റാക്കില്‍ വിസ്മയം തീര്‍ത്ത് മുറെ

Posted on: 19 Nov 2012വീടുകളില്‍ പുസ്തക ഷെല്‍ഫായും പാത്രങ്ങള്‍ അടുക്കിവയ്ക്കാനുള്ള ഇടമായും ഉപയോഗിക്കുന്ന ഇരുമ്പുറാക്കുകള്‍ ഉപയോഗിച്ച് ഒരു കെട്ടിടം. കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാം. പക്ഷേ അത് സത്യമാകുകയാണ്. വിദേശത്തല്ല. നമ്മുടെ കൊച്ചിയില്‍.
സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളുടെ തലതൊട്ടപ്പനായ ഫ്രീമാന്‍ മുറേയാണ് ഇരുമ്പുറാക്കുകളില്‍ അത്ഭുതം പണിയുന്നത്. കളമശ്ശേരി കിന്‍ഫ്ര ഹൈടെക്ക് പാര്‍ക്കില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിനായി ലഭിച്ച സ്ഥലത്ത് ഉയരുന്ന സ്റ്റാര്‍ട്ട് അപ്പ് സ്‌കൂള്‍ പൂര്‍ണ്ണമായും ഇത്തരം റാക്കുകളിലാകും. ആവശ്യമായ റാക്കുകളുടെ ആദ്യ ലോഡ് ചെന്നൈയിലെത്തിച്ചുകഴിഞ്ഞു. കേരളത്തിലാദ്യമായാണ് ഇത്തരമൊരു കെട്ടിടം.10000 സ്‌ക്വയര്‍ഫീറ്റിനും 12000 സ്‌ക്വയര്‍ഫീറ്റിനുമിടയിലായിരിക്കും കെട്ടിടത്തിന്റെ വിസ്തീര്‍ണം.


ക്ലാസ്സ്മുറികള്‍, ലാബ്, കഫറ്റേരിയ, ഡോര്‍മിറ്ററി എന്നിവ ഇവയിലുണ്ടാകും. 15ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. നാലുനിലകളാകും സ്റ്റാര്‍ട്ട് അപ്പ് സ്‌കൂളിനുണ്ടാകുക. ഓരോന്നിനും എട്ടടിയാണ് ഉയരം. മൂന്നടി നീളമുള്ള കോണ്‍ക്രീറ്റ് സ്ലാബുകളിലാണ് അടിത്തറ. തറയും മേല്‍ക്കൂരയും അലൂമിനിയവും പ്ലൈവുഡും ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ലോഹം കൊണ്ടോ ചെളികൊണ്ടോ ആയിരിക്കും ഭിത്തികള്‍.

വിവരസാങ്കേതികതയുടെ താഴ്‌വരയായ സിലിക്കണ്‍വാലിയില്‍നിന്നുള്ള ഫ്രീമാന്‍ മുറേ ഇരുമ്പുറാക്കുകളില്‍ വിസ്മയക്കൂടാരങ്ങള്‍ ഉയര്‍ത്തുന്നത് ആദ്യമല്ല. ബാംഗ്ലൂരിലെ ജാഗ എന്ന കലാകേന്ദ്രത്തില്‍ മുറേ റാക് ട്രിക്കാണ് പ്രയോഗിച്ചത്. ലോകമെങ്ങുമുള്ള കലാകാരന്മാര്‍ക്ക് ഒത്തുകൂടാനൊരിടം എന്ന നിലയ്ക്കാണ് ജാഗ രൂപകല്പന ചെയ്തത്.


വിദേശത്ത് റാക്കുകള്‍ ഉപയോഗിച്ച് കെട്ടിടനിര്‍മാണം പതിവാണ്. അമേരിക്കയിലെ ലോസ് ആഞ്ജലിസിലും നേവദ മരുഭൂമിയിലും ഇത്തരം കെട്ടിടങ്ങള്‍ നേരത്തേതന്നെ നിര്‍മിച്ചിട്ടുണ്ട്. റാക്കുകളുപയോഗിച്ചുള്ള കെട്ടിടനിര്‍മാണം തന്റെ ആശയമല്ലെന്ന് മുറേ പറയുന്നു. 'വെയര്‍ഹൗസുകളും ഗോഡൗണുകളും റാക്കുകളുപയോഗിച്ച് നിര്‍മിക്കുന്ന രീതി പണ്ടേയുണ്ട്. എന്റെ പരീക്ഷണം അതുപയോഗിച്ച് താമസസ്ഥലങ്ങളും തൊഴിലിടങ്ങളും ഒരുക്കുകയെന്നതിലാണ്.'മുറേ പറഞ്ഞു. ഇതിനെ വെറുമൊരു പരീക്ഷണം എന്നുവിളിക്കാന്‍ മുറേ ഇഷ്ടപ്പെടുന്നില്ല. 'ഇത് വിജയകരമായാല്‍ മറ്റു നിര്‍മിതികള്‍ക്കും ഈ രീതി ഉപയോഗിക്കുന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം.'അദ്ദേഹം പറയുന്നു. ഒരേസമയം പരസ്ഥിതിക്കിണങ്ങുന്നതും ചെലവുകുറഞ്ഞതുമായ പകരം സംവിധാനങ്ങള്‍ കെട്ടിടനിര്‍മാണത്തിനായി കണ്ടെത്തുകയെന്നതാണ് മുറേയുടെ ആത്യന്തിക ലക്ഷ്യം.

ഫ്രീ മാന്‍...


''എനിക്ക് ഇന്റര്‍നെറ്റിനെ
സംബന്ധിച്ച് നന്നായറിയാം.
എന്നുവെച്ചാല്‍ എല്ലാമറിയാമെന്ന് സാരം''

ഇങ്ങനെയാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ബ്ലോഗില്‍ ഫ്രീമാന്‍ മുറെ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിന്റെ ശീര്‍ഷവാചകം. ഇപ്പറഞ്ഞത് അപ്പടി ശരിയാണെന്ന് മുറെയുടെ ജീവിതവും സാക്ഷ്യപ്പെടുത്തുന്നു. അതി നൂതനമായ ഇന്റര്‍നെറ്റ് സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതില്‍ അതീവ തല്‍പ്പരനായ ഈ അമേരിക്കന്‍ സംരംഭകനെ 1995ല്‍ സണ്‍ മൈക്രോ സിസ്റ്റം എന്ന ആഗോള സാങ്കേതിക കമ്പനിയിലെത്തുന്നതോടെയാണ് ലോകമറിയുന്നത്.

സണ്ണില്‍ ജാവാ സെര്‍വര്‍ പ്രൊജക്ടുമായി പ്രവര്‍ത്തിച്ച ഫ്രീമാന്‍ 1999ല്‍ കേന്ദാര ഡോട്ട് കോം എന്ന വെബ്‌സൈറ്റ് സ്ഥാപിച്ചു. ബ്രൗസ് ചെയ്ത് പേജുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് ചര്‍ച്ചകള്‍ വരെ സാധ്യമായിരുന്ന സൈറ്റായിരുന്നു ഇത്. ഇന്റര്‍നെറ്റ് സാങ്കേതികതയോടുള്ള അടങ്ങാത്ത സ്‌നേഹം അദ്ദേഹത്തെ ലോസ്അഞ്ജലീസിലെത്തിച്ചു. അവിടെ സിനിമകളും മ്യൂസിക് ആല്‍ബങ്ങളും ചിത്രീകരിക്കുന്നത് ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഒരു ഡിജിറ്റല്‍ ലാബ് ഇന്‍കുബേഷന്‍ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ ഇറ്റാലിയന്‍-അമേരിക്കന്‍ സിനിമാ സംവിധായകനായ താവോ റസ്‌പോളിയ്ക്ക് അകമറ്റ സഹായമായി. സഞ്ചരിക്കുന്ന ഒരു ബസ്സില്‍ സ്ഥാപിച്ച ഒരു സ്റ്റുഡിയോ. ചുരുക്കി പറഞ്ഞാല്‍ ഇതാണ് ലാഫ്‌കോ.

റസ്‌പോളിയ്ക്ക് പുറമെ സംവിധായകരും എഡിറ്റര്‍മാരുമായ ജെയിംസ് വാദെ, ക്രിസ് കോര്‍നിന്‍, ക്രിസ്റ്റവര്‍ ഗാലോ എന്നിവരടക്കമുള്ള ചെറിയൊരു സംഘമാണ് മൂന്ന് എച്ച്.ഡി. വീഡിയോ ക്യാമറകളും മൂന്ന് എഡിറ്റിങ് സ്‌റ്റേഷനുകളും ഒരു പോര്‍ട്ടബിള്‍ ലൈബ്രറിയും സ്‌ക്രീനിങ് റൂമുമെല്ലാം ഉള്‍ക്കൊള്ളിച്ച ഈ സ്‌കൂള്‍ ബസ്സിലെ എഡിറ്റിങ് ക്രൂ. ഫ്രീമാനില്ലായിരുന്നെങ്കില്‍ ലാഫ്‌ക്കോ ഒരിക്കലും സ്ഥാപിതമാവുമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഇന്ന് സോണി മ്യൂസിക്ക്, ബിഗ് ഇമാജിനേഷന്‍ ഗ്രൂപ്പ്, ജെവിസി, ഡെഡ് പ്രസ് എന്നീ ആഗോള ഭീമന്‍മാര്‍ ലാഫ്‌ക്കോയുടെ ക്ലയന്റുകളാണ്.

2005ല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ അകൃഷ്ടനായ അദ്ദേഹം ബംഗ്ലൂരിലെത്തി. അങ്ങനെയാണ് ബാംഗ്ലൂരില്‍ ഇന്ത്യക്കാരിയായ അര്‍ച്ചന പ്രസാദിനൊപ്പം ജാഗാ ഡോട്ട് ഇന്‍ എന്ന സംരംഭത്തില്‍ സഹസ്ഥാപകനാവുന്നത്. ബാംഗ്ലൂരിലെ കലാകേന്ദ്രത്തെ ഫ്രീമാന്‍ വിശേഷിപ്പിക്കുന്നത് ഒരു ക്രിയേറ്റീവ് ഹാക്കര്‍ സ്‌പേസെന്നാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ കുറിച്ച് പഠിച്ച ശേഷമാണ് കേരളത്തിലെ നിക്ഷേപ സാധ്യതയെക്കുറിച്ച് മുറെ തിരിച്ചറിയുന്നത്. സംരംഭകത്ത്വത്തില്‍ കേരളത്തിനുള്ള ക്ഷമത തിരിച്ചറിഞ്ഞ അദ്ദേഹം സ്റ്റാര്‍ട്ട് അപ്പ് സ്‌കൂള്‍ എന്ന പദ്ധതി കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ സഹായത്തോടെ ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ്.


സ്റ്റാര്‍ട്ട് അപ്പ് സ്‌കൂള്‍

വളര്‍ന്നുവരുന്ന സംരംഭകരെ ലക്ഷ്യമിട്ടാണ് കളമശ്ശേരിയില്‍ സ്റ്റാര്‍ട്ട് അപ്പ് സ്‌കൂള്‍ തുടങ്ങുന്നത്. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. അടുത്തവര്‍ഷം ജനവരിയില്‍ ആദ്യബാച്ച് ആരംഭിക്കും. ആദ്യഘട്ടത്തില്‍ 20പേര്‍ക്കാണ് പ്രവേശനം. മെയ് മാസത്തോടെ ഇത് 100ആക്കും.

Tags: Freeman Murray to build start up school in Kochi
»  News in this Section