
ഭാവിയെ ലക്ഷ്യമാക്കി, മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ ഉത്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കരാറാണ് ഉത്പന്ന അവധിവ്യാപാരം അഥവാ കമോഡിറ്റി ഫ്യൂച്ചേഴ്‌സ്. ഭാവിയിലുണ്ടായേക്കാവുന്ന നഷ്ടം ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
റിയല്‍ എസ്റ്റേറ്റ് വില കുതിച്ചുയരുന്ന അവസരത്തില്‍ അഡ്വാന്‍സ് തുക നല്‍കി ഇന്ന ഭൂമി ഇത്ര രൂപയ്ക്ക് വാങ്ങാമെന്ന് കരാര്‍ ഉണ്ടാക്കുന്നതു പോലെയാണ് അവധി വ്യാപാരവും. മിക്കപ്പോഴും മൂന്ന് മുതല്‍ ആറ് വരെ മാസം കഴിഞ്ഞായിരിക്കും മുഴുവന്‍ തുകയും നല്‍കി ഭൂമി കൈപ്പറ്റുക. പക്ഷെ തുടക്കത്തില്‍ അഡ്വാന്‍സ് തുക നല്‍കിയാണ് കരാര്‍ ഉറപ്പിക്കുക. മൂന്ന് മാസത്തിനിടെ വില ഉയരുകയാണെങ്കില്‍ കരാര്‍ വാങ്ങിയ ആളിന് ലാഭമുണ്ടാക്കാം. വില കുറയുകയാണെങ്കില്‍ നഷ്ടവും.
ഇതുപോലെ തന്നെയാണ് അവധി വ്യാപാരവും. നിശ്ചിത തുക മാര്‍ജിന്‍ (അഡ്വാന്‍സ്) നല്‍കി ഉത്പന്നം വാങ്ങാം. വില കൂടുകയാണെങ്കില്‍ ലാഭം. കുറയുകയാണെങ്കില്‍ നഷ്ടവും.
അവധി കരാര്‍ വാങ്ങുന്നതു പോലെ വില്‍ക്കുകയും ചെയ്യാം. പ്രസ്തുത ഉത്പന്നത്തിന് വില കുറയുമെന്ന അനുമാനത്തില്‍ അവധി കരാറില്‍ വിറ്റുവെയ്ക്കാനും കഴിയും.
മുഴുവന്‍ തുകയും നല്‍കാതെ മാര്‍ജിന്‍ തുക മാത്രം നല്‍കി വ്യാപാരത്തില്‍ ഏര്‍പ്പെടാമെന്നതാണ് ഫ്യൂച്ചേഴ്‌സ് ട്രേഡിന്റെ ഏറ്റവും വലിയ സവിശേഷത. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമൊക്കെ വരും മാസങ്ങളിലെ വില അറിയാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ് അവധി വ്യാപാരം.
കാര്‍ഷിക ഉത്പന്നങ്ങളാണ് ഫ്യൂച്ചേഴ്‌സ് കരാറിലൂടെ മുഖ്യമായും വ്യാപാരം ചെയ്യുന്നത്. സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെയും അവധി വ്യാപാരം ഇപ്പോള്‍ വന്‍തോതില്‍ നടക്കുന്നുണ്ട്. കുരുമുളക്, റബ്ബര്‍, ഏലം തുടങ്ങി കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങളുമുണ്ട്.
രാജ്യത്തെ പ്രമുഖ കമോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഉത്പന്ന അവധി വ്യാപാരം നടക്കുന്നത്. മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച് (MCX), നാഷണല്‍ കമോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് (NCDEX), നാഷണല്‍ മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച് (NMCE) എന്നിവയാണ് ഇന്ത്യയിലെ മുന്‍നിര കമോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍.
എംസിഎക്‌സ്
2003 നവംബറില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച് (MCX) ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഉത്പന്ന അവധി വ്യാപാര എക്‌സ്‌ചേഞ്ചാണ്. വെള്ളിയുടെ അവധി വ്യാപാരത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ് എംസിഎക്‌സ്. സ്വര്‍ണത്തില്‍ രണ്ട് -മൂന്ന് സ്ഥാനങ്ങളില്‍ മാറി മാറി നില്‍ക്കുന്നു. ഇന്ത്യയിലെ സ്വര്‍ണ അവധി വ്യാപാരത്തിന്റെ ബഹുഭൂരിഭാഗവും എംസിഎക്‌സിന്റെ കൈയിലാണ്. സ്വര്‍ണം ഉള്‍പ്പെടെ, മൊത്തം 40ലേറെ ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നുണ്ട്.
ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് ഇന്ത്യാ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഈ എക്‌സ്‌ചേഞ്ചില്‍ എന്‍വൈസിഇ യൂറോനെക്‌സ്റ്റ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), നബാര്‍ഡ്, എന്‍എസ്ഇ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, കനറാ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഫിഡ് ഫണ്ട് മൗറീഷ്യസ്, ഐസിഐസിഐ വെഞ്ച്വേഴ്‌സ്, ഐഎല്‍ ആന്‍ഡ് എഫ്എസ്, കൊട്ടക് ഗ്രൂപ്പ്, സിറ്റി ഗ്രൂപ്പ്, മെറില്‍ ലിഞ്ച് എന്നിവ ഓഹരി ഉടമകളാണ്.
എന്‍എംസിഇ
2002 നവംബറിലാണ് നാഷണല്‍ മള്‍ട്ടി കമോഡിറ്റി എക്‌സ്‌ചേഞ്ച് (NMCE) അവധിവ്യാപാരം ആരംഭിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദാണ് ആസ്ഥാനം. സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍, നാഫെഡ്, ഗുജറാത്ത് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, ഗുജറാത്ത് സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിങ് ബോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിങ്, നെപ്റ്റിയൂണ്‍ ഓവര്‍സീസ് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് പ്രൊമോട്ട് ചെയ്യുന്ന എന്‍എംസിഇയില്‍ രാജ്യത്തെ ഏറ്റവും വലിയ ദേശസാത്കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും ഓഹരി പങ്കാളിയാണ്.
എന്‍സിഡെക്‌സ്
2003 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച നാഷണല്‍ കമോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് (NCDEX) 2003 ഡിസംബര്‍ 15നാണ് ഉത്പന്ന അവധി വ്യാപാരം തുടങ്ങിയത്. ഐസിഐസിഐ ബാങ്ക്, എല്‍ഐസി, നബാര്‍ഡ്, എന്‍എസ്ഇ എന്നിവ പ്രൊമോട്ടര്‍മാരായി തുടങ്ങിയ എന്‍സിഡെക്‌സില്‍ കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ക്രിസില്‍, ഇഫ്‌കോ, ഗോള്‍ഡ്മാന്‍ സാക്‌സ്, ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ച് (ഐസിഇ), ശ്രീ രേണകാ ഷുഗേഴ്‌സ്, ജേപി ക്യാപ്പിറ്റല്‍ സര്‍വീസസ് എന്നിവയൊക്കെ ഓഹരി ഉടമകളാണ്.