|
|
റാസി റൊസാരിയോയുടെ 'റിഫ്രഷിങ്' എന്ന പെയിന്റിങ് |
പെയിന്റിങ് ഒരു കലയാണ്. അത് ഉപയോഗിച്ച് പണമുണ്ടാക്കുന്നത് അതിലും വലിയൊരു കഴിവാണ്. അതിന് പെയിന്റിങ് അറിയണമെന്നില്ല. ചെറുപ്പക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും വീട്ടിലിരുന്നു പണമുണ്ടാക്കാം; പെയിന്റിങ് വില്‍പനയിലൂടെ. പലപ്പോഴും ചിത്രകാരനെക്കാള്‍ പണം ഇത്തരം ആര്‍ട്ട് ട്രേഡേഴ്‌സിനാണ് ലഭിക്കുന്നതെന്ന് പ്രമുഖ യുവ ചിത്രകാരനായ റാസി റൊസാരിയോ പറയുന്നു.
ഓയില്‍ പെയിന്റിങ്, വാട്ടര്‍ കളര്‍, അക്രലിക് പെയിന്റിങ് എന്നിങ്ങനെ ഏതു തരം പെയിന്റിങ്ങുമാകട്ടെ നല്ല വിലയ്ക്ക് അവ വിറ്റഴിക്കാമെന്ന കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ പ്രതിമാസം നല്ലൊരു തുക വരുമാനമുണ്ടാക്കാം. ഗ്ലാസ് പെയിന്റിങ്, മ്യൂറല്‍ പെയിന്റിങ് എന്നിവയ്ക്കും നല്ല ഡിമാന്‍ഡുണ്ട്.
ആര്‍ട്ട് ഗ്യാലറികള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പെയിന്റിങ്ങുകളുടെ വാങ്ങലും വില്‍പനയും മുഖ്യമായും നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയും വില്‍പന നടക്കുന്നുണ്ട്.
നിക്ഷേപം എന്ന നിലയില്‍ ചിത്രങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നു വരുന്നതാണ് പെയിന്റിങ് ഒരു ബിസിനസ്സായി വളരാന്‍ കാരണം.
പെയിന്റിങ് വിപണിയിലേക്ക് ഇറങ്ങുമ്പോള്‍
ആയിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള പെയിന്റിങ്ങുകളുണ്ട്. ആര്‍ട്ട് ഗ്യാലറി വഴിയാണ് വില്‍പനയെങ്കില്‍ വിലയുടെ മൂന്നിലൊന്ന് തുക ഗ്യാലറിക്ക് നല്‍കണം. ഓണ്‍ലൈന്‍ വില്‍പനയിലും ഇത്തരത്തില്‍ കമ്മീഷന്‍ നല്‍കേണ്ടിവരും.
ചിത്രങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്
പെയിന്റിങ്ങിനെക്കാള്‍ പലപ്പോഴും പെയിന്റര്‍ക്കാണ് വില. അതിനാല്‍ വളര്‍ന്നുവരാന്‍ സാധ്യതയുള്ള ചിത്രകാരന്മാരെ കണ്ടെത്തി അവരുടെ ചിത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി സൂക്ഷിക്കാന്‍ കഴിയണം. മിക്കപ്പോഴും പഴക്കം കൂടുന്നതിനനുസരിച്ച് മൂല്യവും ഉയരും.
ക്ഷമ വേണം
25,000 രൂപ നല്‍കി ഇന്ന് വാങ്ങുന്ന ഒരു പെയിന്റിങ് നാളെ 40,000 രൂപയ്‌ക്കോ 50,000 രൂപയ്‌ക്കോ വില്‍ക്കാമെന്ന അതിമോഹം പാടില്ല. ഓരോ മാസം ഏഴും എട്ടും വില്‍പന നടത്താമെന്ന പ്രതീക്ഷയും വേണ്ട. ഒരു പെയിന്റിങ്ങിന് മികച്ച വില കിട്ടണമെങ്കില്‍ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ വര്‍ഷങ്ങളും. അതിനാല്‍ ക്ഷമയുള്ളവര്‍ മാത്രം ഇതിലേക്ക് ഇറങ്ങിയാല്‍ മതി.