'ഒഴുകുന്ന ഇന്‍ക്യുബേഷന്‍ കേന്ദ്രം'

Posted on: 16 Dec 2011




വിസ സംബന്ധിച്ച നൂലാമാലകള്‍ അമേരിക്കയില്‍ സംരംഭകര്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പക്ഷെ അമേരിക്കയിലെ
സിലിക്കണ്‍ വാലിക്കടുത്ത് തന്നെ വിസയുടെ നൂലാമാലകളൊന്നുമില്ലാതെ സംരംഭകര്‍ക്ക് നിക്ഷേപ സാധ്യതയൊരുങ്ങുമെങ്കിലോ? പുതുസംരംഭകര്‍ക്ക് നിക്ഷേപ സാധ്യകളൊരുക്കുന്ന 'ഒഴുകുന്ന ഇന്‍ക്യുബേഷന്‍ കേന്ദ്രം' എന്നുവേണം ബ്ലൂസീഡ് എന്ന പദ്ധതിയെ വിളിക്കാന്‍.

കാലിഫോര്‍ണിയ തീരത്തു നിന്നും 12 മൈല്‍ അകലെ കപ്പലിലാണ് പുതു സംരംഭകര്‍ക്ക് സാധ്യതയൊരുക്കി ബ്ലൂസീഡ് എന്ന ഇന്‍ക്യുബേഷന്‍ സൗകര്യമൊരുങ്ങുന്നത്. 1000ത്തോളം സംരംഭകര്‍ക്ക് ഈ കപ്പല്‍ ആതിഥ്യമരുളും. സംരംഭകര്‍ക്ക് യോഗങ്ങളും കോണ്‍ഫറന്‍സുകളും നടത്തുന്നതിനൊന്നും കപ്പലില്‍ യാതൊരു തടസ്സവുമുണ്ടാവില്ല. കൂടാതെ അമേരിക്കയിലെ ഐ.ടിയുടെ പറുദീസയായ സിലിക്കണ്‍ വാലിയില്‍ നിന്ന് കപ്പലിലേക്ക് മുക്കാല്‍ മണിക്കുര്‍ യാത്ര മതിയാവും.

ഇവിടെ ബിസിനസ് നടത്തുന്നതിന് അമേരിക്കയിലെ യാതൊരു വിസ നിയമങ്ങളും ബാധകമാവില്ല. അമേരിക്കന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നതെന്നതാണ് ഇതിന് കാരണം.

അമേരിക്കന്‍ സര്‍ക്കാരിന്റെ തൊഴില്‍ വിസ ലഭിച്ചിട്ടില്ലാത്തവര്‍ക്കും ബ്ലൂസീഡില്‍ ജോലിചെയ്യാന്‍ കഴിയും. നേരെ മറിച്ച് അമേരിക്കയിലാണെങ്കില്‍ ബിസിനസ് വിസയില്‍ വന്നവര്‍ക്ക് ബിസിനസ് കാര്യങ്ങളും ടൂറിസ്റ്റ് വിസയില്‍ വന്നവര്‍ക്ക് വിസയില്‍ അനുവദിക്കുന്ന കാര്യങ്ങളും മാത്രമേ ചെയ്യാന്‍ അനുവാദമുള്ളു. പക്ഷെ ബ്ലൂസീഡിലെത്തുന്നതിന് ഒരു കാര്യം നിര്‍ബന്ധമാണ്. അമേരിക്കന്‍ സര്‍ക്കാര്‍ അനുവദിച്ച ഏതെങ്കിലുമൊരു വിസ സംരംഭകരുടെ കൈവശം വേണം.

നിലവില്‍ അമേരിക്കയില്‍ വിദ്യാര്‍ത്ഥിക്ക് അനുവദിക്കുന്ന(എഫ് 1) വിസയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാനുള്ള സുവര്‍ണാവസരമാണ് ബ്ലൂസീഡ് നല്‍കുന്നത്. സിലിക്കണ്‍ വാലിയിലെ പ്രമുഖ വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റായ പീറ്റര്‍ തിയാലിനെപ്പോലുള്ള പ്രമുഖര്‍ ബ്ലൂസീഡിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

സംരംഭകത്വത്തിന് ഇതിനോടകം തന്നെ 60ഓളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ സമീപിച്ചു കഴിഞ്ഞതായും തിയാല്‍ വ്യക്തമാക്കുന്നു. ഇതില്‍ പത്ത് ശതമാനം ഇന്ത്യയില്‍ നിന്നുമാണെങ്കില്‍ 25 ശതമാനത്തോളം കമ്പനികള്‍ അമേരിക്കയില്‍ നിന്നുമാണെന്നതാണ് ഏറെ രസകരം. വിസ നിയമങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ലെങ്കിലും ബ്ലൂസീഡിലെ നിക്ഷേപ സാധ്യതകള്‍ പരമാവധി മുതലെടുക്കുകയാണ് ഈ കമ്പനികളുടെ ലക്ഷ്യമെന്ന് വ്യക്തം. ഇതിനോടകം തന്നെ നിരവധി സംരംഭകര്‍ ബ്ലൂസീഡ് പദ്ധതിയിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും 2013ല്‍ മാത്രമേ ഈ പദ്ധതിയിലെ ആദ്യ കപ്പല്‍ അമേരിക്കന്‍ തീരം വിടൂ. പദ്ധതിയുടെ ഗവേഷണ കാര്യങ്ങള്‍ക്കായി 5000000 ഡോളര്‍ സ്വരൂപിക്കാനൊരുങ്ങുകയാണ് ബ്ലൂസീഡ്.
Tags: Blue seed provides US Visa solutions
»  News in this Section