കല്യാണ്‍ ജ്വല്ലറിയ്ക്ക് 30 കോടിയുടെ വിമാനം

Posted on: 03 Feb 2012




തൃശ്ശൂര്‍: 30 കോടി ചെലവില്‍ കല്യാണ്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നത് പറക്കുന്ന ഒരു ഓഫീസ്. അത്യാധുനിക ഓഫീസിന്റെ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ബ്രസീലിലെ എംപറര്‍ കമ്പനി നിര്‍മ്മിച്ച ഫെനോം100 എന്ന വിമാനത്തിന്റെ രൂപകല്പന. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ബി.എം.ഡബ്ല്യു. കമ്പനിയാണ് വിമാനത്തെ ഒരു പറക്കുന്ന ഓഫീസാക്കി മാറ്റിയിരിക്കുന്നത്. ഫിബ്രവരി 13ന് തീയതി രാവിലെ 10.35ന് വിമാനം നെടുമ്പാശ്ശേരിയില്‍ എത്തുന്നതോടെ രാജ്യത്തെ 250ഓളം വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ കഴിയുന്ന സ്വകാര്യ വിമാനം കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന് ഉപയോഗിക്കാന്‍ കഴിയും. അതോടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ സ്വകാര്യ വിമാനം എന്ന സ്ഥാനവും കല്യാണിന് സ്വന്തമാകും.

പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനത്തില്‍ നാലുപേര്‍ക്ക് മുഖാമുഖമിരുന്ന് ചര്‍ച്ചകള്‍ നടത്താം. 4 പ്രധാന സീറ്റിങ്ങിന് പിന്നിലായി ഒരാള്‍ക്കുകൂടിയിരിക്കാനുള്ള സീറ്റുണ്ട്. കൂടാതെ മറ്റ് വിമാനങ്ങളില്‍ സാധാരണ ഉണ്ടാകാറുള്ള എല്ലാ സംവിധാനവും ഇതിലുണ്ടാകും.

രണ്ടരക്കോടി രൂപയാണ് വാര്‍ഷിക ചെലവ്. ഒരിക്കല്‍ ഇന്ധനം നിറച്ചാല്‍ മൂന്നുമണിക്കൂര്‍ 50 മിനിറ്റ് പറക്കാം. ഓരോ മണിക്കൂറിനും അരലക്ഷം രൂപ വേറെയും ചെലവ് വരും. 25 മിനിറ്റ്‌കൊണ്ട് 41,000 അടി ഉയരത്തിലെത്താന്‍ കഴിയും. 4000 അടിയുള്ള റണ്‍വെയില്‍ വിമാനത്തിന് ഇറങ്ങാം.

സജാദ് മുഹമ്മദ് തലവനായുള്ള ടൈറ്റാന്‍ ഏവിയേഷനാണ് വിമാനം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബ്രസീലില്‍ നിന്ന് 40 മണിക്കൂര്‍ പറന്ന് 10 രാജ്യങ്ങള്‍ താണ്ടി വിമാനം ഡല്‍ഹിയില്‍ എത്തി. അവിടെനിന്ന് മുംബൈയില്‍ കൊണ്ടുവന്ന വിമാനം 13ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങും. പൈലറ്റ് പാലക്കാട്ടുകാരനായ പ്രദീപ് മേനോനും കോ-പൈലറ്റ് തൃശ്ശൂര്‍ സ്വദേശിയായ സോജന്‍ സോമനുമാണ്.

സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തെ 61ാമത്തെ വിമാനമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാക്കുന്നതുമായ കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനും ഗ്രൂപ്പിന്റെ വ്യാവസായിക മുന്നേറ്റത്തിനും പുതിയ വിമാനം കൂടുതല്‍ പ്രയോജനകരമായിരിക്കുമെന്ന് കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമനും, രമേഷ് കല്യാണരാമനും പറഞ്ഞു.
Tags: Kalyan Jewellers Group buys private jet
»  News in this Section
ഗ്രാം2510.00
പവന്‍20080.00
വെള്ളി
ഗ്രാം54.00