'വേഗത്തില്‍' വളരുന്ന ബിസിനസ് സാധ്യതകള്‍

Posted on: 10 Nov 2011



വേഗത്തിന്റെ മാസ്മരികത ആവോളം പകര്‍ന്നതിന് ശേഷം ഇന്ത്യയിലെ ആദ്യ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിന് കൊടിയിറിങ്ങി. സെബാസ്റ്റ്യന്‍ വെറ്റലിനെയും ഹാമില്‍ട്ടണെയും, മൈക്കിള്‍ ഷുമാക്കറിനെയുമെല്ലാം ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചെങ്കിലും ഇതു തുറന്നിടുന്ന ബിസിനസ് സാധ്യതള്‍ തീരുന്നില്ല. 850-900 കോടിയോളം രൂപ ചിലവില്‍ നിര്‍മിച്ച റേസ് ട്രാക്ക് വെറുതെ കിടന്നാല്‍ മുടക്കുമുതല്‍ പോലും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന് ട്രാക്ക് നിര്‍മിച്ച ജെപി സ്‌പോട്‌സ് ഇന്റര്‍നാഷണലിന് വ്യക്തമായി അറിയാമെന്നിടത്താണ് വരും കാലങ്ങളിലേക്കുള്ള സാധ്യതകള്‍ തുറക്കുന്നത്. അഞ്ചു വര്‍ഷങ്ങളിലും ഫോര്‍മുല വണ്‍ സര്‍ക്യൂട്ടില്‍ തുടരാന്‍ 170 മുതല്‍ 180 കോടി രുപയാണ് ജെ.പി ചെലിവിടേണ്ടത്.

ഈ ചെലവുകളെല്ലാം നേരിടാന്‍ ഒരേയൊരു മാര്‍ഗമേയുള്ളു. വേഗത്തിന്റെ പര്യായങ്ങളായ മോട്ടോ ജി.പി ബൈക്ക് റേസ് അടക്കമുള്ള മറ്റു ചാമ്പ്യന്‍ഷിപ്പുകളെ ഇന്ത്യയിലെത്തിക്കുക. ഇന്ത്യയിലെ ആദ്യ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്പ്രീയുടെ ഗേറ്റ് കളക്ഷനിലൂടെ തന്നെ ഒരു ഭീമന്‍ തുക നേടാനായതാണ് ജെ.പി.എസ്.ഐക്ക് ആത്മവിശ്വാസം നല്‍കുന്നത്. 85 കോടിയോളം രൂപയാണ് ജെ.പി.എസ്.ഐക്ക് ലഭിച്ച ഗേറ്റ് കളക്ഷന്‍. ഇതു കണക്കിലെടുത്ത് അടുത്ത നാലു വര്‍ഷങ്ങളിലും നഷ്ടമില്ലാതെ മുന്നേറാനുള്ള പദ്ധതി തയ്യാറാക്കുകയാണ് കമ്പനി.

ഫോര്‍മുല വണ്‍ റേസിന് തതുല്യമായ ബൈക്ക് റേസായ മോട്ടോ ജി.പിയും 750-1200 സിസി ബൈക്കുകളുടെ റേസായ സുപ്പര്‍ബൈക്കിനെയും ഇന്ത്യയിലെത്തിച്ചാല്‍ പരസ്യ വരുമാനത്തില്‍ നിന്നും സംപ്രേഷണാവകാശ വില്‍പ്പനയില്‍ നിന്നുമെല്ലാം വലിയൊരു തുക കമ്പനിക്ക് ലഭിക്കും. ഫോര്‍മുല വണ്ണിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള വരുമാനം ഫോര്‍മുല വണ്‍ മാനേജ്‌മെന്റിന് അവകാശപ്പെട്ടതാണെങ്കില്‍ ഇതര റേസ് ചാമ്പ്യന്‍ഷിപ്പുകളുടെ കാര്യത്തില്‍ അതങ്ങനെയല്ല.

ഇതുകൂടാതെ ഓട്ടോ എക്‌സ്‌പോക്കായി അടിസ്ഥാന സൗകര്യമൊരുക്കുകയാണ് കമ്പനിയുടെ മറ്റ് പദ്ധതികളിലൊന്ന്. നിലവില്‍ ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ഇടുങ്ങിയ ചുറ്റുപാടില്‍ നടത്തി വരുന്ന എക്‌സ്‌പോക്ക് കൂടുതല്‍ സ്ഥല സൗകര്യമൊരുക്കിയാല്‍ ഇതുവഴി വന്‍നേട്ടം കൈവരിക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ഇതിനായി ജെപി ഗ്രൂപ്പ് 875 ഏക്കറോളം ഭൂമി നല്‍കാനൊരുങ്ങുകയാണ്.

ആഗോള വാഹന ഭീമന്‍മാരായ മെഴ്‌സിഡസ് ബെന്‍സുമായി ചേര്‍ന്ന് റേസ് അക്കാദമി നിര്‍മിക്കുകയാണ് മറ്റൊരു പദ്ധതി. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഇരു കമ്പനികളും പങ്കിട്ടെടുക്കും. ഈ സംരംഭം യാഥാര്‍ത്ഥ്യമായാല്‍ അമേരിക്കയ്ക്കും, ജര്‍മനിക്കും, ചൈനക്കും ശേഷം മെഴ്‌സിഡസ് ഇത്തരമൊരു അക്കാദമി തുടങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

117 വര്‍ഷത്തോളം മോട്ടോര്‍ സ്‌പോര്‍ട്‌സുമായി ബന്ധമുള്ള കമ്പനിയാണ് മെഴ്‌സിഡസ്. എഫ് വണ്‍ റേസ് അക്കാദമി തുടങ്ങുന്നത് വഴി തങ്ങളുടെ വാഹനങ്ങളുടെ പ്രതിച്ഛായ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. മെഴിസിഡസിനെക്കൂടാതെ ഫെറാരിയും റേസ് ട്രെയിനിങ്ങിന് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് അറിയുന്നത്.

റേസ് ചാമ്പ്യന്‍ഷിപ്പുകള്‍ക്കുമപ്പുറം ബോളീവുഡില്‍ നിന്നും വരുമാനം നേടാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. അടുത്തിടെ ചിത്രീകരിക്കുന്ന മല്ലികാ ഷെരാവത്ത് പ്രിയങ്ക ചോപ്ര ചിത്രങ്ങളില്‍ ബുദ്ധ ട്രാക്ക് വീണ്ടും ഉണരും. 20,000ത്തോളം സീറ്റുകളുള്ള ഗ്രാന്‍ഡ് സ്റ്റാന്‍ഡും സ്മാര്‍ട്ടായി വിപണനം ചെയ്യാനും ജെപി അലോചിക്കുന്നു. വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്ഥലലഭ്യത കുറഞ്ഞ തലസ്ഥാനത്ത് ഗാനമേളകളു മറ്റും സംഘാടിപ്പിക്കാന്‍ സര്‍ക്യൂട്ട് ഉപയോഗിക്കുകയാണ് മറ്റൊരു പദ്ധതി.

ഫോര്‍മുല വണ്ണിന് ഇതുവരെ സംഘാടനമേകിയ മറ്റു രാജ്യങ്ങളെ കണക്കിലെടുക്കുമ്പോള്‍ ചാമ്പ്യന്‍ഷിപ്പിന് മുടങ്ങാതെ സംഘാടനമേകണമെങ്കില്‍ വ്യക്തമായ ബിസിനസ് പ്ലാന്‍ ആവശ്യമാണെന്ന് ജെപിക്ക് നന്നായറിയാം. ചാമ്പ്യന്‍ഷിപ്പിന് മുമ്പ് സംഘാടനമേകിയ ദക്ഷിണ കൊറിയയും ചൈനയും ഇനി തുടരാന്‍ താത്പര്യമില്ലെന്ന് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. സംഘാടന ചെലവ് വഹിക്കാന്‍ കഴിയാത്തതിനാല്‍ ഫ്രാന്‍സിനെ സംഘടന പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

പക്ഷെ ഫോര്‍മുല വണ്‍ നഷ്ടം നല്‍കുന്ന ബിസിനസ് ആണെന്നല്ല ഇതിനര്‍ത്ഥം. 2010ല്‍ ഫോര്‍മുല വണ്‍ റേസിന്റെ സംഘാടനത്തിലൂടെ സ്വകാര്യ ഓഹരി നിക്ഷേപ സ്ഥാപനമായ സി.വി.സി ക്യാപിറ്റല്‍ പാര്‍ട്ട്‌നേഴ്‌സിന് 110 കോടിയോളം ഡോളര്‍ വരുമാനമായി നേടാന്‍ കഴിഞ്ഞു. മോണാക്കോ റേസിങ് ചാമ്പ്യന്‍ഷിപ്പിലൂടെ സംഘാടകര്‍ നേടുന്ന വാര്‍ഷിക വരുമാനം 12 കോടി ഡോളറാണെന്നാണ് കണക്കാക്കുന്നത്. സിംഗപ്പൂര്‍ ഗ്രാന്‍ഡ്പ്രിക്ക് സംഘാടനത്തിലൂടെ 12.5 കോടി ഡോളറോളം അധിക വരുമാനമുണ്ടാക്കാന്‍ സാധിച്ചതായും ഫോര്‍മുല വണ്ണിന്റെ ബിസിനസ് സാധ്യതകള്‍ വിലയിരുത്തുന്ന ഗവേഷണ സ്ഥാപനം വ്യക്തമാക്കുന്നു. ഇതൊക്കെ പരിഗണക്കുമ്പോള്‍ ജെപിഎസ്‌ഐയുടെ പ്രതീക്ഷകള്‍ വാനോളമുയരുന്നു. അതിവേഗത്തിന്റെ ബിസിനസ് സാധ്യതകള്‍ മുതലെടുക്കുക തന്നെയാണ് ജെ.പിയുടെ ലക്ഷ്യം.
Tags: Formula one opens new business corridors
»  News in this Section