ഒരു വിദേശി ചെറായിയിലെ നിഗൂഡമായ കുന്നുകളെവിടെയാണെന്ന് ചോദിച്ചാല്‍ അത്ഭുതപ്പെടേണ്ട. അയാള്‍ ഒരു കമ്പ്യൂട്ടര്‍ ഗെയിം സാവി(വിദഗ്ധന്‍)യായിരിക്കുമെന്ന് കരുതിയാല്‍ മതി. ചയാവൂവിന്റെ ഏറ്റവും ജപ്രീതി നേടിയ ഗെയിമാണ് ഡാര്‍ക്ക് ഹില്‍സ് ഓഫ് ചേറായി.

ഹിഡന്‍ ഒബ്ജക്ട് പസില്‍ അഡ്‌വെഞ്ചര്‍ ഗെയിമുകളില്‍ ചയാവൂവിന് സ്വന്തമായ ഒരു മേല്‍വിലാസം നല്‍കിയ ഗെയിമാണിത്. മറ്റുള്ള ഗെയിമുകളിലെല്ലാം പാശ്ചാത്യ രാജ്യങ്ങളിലെ പ്രദേശങ്ങളും അവിടുത്തെ സംസ്‌ക്കാരവുമാണ് പശ്ചാതലമെങ്കില്‍ ഈ ഗെയിം ചിത്രീകരിച്ചിരിക്കുന്നത് പൂര്‍ണമായും ഇന്ത്യന്‍ പശ്ചാതലത്തിലാണ്. ഇന്ത്യന്‍ സംസ്‌ക്കാരം സ്ഫുരിക്കുന്ന അമ്പലങ്ങളും കേരളത്തില്‍ നിന്ന് അന്യം നിന്നു പോകുന്ന പഴയ തറവാടുകളും മറ്റും ഈ ഗെയിമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സാധാരണ ഒരു കഥാപാത്രമാണ് ഗെയിമുകളില്‍ പതിവെങ്കില്‍ മുന്ന് സഹോദരന്‍മാര്‍ നിധി വേട്ടയ്ക്ക് പോകുന്നതാണ് ഡാര്‍ക് ഹില്‍സ് ഓഫ് ചെറായിയുടെ പശ്ചാത്തലം. യൂസര്‍ക്ക് ഒരോ കഥാപാത്രത്തെയും മാറിമാറിയെടുക്കാം. ഒരു കേരളാ ടച്ച് നല്‍കാന്‍ വേണ്ടി മാത്രമാണ് ഗെയിമിന് ഈ പേരിട്ടതെന്ന് ചയാവൂവിലെ ഗെയിം പ്രൊഡ്യൂസര്‍ സഞ്ചയ് പറയുന്നു. ഇത് ഗെയിമില്‍ അവസാനം കാണിക്കുന്ന ക്രെഡിറ്റ്‌സില്‍ ചേര്‍ത്തിട്ടുമുണ്ട്.

സാധാരണ ഗതിയില്‍ ഒരു ഗെയിമര്‍ക്ക് (ഗെയിം കളിക്കാരന്) 5 മുതല്‍ ആറ്മണിക്കൂര്‍ കൊണ്ട് കളിച്ചു തീര്‍ക്കാവുന്ന ഗെയിമാണിത്. 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി ഡീസൈന്‍ ചെയ്ത ഗെയിമെന്നും പറയാം. സാധാരണ പസില്‍ അഡ്വഞ്ചര്‍ ഗെയിമുകള്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വേണ്ടിയാണ് ഡിസൈന്‍ ചെയ്യുന്നത്. 13 മുതല്‍ 14 മണിക്കൂര്‍ വരെ നീളുന്ന പസില്‍ അഡ്വഞ്ചര്‍ ഗെയിമുകളുമുണ്ട്. പ്രമുഖ ഗെയിം റിവ്യൂ സൈറ്റായ ജെയിസ് ഗെയിംസ് 2011ല്‍ തിരഞ്ഞെടുത്ത മികച്ച അഞ്ചു ഗെയിമുകളില്‍ നാലാം സ്ഥാനത്തായിരുന്നു ഡാര്‍ക്ക് ഹില്‍സ് ഓഫ് ചെറായിയുടെ രണ്ടാം ഭാഗം. ഗെയിംസീബോ എന്ന സൈറ്റ് തിരഞ്ഞെടുത്ത ലിസ്റ്റില്‍ 20 ഗെയിമുകളിലൊന്നാവാനും ഈ ഗെയിമിന് കഴിഞ്ഞതായി സഞ്ചയ് പറയുന്നു.
Tags: Game testing promises jobs to game savvys
»  News in this Section
ഗ്രാം2615.00
പവന്‍20920.00
വെള്ളി
ഗ്രാം54.00