ഷോപ്പിംഗ് വേളയില്‍ അനാവശ്യമായ ചെലവ് കുറയ്ക്കാന്‍

Posted on: 17 Feb 2010




ഷോപ്പിംഗിനു പോകുന്നതിനുമുമ്പ് അത്യാവശ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി വയ്ക്കുക. ലിസ്റ്റിലുള്ള സാധനങ്ങള്‍ക്ക് വേണ്ടിവരുന്ന ഏകദേശ തുകയും കൈയില്‍ കരുതുക. ചെലവാക്കാനുദ്ദേശിക്കുന്ന തുകയിലും വളരെയധികം കാശ് കൈയില്‍ കരുതരുത്.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗവും പരിമിതപ്പെടുത്തുക. കാശ് കൈയിലുണ്ടല്ലോ എന്ന തോന്നല്‍ അനാവശ്യമായി ചെലവാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.

മാര്‍ജിന്‍ ഫ്രീ പോലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറിയാല്‍ കാണുന്നതെല്ലാം എടുത്ത് കുട്ടയില്‍ ഇടരുത്. നേരത്തേ കൈയില്‍ കരുതിയ ലിസ്റ്റിലുള്ളവ മാത്രം എടുക്കുക. പത്തോ ഇരുപതോ ചെറിയ സാധനങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം ചെലവുണ്ടാക്കും.

സാധനങ്ങള്‍ ഓരോന്നായി എടുക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിലെ വിലകളും മനക്കണക്കില്‍ കൂട്ടി ആകെ എത്ര ചെലവാകുമെന്ന് ഉദ്ദേശം കണക്കാക്കുന്നത് ചെലവ് നിയന്ത്രിക്കാന്‍ ഉത്തേജനമാകും.

സാധനങ്ങള്‍ സ്ഥിരമായി ഒരു കടയില്‍ നിന്നു മാത്രം വാങ്ങാതെ സമീപത്തെ മറ്റ് കടകളിലും വല്ലപ്പോഴും കയറുക. വിലവ്യത്യാസം ചിലപ്പോള്‍ അറിയാനാകും.

മാസവരുമാനക്കാര്‍ ഒരുമാസത്തേക്ക് അല്ലെങ്കില്‍ അരമാസത്തേക്കുള്ള പലവ്യഞ്ജനങ്ങളും മറ്റും ഒന്നിച്ചു വാങ്ങിവയ്ക്കുക. മാസാവസാനത്തെ ഓട്ടം ലഘൂകരിക്കാന്‍ ഇത് ഉതകും.

തത്കാലിക ആവശ്യങ്ങള്‍ക്കായി വളരെ കുറച്ചു സാധനങ്ങളേ വേണ്ടുവെങ്കില്‍ നമ്മുടെ നാട്ടിലെ പലവ്യഞ്ജന കടകളില്‍ നിന്നും ലൂസ് വാങ്ങുന്നത് പിന്നെയും കുറച്ച് കാശ് കൈയില്‍ത്തന്നെ നിലനിര്‍ത്തും.

കഴിവതും കുട്ടികളുമായുള്ള ഷോപ്പിംഗ് (അത്യാവശ്യത്തിന് വേണം) ഒഴിവാക്കുക. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി സാധനങ്ങള്‍ ആവശ്യമില്ലെങ്കിലും വാങ്ങിക്കേണ്ടിവരുന്നത് ഒഴിവാക്കാം.

കടകളുടെ വാര്‍ഷികങ്ങള്‍, ഓണം മുതലായ വിശേഷങ്ങള്‍ ഉള്ളപ്പോള്‍ പല കടയുടമകളും ഉത്പന്നങ്ങള്‍ അമ്പത്ശതമാനം വരെ കിഴിവില്‍ വില്‍ക്കാറുണ്ട്. ഇത്തരം ആനുകൂല്യങ്ങള്‍ വിശ്വാസ്യതയുള്ളതാണെങ്കില്‍ പ്രയോജനപ്പെടുത്തുക.

ഏതെങ്കിലും കടയില്‍ കയറി (കുടുംബസമേതമോ ഒറ്റയ്ക്കാണെങ്കിലോ) വാങ്ങാനുദ്ദേശിക്കുന്ന ഉത്പന്നത്തിന് പ്രതീക്ഷിച്ചതിലും ഏറെയാണ് വിലയെങ്കില്‍ വിലക്കൂടുതലിനെക്കുറിച്ച് സെയില്‍സ്മാനോടു നാണക്കേടുവിചാരിക്കാതെ തന്നെ പറയുക. സെയില്‍സ്മാന്‍ തീര്‍ച്ചയായും ഇനിയും വിലകുറഞ്ഞ മറ്റ് മോഡലുകള്‍ കാണിക്കും. അതും താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ (മറ്റുള്ളവര്‍ എന്തുവിചാരിക്കും, ചില്ലിട്ട ശീതീകരിച്ച കടയ്ക്കുള്ളിലെ ഗമയ്ക്കുമുന്നില്‍ കാശ് പോയാലും വാങ്ങിക്കളയാം എന്നൊന്നും വിചാരിക്കാതെ) ധൈര്യപൂര്‍വം മറ്റൊരു കടയില്‍ കയറുക.

വലിയ കടയില്‍ വിലക്കൂടുതല്‍, ചെറിയ കടയില്‍ വിലക്കുറവ് എന്ന പൊതുധാരണ പലപ്പോഴും തെറ്റാണ്.

ശ്രീകാന്ത് എം. ഗിരിനാഥ്

Tags: Shopping savings
»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00