
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലിലെ അന്തേവാസികള്‍ക്ക് മോഹിപ്പിക്കുന്ന തൊഴിലവസരങ്ങള്‍. ഇതില്‍ മൂന്ന് പേര്‍ക്ക് 3,60,000 രൂപ വാര്‍ഷിക വരുമാനമുള്ള തൊഴിലവസരമാണ് ലഭിച്ചിരിക്കുന്നത്. എം.ബി.എ, എം.കോം, ബി.ടെക്ക്, എല്‍.എല്‍.ബി, എം.എ ബിരുദധാരികള്‍ തൊഴില്‍ ലഭിച്ചവരില്‍ ഉള്‍പ്പെടും.
27കാരനായ സാഹില്‍ ഗുലാട്ടിയ്ക്ക് കരീര്‍ ക്രാഫ്റ്റ് എന്ന കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരുടെ ജോലിയാണ് ലഭിച്ചത്. ഹേമന്ദ് കുമാര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മേഖലകളില്‍ തൊഴില്‍ ലഭിച്ചു. കമ്പനികള്‍ നടത്തുന്ന മുഖാമുഖത്തില്‍ 175ഓളം അന്തേവാസികള്‍ പങ്കെടുത്തിരുന്നു. ഇതില്‍ പതിമൂന്ന് സ്ത്രീകളും ഉള്‍പ്പെടും. പ്രമുഖ കമ്പനികളായ കരീര്‍ ക്രാഫ്റ്റ്, ഫ്യൂച്ചര്‍ മേസണ്‍, വേദാന്ത ഫൗണ്ടേഷന്‍, ഫ്രണ്ട്‌ലൈന്‍, ഇക്കായ ഗ്ലോബല്‍ എന്നീ കമ്പനികളാണ് ഉദ്യോഗാര്‍ത്ഥികളെ തേടി തിഹാര്‍ ജയിലിലെത്തിയത്.
വാര്‍ഷിക വരുമാനം 84,000 മുതല്‍ 3,60,000 രൂപ വരെ വാര്‍ഷിക വരുമാനമുള്ള ജോലിയാണ് തടവുപുള്ളികള്‍ക്ക് ലഭിച്ചത്. ഫിബ്രവരി മാസം മുതല്‍ക്കിങ്ങോട്ട് നാല് തവണ തീഹാര്‍ ജയിലില്‍ നിന്ന് കമ്പനികള്‍ നിയമനം നടത്തിയിരുന്നു. നേരത്തെ 192 പേര്‍ക്കാണ് ജോലി ലഭിച്ചതെങ്കില്‍ ഇത്തവണ 334 പേര്‍ക്ക് പുതിയ ജീവിതമാര്‍ഗമായി.