ഇനിയും വാനില്‍ പറക്കാം
Posted on: 11 Dec 2009
ഇന്ത്യയിലെ യാത്രാവാഹനങ്ങളില്‍ വാനുകള്‍ അത്രയേറെ പ്രചാരം നേടിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉള്ളവയില്‍ ഏറ്റവും കൂടുതല്‍ വിറ്റത് നമ്മുടെ മാരുതി ഒമ്‌നിയായിരിക്കുമെന്നുറപ്പ്. അതാവട്ടെ, വലിപ്പമുള്ള വാനായി പരിഗണിക്കപ്പെടുന്നുമില്ല. ഒരു മള്‍ട്ടിപര്‍പ്പസ് വാഹനത്തിന്റെ മുഴുവന്‍ ഗുണങ്ങളും ഒപ്പം വിശാലമായ ഹെഡ്‌റൂം പല അന്താരാഷ്ട്രകമ്പനികളുടേയും വാനുകള്‍ക്കുണ്ട്. എന്നാല്‍, ആ വിധം ലക്ഷണമൊത്ത ഒരു വാന്‍ ഇതുവരെ ഇവിടെ എത്തിയിട്ടില്ല.
മഹീന്ദ്ര ഇടക്കാലത്തിറക്കിയ വോയേജറും ടാറ്റയുടെ ഒന്നു രണ്ടു മോഡലുകളും മാരുതിയുടെ വെഴ്‌സയുമെല്ലാം ഒട്ടും ഒച്ചയുണ്ടാക്കാതെയാണ് ഇവിടെനിന്നും ഒഴിഞ്ഞുപോയത്. എന്നാല്‍, മാരുതി ഈ സെഗ്‌മെന്റില്‍നിന്ന് ഇപ്പോഴും പിന്മാറാന്‍ തയ്യാറായിട്ടില്ല. അടുത്തമാസം ദില്ലിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവരുടെ നിലവിലെ മോഡലായ എസ്.എക്‌സ്. ഫോറിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെടുന്ന ഡീസല്‍ എന്‍ജിനുള്ള മറ്റൊരു വാന്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതിനിടെ, അധികമാരുമറിയാതെ ഒരു വാന്‍ ഇന്ത്യയില്‍ ശരീരം മറച്ച് ടെസ്റ്റ്‌ഡ്രൈവ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വാഹനലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. നിസ്സാന്റെ എന്‍.വി. 200 എന്ന മോഡലാണ് ഇന്ത്യന്‍വിപണി പ്രവേശത്തിനായി ഈ വിധം മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.
ആഗോള സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് നിരവധി കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന കൂട്ടു ബിസിനസ്സിന്റെ വഴിയിലാണ് നിസ്സാനും നീങ്ങുന്നത്. അധികം പണം മുടക്കുകൂടാതെ ബോഡിയോ എന്‍ജിനോ സാങ്കേതികതയോ ഒക്കെ പരസ്പരം കൈമാറി മുന്നേറുക എന്ന രീതി അതുകൊണ്ടുതന്നെ കാറുകളുടെ കാര്യത്തില്‍ നിസ്സാന്‍ റിനോയേയും ബജാജിനെയും കൂട്ടുപിടിക്കുമ്പോള്‍ ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹന നിര്‍മാണത്തില്‍ അശോക്‌ലൈലാന്‍ഡിനെ ഒപ്പം നിര്‍ത്തുന്നു. പക്ഷേ എന്‍വി 200 എന്ന വാനിന്റെ കാര്യത്തില്‍ ബോഡിയും ഷാസിയും ലൈലന്‍ഡ് നിര്‍മിക്കുമോ എന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. റിനോ-നിസ്സാന്‍ കൂട്ടുകെട്ടിലെ അലയന്‍സ് -ബി എന്ന മോഡലിന്റെ പ്ലാറ്റ്‌ഫോമാണ് എന്‍വി 200നും ഉപയോഗിക്കുക.
ഇന്ധനക്ഷമതയില്‍ ഈ സെഗ്‌മെന്റിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മോഡലായി ഇനിയും പേരിട്ടിട്ടില്ലാത്ത ഈ മോഡല്‍ മാറുമെന്നാണ് കമ്പനിവൃത്തങ്ങളിലെ സംസാരം. റിനോ ലോഗനിലുപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇതില്‍ ഉപയോഗിക്കുക. 85 ബിഎച്ച്പി കരുത്ത് ഇത് വാഹനത്തിന് നല്‍കും. മോണോകോക്ക് ചാസിസില്‍ നിര്‍മിക്കപ്പെടുന്ന ഈ വാഹനത്തില്‍ മൂന്ന് നിര സീറ്റുകളും ധാരാളം ലെഗ്‌റൂമും ഉണ്ടായിരിക്കും. എസ്‌യുവികളിലെപ്പോലെ ഇന്റീരിയറും എബിഎസ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങളും ഇതില്‍ പ്രതീക്ഷിക്കാം. പിന്നിലെ യാത്രക്കാര്‍ക്കുള്ള ഡോര്‍ സ്ലൈഡിംഗ് രീതിയിലേതാണ്. ഇതിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത് 7-8 ലക്ഷം രൂപയാണ്.
ആര്‍.ജെ.വിഷ്ണു