ടാറ്റാ സ്റ്റാര്‍ബക്‌സിന്റെ തലപ്പത്തെ 33കാരി

Posted on: 09 Dec 2012
സ്റ്റാര്‍ബാക്‌സുമായി ചേര്‍ന്ന് ടാറ്റാ ഗ്രൂപ്പ് സംയുക്ത സംരംഭമുണ്ടാക്കിയപ്പോള്‍ അതിന്റെ തലപ്പത്ത് ആരായിരിക്കണമെന്ന കാര്യത്തില്‍ ടാറ്റാ സണ്‍സ് ഡയറക്ടര്‍ മലയാളിയായ ആര്‍.കെ.കൃഷ്ണകുമാറിന് സംശയമുണ്ടായിരുന്നില്ല. കാരണം, അവനി സഗ്ലാനി ദാവ്ദ എന്ന 33കാരിയുടെ നേതൃപാടവം അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞതാണ്. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനിയായ ടാറ്റാ ഗ്ലോബല്‍ ബിവറേജസിന്റെ വൈസ് ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാറിന്റെ ടീമിലാണ് കഴിഞ്ഞ നാലു വര്‍ഷമായി അവനി.

ടാറ്റാ ഗ്ലോബല്‍ ബിവറേജസിനെ വെറുമൊരു തേയില കമ്പനിയില്‍ നിന്ന് ആഗോള ഫുഡ് ആന്‍ഡ് ബിവറേജസ് വമ്പനായി മാറ്റിയതിന് പിന്നില്‍ അവനിയുടെ പങ്ക് വളരെ വലുതായിരുന്നു എന്ന് മറ്റാരെക്കാളും നന്നായി കൃഷ്ണകുമാറിനറിയാം. അതിനാല്‍, തന്നെ സ്റ്റാര്‍ബക്‌സുമായുള്ള ടാറ്റാ ഗ്ലോബല്‍ ബിവറേജസിന്റെ സംയുക്ത സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത് അവനിയാകട്ടേയെന്ന് ആദ്യം നിര്‍ദ്ദേശിച്ചതും അദ്ദേഹമാണ്.

സംയുക്ത സംരംഭം ഉണ്ടാക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ ടാറ്റാ ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്തത് പലപ്പോഴും അവനിയായിരുന്നു. അതിനാല്‍ തന്നെ തങ്ങളുടെ ഇന്ത്യയിലെ സംരംഭത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഈ ചെറുപ്പക്കാരി എത്തുന്നതില്‍ സ്റ്റാര്‍ബക്‌സിനും മറുത്തൊരു അഭിപ്രായമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ സപ്തംബറിലാണ് അവനി സഗ്ലാനി ദാവ്ദ ടാറ്റാ സ്റ്റാര്‍ബക്‌സ് ലിമിറ്റഡിന്റെ സിഇഒ ആയി ചുമതലയേറ്റത്. ഇതോടെ, ടാറ്റാ ഗ്രൂപ്പിന്റെ സംയുക്തസംരംഭങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ മേധാവി എന്ന നേട്ടമാണ് അവനി സ്വന്തമാക്കിയത്.

മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2002ലാണ് അവാനി ടാറ്റാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസില്‍ (ടാസ്) ചേരുന്നത്. ടാറ്റാ ഗ്രൂപ്പില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഐഎഎസ്സിന്റെ മാതൃകയിലുള്ള ടാസ്സിലൂടെയാണ്. പ്രൊബേഷനറി ഓഫീസറായാണ് തുടക്കം. ആദ്യ നാളുകളില്‍ ടാറ്റാ സണ്‍സിന്റെ ഹോട്ടല്‍ കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിലായിരുന്നു. ഇന്ത്യന്‍ ഹോട്ടല്‍സാണ് താജ് ബ്രാന്‍ഡില്‍ ഹോട്ടല്‍ ശൃംഖല നടത്തുന്നത്. അവിടെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനറല്‍ മാനേജര്‍ പദവിയിലേക്ക് ഉയര്‍ന്നു. അവിടെ നിന്നാണ് രത്തന്‍ ടാറ്റയുടെ ഏറ്റവും വിശ്വസ്തനായ കൃഷ്ണകുമാറിന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി എത്തുന്നത്.

വെല്ലുവിളി നിറഞ്ഞ ഏതു പദ്ധതിയും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാനുള്ള അവനിയുടെ സന്നദ്ധതയാണ് പുതിയ ദൗത്യം ഏല്‍പിക്കാന്‍ കൃഷ്ണകുമാറിനെ പ്രേരിപ്പിച്ചത്. മികച്ച നേതൃപാടവവും അവര്‍ക്ക് തുണയായി. സ്റ്റാര്‍ബക്‌സുമായി 2011ല്‍ തന്നെ ടാറ്റാ ഗ്ലോബല്‍ ബിവറേജസ് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെങ്കിലും കാര്യങ്ങള്‍ ഭംഗിയായി ക്രമീകരിക്കുന്നതിലും സിയാറ്റിലില്‍ സ്റ്റാര്‍ബക്‌സിന്റെ ആസ്ഥാനത്തു ചെന്ന് ചര്‍ച്ചകള്‍ നടത്തുന്നതിലും മുന്നില്‍ നിന്നത് അവനിയാണ്. തുല്യപങ്കാളിത്തത്തിലുള്ള സംയുക്ത സംരംഭം (ടാറ്റാ സ്റ്റാര്‍ബക്‌സ് ലിമിറ്റഡ്) യാഥാര്‍ത്ഥ്യമായത് അവനിയുടെ പത്തു വര്‍ഷത്തെ കരിയറില്‍ പൊന്‍തൂവല്‍ തന്നെയായി മാറി. ടാറ്റാ സ്റ്റാര്‍ബക്‌സിന്റെ ഏറ്റവും അനുയോജ്യയായ മേധാവിയാണ് അവനിയെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി 100 സ്റ്റാര്‍ബക്‌സ് കോഫി ഷോപ്പുകള്‍ തുറക്കാനാണ് ടാറ്റാ സ്റ്റാര്‍ബക്‌സ് ലിമിറ്റഡിന്റെ പദ്ധതി. ദക്ഷിണ മുംബൈയില്‍ ആദ്യ സ്റ്റോര്‍ തുറന്നുകഴിഞ്ഞു. മുംബൈയില്‍ തന്നെ ഒബ്‌റോയ് മാളിലും താജ് മഹല്‍ പാലസ് ഹോട്ടലിലുമാണ് മറ്റു രണ്ടു ഔട്ട്‌ലെറ്റുകള്‍. 2013 ജനവരിയില്‍ ഡല്‍ഹിയിലെ ആദ്യ സ്‌റ്റോര്‍ തുറക്കും. ഇന്ത്യന്‍ വിപണി സ്റ്റാര്‍ബക്‌സിനായി കാത്തിരിക്കുകയായിരുന്നെന്ന് അവനി സഗ്ലാനി ദാവ്ദ പറഞ്ഞു. കാപ്പുച്ചിനോ, ലാറ്റ എന്നിവ ഉള്‍പ്പെടെ വിവിധയിനം കാപ്പികള്‍ സ്റ്റാര്‍ബക്‌സില്‍ ഒരുക്കിയിട്ടുണ്ട്.

Tags: Avani Saglani Davda-The young CEO of Tata Starbucks
»  News in this Section