അംബാനിയുടെ മണിമാളികയ്ക്ക് വാസ്തുദോഷം

Posted on: 19 Oct 2011



മുംബൈ: എത്ര ആഡംബരമായി പണിതാലും കുടുംബസമേതം താമസിക്കാനായാലേ ഒരു വീടിനെ വീടെന്നു പറയാനാകൂ. അതിനാല്‍ത്തന്നെ, രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനി കോടികള്‍ ചെലവഴിച്ച് മുംബൈയില്‍ പണിതുയര്‍ത്തിയ ആകാശസൗധത്തെ നോക്കി ഇങ്ങനെ ചോദിക്കേണ്ടിവരും: 'ഇതൊരു വീടാണോ....?'

ഏതാണ്ട് 10,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആന്റില എന്ന പേരിലുള്ള ഈ മണിമാളിക ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വീടായാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ, മുകേഷ് ഒരു ദിവസം പോലും ഈ വീട്ടില്‍ കുടുംബ സമേതം അന്തിയുറങ്ങിയിട്ടില്ലത്രെ. കാരണമെന്താ? വാസ്തുദോഷം! വിദേശ മാധ്യമങ്ങളില്‍ ഇതു ചൂടന്‍ വാര്‍ത്തയായി കഴിഞ്ഞു.

കോടികള്‍ വാരിയെറിയുന്നതിനിടെ മുകേഷ്, വാസ്തുശാസ്ത്രം നോക്കാന്‍ വിട്ടുപോയതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ വീട്ടില്‍ മുകേഷും കുടുംബവും സുഹൃത്തുക്കള്‍ക്ക് നിരവധി തവണ പാര്‍ട്ടികള്‍ ഒരുക്കിയതാണെങ്കിലും ഒരു ദിവസം പോലും കിടന്നുറങ്ങിയിട്ടില്ല. മുകേഷിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ ഇക്കാര്യം പല തവണ അദ്ദേഹത്തിനോട് ചോദിച്ചതാണെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ചില അവസരങ്ങള്‍ അതെക്കുറിച്ച് സംസാരിക്കേണ്ട എന്നു പോലും മുകേഷ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സുഹൃത്ത് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ആന്റിലയില്‍ ഇതുവരെ മുകേഷും കുടുംബവും താമസം തുടങ്ങാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഔദ്യോഗിക വക്താവ് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: ആന്റില തികച്ചും സ്വകാര്യമായ ഒരു വീടാണ്. അതെപ്പറ്റി പൊതുചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ല.'

വീടിന്റെ നിര്‍മാണം പൂര്‍ത്തിയായതു മുതല്‍ വിവാദങ്ങള്‍ക്കും കുറവുണ്ടായില്ല. വഖഫ് ബോര്‍ഡിന്റെ ഭൂമിയില്‍ അനധികൃതമായാണ് വീട് പണിതത് എന്നായിരുന്നു ആദ്യ വിവാദം. നിര്‍മാണം പൂര്‍ത്തിയായി ആദ്യമാസം തന്നെ 70 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ വന്നതും വാര്‍ത്തയായി. വീടിന്റെ പേര് മാറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read:
ആകാശത്തിന് അതിരായി മുകേഷിന്റെ വീട്
അംബാനിക്ക് 70 ലക്ഷത്തിന്റെ വൈദ്യുതി ബില്‍
അംബാനി വീട്ട് പേര് മാറ്റുന്നു


Tags: Mukesh Ambani house Antilla fails in Vastu
»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00