മൂലധന വിപണിക്കു പുറമെ റിയല്‍ എസ്റ്റേറ്റ്, മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണം, സ്ഥിര നിക്ഷേപം, ഇന്‍ഷൂറന്‍സ് എന്നിവയാണ് പ്രധാന
നിക്ഷേപ മേഖലകള്‍. ഇവയില്‍ മികച്ചതേതെന്ന് യുക്തിപൂര്‍വം തിരഞ്ഞെടുക്കുകയാണ് ഏതൊരു നിക്ഷേപകന്റെയും
മുന്നിലുള്ള വെല്ലുവിളി. നിക്ഷേപം വിദഗ്ദ്ധരുടെ സഹായത്തോടെ ചെയ്യേണ്ട പ്രൊഫഷണല്‍ പ്രക്രിയയായി മാറിക്കഴിഞ്ഞു.
നിലവിലുള്ള സ്വത്ത് സംരക്ഷിക്കുന്നതിനു പുറമെ അത് വര്‍ധിപ്പിക്കാന്‍ സാമ്പത്തികാസൂത്രണം രൂപപ്പെടുത്തുകയെന്നതും വെല്‍ത്ത് മാനേജ്‌മെന്റിന്റെ പ്രധാന ലക്ഷ്യങ്ങളാണ്
ധനകാര്യ-ധനകാര്യ അനുബന്ധ സേവന മേഖലയില്‍ നാം ഈയിടെയായി കേട്ടുവരുന്ന പദപ്രയോഗമാണ് വെല്‍ത്ത് മാനേജ്‌മെന്റ്. ഏതൊരു വ്യക്തിയുടെയും ആസ്തികളുടെ സംരക്ഷണവും വളര്‍ച്ചയും ഉറപ്പുവരുത്തുന്നതിനായി ധനകാര്യ വിദഗ്ദ്ധര്‍ പിന്തുടരുന്ന ചിട്ടയോടും ദീര്‍ഘ വീക്ഷണത്തോടുമുള്ള പരിചരണ പ്രക്രിയയാണ് വെല്‍ത്ത് മാനേജ്‌മെന്റ് എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ധനസമ്പാദനം വഴി ജീവിത നിലവാരം ഉയര്‍ത്തുകയും ഭാവി ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുക ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ഈ സ്വപ്നസാക്ഷാത്കാരത്തിന് സമ്പാദ്യം ശീലമാക്കുകയെന്നത് നാം പണ്ടുമുതല്‍ക്കേ കേട്ടുവരുന്നു. എന്നാല്‍ ഇപ്പോള്‍ സേവിങ്‌സിനു ബദലായി 'ഇന്‍വെസ്റ്റ്‌മെന്റ്' അഥവാ നിക്ഷേപം എന്ന വാക്കിന് കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. ഈ രണ്ടു പദങ്ങളും ഒരേ ഉദ്ദേശ്യത്തോടെ മാറിമാറി ഉപയോഗിക്കുന്നവയാണെങ്കിലും രണ്ടും തമ്മില്‍ ആശയപരമായ അന്തരമുണ്ട്. സേവിങ്‌സ് അഥവാ സമ്പാദ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വരുമാനത്തിന്റെ ഒരു ഭാഗം ചെലവഴിക്കാതെ മാറ്റിവെയ്ക്കുകയാണ്. സ്വാഭാവികമായും ലക്ഷ്യങ്ങള്‍ പലതാകാം. ഉദാഹരണത്തിന് കല്ല്യാണം, വിദ്യാഭ്യാസച്ചെലവ് അതുമല്ലെങ്കില്‍ അവിചാരിതമായി വന്നുചേരാവുന്ന ആസ്പത്രിചെലവ് മുതലായവ.
അതേസമയം ഇന്‍വെസ്റ്റ്‌മെന്റ് അഥവാ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ധനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ളതാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ദീര്‍ഘകാല ലക്ഷ്യം നിറവേറ്റുന്നതിനായി വലിയ അളവിലുള്ള സേവിങ്‌സ് ബുദ്ധിപൂര്‍വമായി ഉപയോഗിക്കുമ്പോള്‍ അവ ഇന്‍വെസ്റ്റ്‌മെന്റ് ആയി മാറുന്നു. നിക്ഷേപത്തിനായി ഒരുങ്ങുന്ന ഏതു വ്യക്തിയും പ്രധാനമായി ഉറപ്പു വരുത്തുന്നത് മൂലധന സംരക്ഷണത്തേക്കാളുമുപരി പണപ്പെരുപ്പം അതിജീവിക്കാന്‍ ഉതകുന്ന റിട്ടേണ്‍ കരസ്ഥമാക്കുക എന്നതു തന്നെയാണ്. വിവേകപൂര്‍വമായ തീരുമാനങ്ങള്‍ എടുത്താല്‍ മാത്രമേ ഇത് സാദ്ധ്യമാവൂ.
മൂലധന വിപണിക്കു പുറമെ റിയല്‍ എസ്റ്റേറ്റ്, മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണം, ബാങ്കുകളിലും കമ്പനികളിലുമുള്ള നിക്ഷേപം, ഇന്‍ഷൂറന്‍സ് എന്നിവയും പ്രധാന നിക്ഷേപ മേഖലകളാണ്. ഇവയില്‍ മികച്ചത് ഏതെന്ന് യുക്തിപൂര്‍വ്വം തിരഞ്ഞെടുക്കുക എന്നതാണ് ഏതൊരു നിക്ഷേപകന്റെയും മുന്നിലുള്ള വെല്ലുവിളി.
വ്യക്തികളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടവ വീടുവെയ്ക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വാഹനം വാങ്ങല്‍, റിട്ടയര്‍മെന്റിനു ശേഷമുള്ള നീക്കിയിരുപ്പ് മുതലായവയാണ്. ഇവയില്‍ ഒടുവില്‍ പറഞ്ഞ റിട്ടയര്‍മെന്റ് പ്ലാനിങിന് മുന്‍പുള്ളതിനേക്കാളും പ്രാധാന്യം കൈവന്നിരിക്കുന്നു. സാമ്പത്തിക ഭദ്രതയും അതിനേക്കാളുപരി മെച്ചപ്പെട്ട ആരോഗ്യ പരിചരണവും ഇന്ത്യയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂട്ടിയിട്ടുണ്ട്. ഇന്ന് ഒരു ശരാശരി ഇന്ത്യക്കാരന്‍ അവന്റെ റിട്ടയര്‍മെന്റ് പ്രായമായ 60 വയസ്സിനേക്കാളും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നു. ശരിയായ റിട്ടയര്‍മെന്റ് പ്ലാനിങ് നടത്താത്തവര്‍ വിലക്കയറ്റം, പണപ്പെരുപ്പം, ജീവിതനിലവാരത്തിലെ മാറ്റം മുതലായ ഭീഷണികള്‍ അഭിമുഖീകരിക്കാനാവാതെ ബുദ്ധിമുട്ടേണ്ടിവരും.
ജോലിയിലിരുന്നപ്പോഴുണ്ടായിരുന്ന ജീവിത നിലവാരം അതേപടി നിലനിര്‍ത്തുക റിട്ടയര്‍മെന്റ് മുന്നില്‍ കാണുന്ന ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ്. അതായത് ടെന്‍ഷനില്ലാത്ത ജീവിതം. വൈവിധ്യവും സങ്കീര്‍ണവും ഒരളവുവരെ നഷ്ടസാദ്ധ്യതയുള്ളതുമായ വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ മുന്നില്‍ നിരക്കുമ്പോള്‍ ഏത് എങ്ങനെ എപ്പോള്‍ തിരഞ്ഞെടുക്കാമെന്നത് ഉത്തരം കിട്ടാചോദ്യമാണ്. ഇവിടെയാണ് സമര്‍ഥരായ വെല്‍ത്ത് മാനേജര്‍മാരുടെ സഹായം ആവശ്യമായി വരുന്നതും വെല്‍ത്ത് മാനേജ്‌മെന്റ് എന്ന വാക്കിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നതും.
നിക്ഷേപം നടത്തുകയെന്നത് റിസ്‌ക് ഏറിയ ഏര്‍പ്പാടെന്ന പഴയ കാഴ്ചപ്പാടില്‍ നിന്നും നിക്ഷേപം നടത്താതിരിക്കുന്നതാണ് അതിലേറെ റിസ്‌ക് എന്ന വിലയിരുത്തല്‍ നിലനില്‍ക്കുന്ന വര്‍ത്തമാന കാലത്ത് അത് വിദഗ്ദ്ധരുടെ സഹായത്തോടെ ചെയ്യേണ്ട പ്രൊഫഷണല്‍ പ്രക്രിയ ആണെന്ന് ജനങ്ങള്‍ മനസ്സിലാക്കികഴിഞ്ഞു. വ്യക്തികള്‍ക്ക് ബജറ്റ് ഉണ്ടാക്കികൊടുക്കുക എന്നതിലുപരി നിലവിലുള്ള സ്വത്ത് സംരക്ഷിക്കാനും അത് വളര്‍ത്താനും ഭാവിയിലേക്കാവശ്യമായ സാമ്പത്തിക ആസൂത്രണ പദ്ധതി രൂപപ്പെടുത്തുകയെന്നതും വെല്‍ത്ത് മാനേജ്‌മെന്റിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
നിലവിലുള്ള സാമ്പത്തിക സ്ഥിതി, ഭാവി സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌ക് എടുക്കാനുള്ള ശേഷി, വ്യക്തികളെക്കുറിച്ചുള്ള മറ്റു പൊതു വിവരങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വെല്‍ത്ത് മാനേജര്‍മാര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇത്തരം സേവനം നല്‍കുന്ന കമ്പനികളെക്കുറിച്ചും അവരുടെ ഈ മേഖലയിലെ പ്രവര്‍ത്തന പരിചയത്തെക്കുറിച്ചും സത്യസന്ധത, സല്‍പേര് എന്നിവയും പഠിച്ച ശേഷം മാത്രം സമ്പത്ത് മാനേജ് ചെയ്യാന്‍ ഏല്‍പ്പിക്കുക എന്നതാണ്.
പൊതുവെ ഉന്നത സാമ്പത്തിക നിലവാരം പുലര്‍ത്തുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും ഇടയിലാണ് ഇവയ്ക്ക് പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്കുകയും അനുയോജ്യമല്ലാത്ത നിക്ഷേപങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന 'മിസ് മാനേജ്‌മെന്റ്' രീതിയും തള്ളിക്കളയാവുന്നതല്ല.