പോപ്പിന് റിനോയുടെ സമ്മാനം

Posted on: 08 Sep 2012
വത്തിക്കാന്‍: പോപ്പ് ബനഡിക്ട് പതിനാറാമന് ഫ്രഞ്ച് വാഹന നിര്‍മാണക്കമ്പനിയായ റിനോ ഇലക്ട്രിക്ക് കാര്‍ സമ്മാനിച്ചു. വത്തിക്കാനിലെ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ യാത്രകളും വത്തിക്കാന് പുറത്തുള്ള യാത്രകളും ഇനി റിനോ സമ്മാനിച്ച കാംഗൂ മാക്‌സി ഇസഡ് ഇ മോഡല്‍ കാറിലായിരിക്കും. പരിസ്ഥിതി സൗഹാര്‍ദ്ദ സംരംഭങ്ങളെ പിന്താങ്ങുന്ന പോപ്പിന് അനുയോജ്യമായ സമ്മാനമാണ് റിനോ നല്‍കിയതെന്ന് വത്തിക്കാന്റെ വക്താവ് ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു.


പോപ്പിന് നല്‍കിയ തൂവെള്ള കാറിന് പുറമെ വത്തിക്കാന്‍ പോലീസിന് ഉപയോഗിക്കാനായി നീല നിറത്തിലുള്ള ഒരു കാറും റിനോ സമ്മാനിച്ചിട്ടുണ്ട്. ബുധനാഴ്ച്ച നല്‍കിയ കാര്‍ വ്യാഴാഴ്ച്ചയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്. അതേസമയം, സുരക്ഷാകാരണങ്ങള്‍ പരിഗണിച്ചാണ് ദീര്‍ഘദൂര യാത്രകള്‍ക്കായി ഒരു പോപ്പ് മൊബൈല്‍ കാര്‍ നല്‍കാന്‍ കമ്പനി തയ്യാറാവാത്തതെന്നും റിനോ വ്യക്തമാക്കി.

പോപ്പ് യാത്രകള്‍ക്ക് ഉപയോഗിക്കുന്ന കാറുകളെ പോപ്പ് മൊബൈല്‍ വാഹനങ്ങളെന്നാണ് വിളിയ്ക്കുക. വത്തിക്കാന് പുറത്തുള്ള യാത്രകള്‍ക്ക് പോപ്പ് ബനഡിക്ട് പതിനാറാമന്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ വാഹനം മെഴ്‌സിഡസ് ബെന്‍സിന്റെ എം-ക്ലാസ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണ്.

Tags: Renault gifts the Pope a customized electric car
»  News in this Section