നൂറ്റിരണ്ടില്‍ നിന്ന്

Posted on: 11 Oct 2012


സന്ദീപ് സുധാകര്‍
വിദ്യാര്‍ത്ഥികളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സംരംഭം. ഇതായിരുന്നു മോഡല്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്നും പഠിച്ചിറങ്ങുമ്പോള്‍ മിഥുന്‍ ശങ്കറിന്റെ സ്വപ്‌നം. ഈ സ്വപ്‌നത്തിന് ചിറകേകാന്‍ കൂട്ടുകാരും കൂട്ടിനെത്തിയതോടെ 9 പേരടങ്ങുന്ന ഒരു പുതിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനി ഒരുങ്ങുകയായിരുന്നു. തൃക്കാക്കരയിലെ ഗ്രീന്‍ലാന്‍ഡ് ഹോസ്റ്റലിലെ റൂം നമ്പര്‍ 102ല്‍ മൊട്ടിട്ട ആശയം പൂര്‍ത്തികരിക്കാനായതിന്റെ നിര്‍വൃതിയിലാണ് മിഥുന്‍ ശങ്കറെന്ന 25കാരന്‍.


വെര്‍ബിസിയോ ടെക്ക് എല്‍.എല്‍.പി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലെ ഏറ്റവും മുതിര്‍ന്നയാളും കമ്പനിയുടെ സ്ഥാപകനായ മിഥുന്‍ തന്നെയാണ്. മറ്റുള്ള സൂഹൃത്തുക്കളെല്ലാം കോളേജില്‍ നിന്ന് ഈയിടെ പുറത്തിറങ്ങിയ മിടുക്കന്‍മാരും. എക്‌സാം വോയ്‌സ് എന്ന വെബ്‌സൈറ്റാണ് മിഥുനും കൂട്ടരും മുന്നോട്ട് വെയ്ക്കുന്ന നൂതനമായ ആശയം. കമ്പനിയുടെ ഉദ്ഘാടനത്തിനെത്തിയ ഹൈബി ഈഡന്‍ ഈ സൈറ്റിനെ വിശേഷിപ്പിച്ചത് ഏവര്‍ക്കും സൗജന്യ വിദ്യഭ്യാസം നല്‍കാന്‍ ഏറ്റവും സഹായപ്രധമായ വെബ്‌സൈറ്റെന്നാണ്. കോളേജില്‍ സെമിനാറുകളും മറ്റും നടത്തുന്ന അവസരത്തിലാണ് ഇങ്ങനെ ഒരു സൈറ്റിന്റെ ആശയം മനസ്സിലുടക്കിയതെന്ന് മിഥുന്‍. പിന്നീട് കോളേജിലെ സുഹൃത്തുക്കളുമായുള്ള ചര്‍ച്ചകളിലൂടെ ആശയത്തിന് ചിറക് വിടര്‍ന്നു.

സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ ഒരു കമ്പനി തുടങ്ങുന്നത് വരെയെത്തി മിഥുന്‍ അടക്കമുള്ള മിടുക്കരുടെ പ്രയ്തനം. ഈ സൈറ്റില്‍ പവര്‍പോയന്റ് പ്രസന്റേഷനും പി.ഡി.എഫ് ഫയലുകളുമെല്ലാം അപ്പ്‌ലോഡ് ചെയ്യാന്‍ കഴിയും കൂടെ അതിനെകുറിച്ചുള്ള ലഘുവായ വിവരണവും അപ്പ്‌ലോഡ് ചെയ്യാം. ഈ കണ്ടന്റ് ഏവര്‍ക്കും സൈറ്റു വിളിക്കുക വഴി കാണാനും സാധിക്കും. അങ്ങനെ വരുമ്പോള്‍ പരീക്ഷാ സമയത്ത് ഇനി കമ്പയിന്‍ഡ് സ്റ്റഡി ക്ലാസുകള്‍ നടത്താന്‍ കേവലം ഒരു വെബ്‌സൈറ്റ് മതി എന്നതിലേക്ക് കാര്യങ്ങളെത്തുന്നു.

CAT, GRE, GATE എന്നിവയടക്കമുള്ള മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അത്യന്തം സഹായകരമാണ് www.examvoice.com. മൊബൈലില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും ഈ സൈറ്റില്‍ കയറാനുള്ള സൗകര്യമുണ്ട്. സ്ലൈഡ് ഷെയറിങ്ങിനെ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ സൈറ്റിന്റെ ആശയത്തിലെത്തിയത്. ദൃശ്യങ്ങള്‍ക്കും ശബ്ദത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഈ പാഠ്യരീതി വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ വളരെ അധികം സഹായിക്കുമെന്നതില്‍ മിഥുന് യാതൊരു സംശയവുമില്ല. സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡനൊപ്പം സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സി.ഇ.ഒ സിജോ കുരവിള ജോര്‍ജ്ജും സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ചീഫ് ഇവാന്‍ജലിസ്റ്റ് സോണി ജോയിയും സന്നിഹിതരായിരുന്നു.

സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന അടങ്ങാത്ത ആഗ്രഹമാണ് മിഥുനും കുട്ടൂകാര്‍ക്കും ഊര്‍ജ്ജം നല്‍കുന്നത്. കുറ്റിപ്പുറം എം.ഇ.എസ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നകുല്‍ ശിവരാജും പാലക്കാട് എന്‍.എസ്.എസ്സില്‍ നിന്നും എത്തിയ സത്യയും ജോയല്‍ വര്‍ഗ്ഗീസും ബിപിന്‍ ജോര്‍ജ്ജും നല്‍കുന്ന പിന്തുണ മിഥുന് ആവേശമാവുന്നു. ഗൂഗിളും മറ്റും ഇതുപോലെ ക്യാമ്പസില്‍ വിരിഞ്ഞ ആശയങ്ങളാണ്. ഇപ്പോഴിവര്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ വലിയ ശമ്പളം നല്‍കി കൊണ്ടുപോവുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ നമുക്ക്
നമ്മുടേതായി ഒന്നുമില്ലാതെ വരും. ഇവിടെയും ഗൂഗിളിനെപ്പോലെയും മൈക്രോസോഫ്റ്റിനെപ്പോലെയുമുള്ള കമ്പനികളുണ്ടാവേണ്ടേ? മിഥുന്‍ ചോദിക്കുന്നു.

Tags: Exam voice assures free education
»  News in this Section