വീണ്ടും സ്വര്‍ണ്ണത്തിളക്കം

Posted on: 07 May 2012


ആര്‍.റോഷന്‍



സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറിയതോടെ വില സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. സാധാരണക്കാരും നിക്ഷേപകരും നിക്ഷേപക സ്ഥാപനങ്ങളുമെല്ലാം ഈ മഞ്ഞലോഹത്തിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, മിന്നല്‍വേഗത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. 2002 ജനവരി ഒന്നിന് 3, 416 രൂപയായിരുന്ന പവന്‍വില 10 വര്‍ഷം കൊണ്ട് ഏതാണ്ട് ആറ് മടങ്ങ് ഉയരുകയായിരുന്നു.

ഇക്കഴിഞ്ഞ ആഗസ്ത് 19നാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 20, 000 രൂപ ഭേദിച്ചത്. 22 ആയപ്പോഴേക്കും 21, 000വും കടന്നു. ഡിസംബര്‍ എട്ടിന് 21, 760 രൂപയിലെത്തി പുതിയ റെക്കോഡ് കുറിച്ചെങ്കിലും പിന്നീടുള്ള 4-5 മാസങ്ങള്‍ ചാഞ്ചാട്ടത്തിന്റേതായിരുന്നു. ഒടുവില്‍ മെയ് ഒന്നിനാണ് 21, 760 രൂപയില്‍ തിരിച്ചെത്തിയത്.

അമേരിക്കയും യൂറോപ്പും സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാതെ നില്‍ക്കുന്നതാണ് സ്വര്‍ണത്തിന് വീണ്ടും തിളക്കം കൂട്ടിയത്. ലോകത്തിലെ പല രാജ്യങ്ങളും ഖജനാവിലേക്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനവിന് ഇടയാക്കുന്നു. ഓഹരി വിപണിയിലെ ഇടിവും ഡോളറിന്റെ വില വര്‍ധനവും സ്വര്‍ണത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

അന്താരാഷ്ട്ര നാണയനിധിയുടെ കണക്കനുസരിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 439. 7 ടണ്‍ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇത്രയധികം സ്വര്‍ണം ഒരു വര്‍ഷംകൊണ്ട് കേന്ദ്രബാങ്കുകള്‍ വാങ്ങുന്നത് ഇതാദ്യമാണ്. ഇതിന് പുറമെ, ചൈനയും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. പ്രത്യേക ഏജന്‍സി വഴിയാണിത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2009ല്‍ അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് 200 ടണ്‍ സ്വര്‍ണം ഖജനാവിലേക്ക് വാങ്ങിയിരുന്നു. ഒരു ട്രോയ് ഔണ്‍സിന് ( 31. 1 ഗ്രാം ) ശരാശരി 1040 ഡോളര്‍ വീതം നല്‍കിയായിരുന്നു ഇത്. ഇതോടെ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ വിഹിതം 9. 2 ശതമാനമായി ഉയര്‍ന്നു. നിലവില്‍, 557. 75 ടണ്‍ സ്വര്‍ണമാണ് ഇന്ത്യന്‍ ഖജനാവിലുള്ളത്. ഇതിന്റെ മൂല്യം ഏതാണ്ട് 1. 45 ലക്ഷം കോടി രൂപ വരും.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ആഭരണ ഡിമാന്‍ഡിന് പുറമെ നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി. ക്രൂഡോയില്‍ വില വര്‍ധനവാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ മറ്റൊരു പ്രധാന കാരണം. ക്രൂഡോയില്‍ വില വര്‍ധന പണപ്പെരുപ്പം ഉയരാന്‍ കാരണമാകും. പണപ്പെരുപ്പത്തെ നേരിടാനുള്ള ഏറ്റവും സുരക്ഷിത നിക്ഷേപമാര്‍ഗ്ഗമാണ് സ്വര്‍ണമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം താഴാതെ നില്‍ക്കുന്നതാണ് സ്വര്‍ണത്തിലേക്ക് തിരിയാന്‍ കേന്ദ്ര ബാങ്കുകളെയും നിക്ഷേപകരെയും പ്രേരിപ്പിക്കുന്നത്. നിക്ഷേപം, ആഭരണം എന്നിവയ്ക്ക് പുറമെ വ്യാവസായികാവശ്യത്തിനും സ്വര്‍ണം ഇപ്പോള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇതിനനുസരിച്ച് ഉത്പാദനം കൂടുന്നില്ല. അതിനാല്‍ തന്നെ ദീര്‍ഘകാലാടിസ്ഥാനത്തിലും പേടി കൂടാതെ സൂക്ഷിക്കാവുന്ന സമ്പത്തായി മാറുകയാണ് സ്വര്‍ണം.

പുതിയ നിക്ഷേപമാര്‍ഗങ്ങള്‍


സ്വര്‍ണവില കൈയെത്താ ദൂരത്തേക്ക് ഉയരുമ്പോഴും പ്രതിമാസം നൂറുരൂപ മാത്രം മുടക്കി ഇന്ന് സ്വര്‍ണത്തില്‍ നിക്ഷേപം ആരംഭിക്കാം. മാസം നൂറുരൂപയെങ്കിലും മാറ്റിവെയ്ക്കാനാവാത്തവര്‍ ഇന്ന് ആരുണ്ട്?കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ആഭരണം എന്ന നിലയില്‍ മാത്രമായിരുന്നു നാം സ്വര്‍ണം വാങ്ങിയിരുന്നത്.

അതിനപ്പുറം, സ്വര്‍ണനാണയങ്ങളും തങ്കക്കട്ടികളുമുണ്ടായിരുന്നു. എന്നാല്‍ 2007-08 മുതല്‍ സ്വര്‍ണത്തില്‍ ഒട്ടനവധി നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തുറന്നു. കൈയില്‍ സൂക്ഷിക്കാതെ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്നതാണ് ഈ നിക്ഷേപ മാര്‍ഗങ്ങള്‍. ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ നിക്ഷേപം നടത്താം. ചിലതിന് ഡീമാറ്റ് അക്കൗണ്ട് പോലും വേണ്ട. സ്വര്‍ണത്തിലെ പുതിയ നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം:

ഇ-ഗോള്‍ഡ്


സ്വര്‍ണം കൈയില്‍ വെയ്ക്കാതെ തന്നെ സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളുടെ നേട്ടം കൊയ്യാമെന്നതാണ് ഈ നിക്ഷേപമാര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഡീമാറ്റ് രൂപത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ക്ക് സൗകര്യമൊരുക്കുന്ന പദ്ധതിയാണിത്. ഉത്പന്ന തയ്യാര്‍ വ്യാപാര എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡാണ് ( എന്‍. എസ്. ഇ. എല്‍ ) ഈ നിക്ഷേപമാര്‍ഗ്ഗം അവതരിപ്പിച്ചിട്ടുള്ളത്.

ചെറുനിക്ഷേപങ്ങള്‍ വരെ സാധ്യമാണ് എന്നതാണ് ഇ-ഗോള്‍ഡിന്റെ പ്രത്യേകത. 995 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് ഒരു യൂണിറ്റ്. പരമാവധി 10, 000 യൂണിറ്റുകള്‍ വരെ വാങ്ങാം. എപ്പോള്‍ വേണമെങ്കിലും വിറ്റു പണമാക്കാം. പണം വേണ്ട, സ്വര്‍ണം മതി എന്നുള്ളവര്‍ക്ക് ഡെലിവറി എടുക്കാനും അവസരമുണ്ട്. എന്‍എസ്ഇഎല്ലില്‍ അംഗത്വമെടുത്തിട്ടുള്ള ഏത് സ്റ്റോക്ക് ബ്രോക്കിങ്, കമോഡിറ്റി ബ്രോക്കിങ് സ്ഥാപനങ്ങളില്‍ നിന്നും ഇ-ഗോള്‍ഡ് വാങ്ങാവുന്നതാണ്.

ഗോള്‍ഡ് ഇടിഎഫ്


സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ( ഗോള്‍ഡ് ഇടിഎഫ് ) . സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നത്.

നിരവധി നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ച്, നിക്ഷേപകര്‍ക്ക് ലാഭം കിട്ടുന്ന തരത്തില്‍, ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് രീതി തന്നെയാണ് സ്വര്‍ണത്തിലും അവലംബിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുകയ്ക്ക് സ്വര്‍ണക്കട്ടികള്‍ വാങ്ങി സൂക്ഷിക്കുകയാണ് ഗോള്‍ഡ് ഇടിഎഫുകള്‍ ചെയ്യുന്നത്. സ്വര്‍ണവിലയെ മാത്രം ആശ്രയിച്ചായതിനാല്‍ ഏത് ഗോള്‍ഡ് ഇടിഎഫുകളുടെയും പ്രകടനം ഏറെക്കുറെ ഒരുപോലെയാണ്.

ഓഹരികള്‍ വ്യാപാരം ചെയ്യുന്നതുപോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ഇവയുടെ വ്യാപാരവും നടക്കുന്നത്. അതിനാലാണ് ഇവയെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ( ഇടിഎഫ് ) എന്ന് വിളിക്കുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം വിറ്റ് പണമാക്കാം.

രാജ്യത്തെ മുന്‍നിര മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്കൊക്കെ ഗോള്‍ഡ് ഇടിഎഫ് ഉണ്ട്. യൂണിറ്റ് അടിസ്ഥാനത്തിലാണ് ഗോള്‍ഡ് ഇടിഎഫിലെ നിക്ഷേപം. ഒരു ഗ്രാം സ്വര്‍ണമാണ് ഒരു യൂണിറ്റ്. അതായത്, ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായ തുകയായിരിക്കും ഒരു യൂണിറ്റിന്. എന്നാല്‍ ചില മ്യൂച്വല്‍ ഫണ്ടുകളില്‍ അര ഗ്രാമാണ് ഒരു യൂണിറ്റ്.

ഡീമാറ്റ് രൂപത്തിലോ സര്‍ട്ടിഫിക്കറ്റ് രൂപത്തിലോ ആണ് ഗോള്‍ഡ് ഇടിഎഫിലെ വാങ്ങലും വില്‍പനയും നടക്കുന്നത്. ഗോള്‍ഡ് ഇടിഎഫുകള്‍ സ്വര്‍ണമായി മാറ്റിവാങ്ങാനാവില്ല. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി ) ഇത് അനുവദിച്ചിട്ടില്ല. മ്യൂച്വല്‍ ഫണ്ട് വിതരണക്കാരില്‍ നിന്നോ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളില്‍ നിന്നോ ഗോള്‍ഡ് ഇടിഎഫ് വാങ്ങാവുന്നതാണ്.

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്


സ്വര്‍ണത്തിലെ നിക്ഷേപംപോലെ മൂല്യവര്‍ധനവിന് അവസരമുള്ളതാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം. സ്വര്‍ണം ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ഓഹരികളാണ് ഇത്തരം മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്നത്. സ്വര്‍ണഖനന കമ്പനികള്‍, വന്‍കിട സ്വര്‍ണാഭരണ കമ്പനികള്‍ എന്നിവയൊക്കെ ഇതില്‍ പെടുന്നു. ഇവയുടെ ഓഹരി വിലയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളുടെ റിട്ടേണ്‍.

ഡി.എസ്.പി. ബ്ലാക്ക്‌റോക്ക് വേള്‍ഡ് ഗോള്‍ഡ് ഫണ്ടും എ. ഐ. ജി. വേള്‍ഡ് ഗോള്‍ഡ് ഫണ്ടുമാണ് ഇന്ത്യയില്‍ ലഭ്യമായ പ്രമുഖ സ്വര്‍ണഫണ്ടുകള്‍. അതത് മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളുടെ ശാഖകളില്‍ നിന്നോ ഈ മ്യൂച്വല്‍ ഫണ്ടുകള്‍ വിതരണം ചെയ്യുന്ന ബാങ്കുകളില്‍ നിന്നോ ഇവ വാങ്ങാവുന്നതാണ്. സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിലും ഇവ ലഭ്യമാണ്.

നൂറ് രൂപയ്ക്ക് സ്വര്‍ണനിക്ഷേപം


അര ഗ്രാമിന്റെ വില പോലും മുടക്കാതെ സ്വര്‍ണത്തില്‍ നിക്ഷേപം തുടങ്ങാം. പ്രതിമാസം വെറും നൂറു രൂപ കരുതിവെച്ചാല്‍ മതി. ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട് നിക്ഷേപമാര്‍ഗമാണ് ഇതിന് അവസരമൊരുക്കുന്നത്. സ്വര്‍ണത്തിലെ സ്ഥിരനിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഫണ്ടാണ് ഇത്. മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നത്. 10 രൂപയാണ് ഒരു യൂണിറ്റിന്റെ മുഖവില.

സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ച് വില ( നെറ്റ് അസറ്റ് വാല്യു - എന്‍എവി ) കൂടുകയോ കുറയുകയോ ചെയ്യും. റിലയന്‍സ് മ്യൂച്വല്‍ ഫണ്ടാണ് ഇത്തരത്തിലെ ആദ്യ ഫണ്ട് അവതരിപ്പിച്ചത്. പിന്നീട് മറ്റു ചില മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ഇവ അവതരിപ്പിച്ചു. മാസാമാസമുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലാണ് ( സിപ് ) 100 രൂപ നിക്ഷേപിക്കാന്‍ അവസരമുള്ളത്. സാധാരണ മ്യൂച്വല്‍ ഫണ്ട് വാങ്ങുന്നതുപോലെത്തന്നെ ഗോള്‍ഡ് സേവിങ്‌സ് ഫണ്ടും വാങ്ങാം.

Also Read:
സ്വര്‍ണം ബാങ്കിലും നിക്ഷേപിക്കാം
സ്വര്‍ണനാണയം എവിടെ നിന്ന് വാങ്ങാം?
Tags: How to invest in Gold in India
»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00