സ്വര്‍ണത്തിന് സുവര്‍ണകാലം
Posted on: 26 Mar 2010
മാസശമ്പളത്തില്‍ നിന്നും ഒരു സ്വര്‍ണനാണയം... നിങ്ങള്‍ക്കും പരീക്ഷിക്കാം. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് സാധ്യതയേറുകയാണ്...

പണപ്പെരുപ്പം അതിര് കടക്കുമ്പോഴും നിക്ഷേപങ്ങളുടെ പലിശനിരക്ക് കുത്തനെ കുറയുമ്പോഴും സ്വര്‍ണനിക്ഷേപത്തിന് കുലുക്കമില്ല. സ്വര്‍ണവില കൂടുകതന്നെയാണ്. പലിശ കിട്ടാത്ത നിക്ഷേപമാണ് സ്വര്‍ണം എന്നാണോ പരാതി? പക്ഷേ, ഒന്നോര്‍ക്കുക; വിലക്കയറ്റം ഒന്നുകൊണ്ടുമാത്രം പലിശ കിട്ടുന്ന ധനനിക്ഷേപത്തേക്കാള്‍ ലാഭകരമാണ് സ്വര്‍ണത്തിലെ നിക്ഷേപം. കഴിഞ്ഞവര്‍ഷം മാത്രം സ്വര്‍ണവില 24 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ 8-10 വര്‍ഷങ്ങളായി സ്വര്‍ണത്തിന്റെ വിലയില്‍ വന്ന മാറ്റം നിക്ഷേപങ്ങള്‍ തരുന്ന പലിശനിരക്കിനേക്കാള്‍ കൂടുതലാണ്. ചുരുക്കത്തില്‍ ആഭരണങ്ങള്‍ എന്നതിനേക്കാള്‍ നിക്ഷേപം എന്ന നിലയിലാണ് ഇനി ലോകം സ്വര്‍ണത്തെ കണക്കാക്കാന്‍ പോവുന്നത്.
നിക്ഷേപത്തിന് പലവഴി
സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ പല വഴികളുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍. ഇതിനെ ചുരുക്കത്തില്‍ ഗോള്‍ഡ് ഇ ടി എഫ് എന്നു വിളിക്കാം. സ്വര്‍ണത്തിന്റെ വില നീക്കത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തിട്ടുളളതാണ് ഗോള്‍ഡ് ഇ ടി എഫ്.
സ്വര്‍ണവിലയില്‍ ഒരിക്കലും ഭീമമായ കുറവ് വരാന്‍ സാധ്യതയില്ല. അതുകൊണ്ട് മറ്റ് ഓഹരികളേക്കാള്‍ ഗോള്‍ഡ് ഇടിഎഫ് സുരക്ഷിതമാണ്. അതേസമയം വളര്‍ച്ചാനിരക്ക് മറ്റ് ഓഹരികളുടെ അത്ര ഇല്ലാത്തതിനാല്‍ ദീര്‍ഘകാലത്തേക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണ് ലാഭകരം.
ഗോള്‍ഡ് ഇ ടി എഫിന്റെ സ്വഭാവം മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്ക് സമാനമാണ്. ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇ ടി എഫ് നിക്ഷേപത്തിനായി എത്തിച്ചിട്ടുളളത്. ഗോള്‍ഡ് ഇ ടി എഫില്‍ നിക്ഷേപിക്കുന്ന തുക അതിനു തുല്യമായ സ്വര്‍ണം വാങ്ങിക്കുവാന്‍ ഈ ഫണ്ട് ഹൗസുകള്‍ ഉപയോഗിക്കുന്നു. ഫണ്ട് ഹൗസുകള്‍ തന്നെ സ്വര്‍ണത്തിന്റെ സൂക്ഷിപ്പ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ ഉത്തരവാദിത്വം വഹിക്കുന്നു. അതായത് ഗോള്‍ഡ് ഇ ടി എഫുകള്‍ വാങ്ങുകയെന്നതിനപ്പുറത്ത് നിക്ഷേപകന് തലവേദനകള്‍ ഒന്നുംതന്നെയില്ല.
രണ്ടു തരത്തില്‍ ഗോള്‍ഡ് ഇ ടി എഫില്‍ നിക്ഷേപം നടത്താം. സ്വര്‍ണവിലയെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഗോള്‍ഡ് ഇ ടി എഫ് യൂണിറ്റുകള്‍ നിക്ഷേപകര്‍ക്ക് ന്യൂഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ) വഴി മ്യൂച്വല്‍ ഫണ്ട് നല്കുന്നു. ന്യൂഫണ്ട് ഓഫര്‍ കാലാവധി കഴിയുമ്പോള്‍ അവയെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നു. പിന്നീട് സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍നിന്ന് നിക്ഷേപകന് ഗോള്‍ഡ് ഇ ടി എഫുകള്‍ വാങ്ങാം. സാധാരണ ഓഹരി വ്യാപാരത്തിനുളള നടപടി ക്രമങ്ങളാണു ഇതിനുമുളളത്. ഏതെങ്കിലും ഓഹരി ബ്രോക്കറുടെ പക്കല്‍ വ്യാപാര അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുറക്കണമെന്നു മാത്രം.
ഗോള്‍ഡ് ഇ ടി എഫിന് ചില ഗുണങ്ങളുണ്ട്. വളരെ കുറഞ്ഞ തുകയും ഇതില്‍ നിക്ഷേപിക്കുവാന്‍ സാധിക്കും. എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുളളതിനാല്‍ എളുപ്പത്തില്‍ വിറ്റഴിക്കുവാന്‍ സാധിക്കും. ആഭരണങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ചെറിയ ചെലവില്‍ ഇവ വാങ്ങാം. ബ്രോക്കറേജ് മാത്രം നല്കിയാല്‍ മതി.
സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ കുറഞ്ഞ നികുതിയേ ഗോള്‍ഡ് ഇ ടി എഫിനുളളു. സ്വര്‍ണം വാങ്ങി മൂന്നു വര്‍ഷം കൈവശം സൂക്ഷിച്ചാല്‍ മാത്രമേ ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കുകയുള്ളു. ഗോള്‍ഡ് ഇ ടി എഫിന് ഇത് ഒരു വര്‍ഷമാണ്. മൂന്നു വര്‍ഷത്തിനുളളില്‍ വിറ്റാല്‍ ഹ്രസ്വകാല കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് നല്കണം. ഡീമാറ്റ് രൂപത്തിലായതിനാല്‍ ഗോള്‍ഡ് ഇ ടി എഫിന് നികുതി ഇല്ല. ഗോള്‍ഡ് ഇ ടി എഫ് പണമാക്കി മാറ്റുമ്പോള്‍ ഇക്വിറ്റി ഇതര മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കുളള നികുതിഘടനയാണ് ബാധകം.
ഇന്ത്യയില്‍ ഗോള്‍ഡ് ഇ ടി എഫ് ആരംഭിച്ചിട്ട് മൂന്നു വര്‍ഷമാകുന്നതേയുളളു. ബഞ്ച് മാര്‍ക്ക് മ്യൂച്വല്‍ ഫണ്ടാണ് ആദ്യമായി ഗോള്‍ഡ് ഇ ടി എഫ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. 2007 ഫെബ്രുവരിയില്‍. തുടര്‍ന്ന് യു ടി ഐ മ്യൂച്വല്‍ ഫണ്ട്, കോടക് മഹീന്ദ്ര, റിലയന്‍സ് മ്യൂച്വല്‍ ഫണ്ട്, ക്വാണ്ടം മ്യൂച്വല്‍ ഫണ്ട്, എസ് ബി ഐ മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ ഗോള്‍ഡ് ഇ ടി എഫുകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ റെലിഗര്‍ മ്യൂച്വല്‍ ഫണ്ട് റെലിഗര്‍ ഗോള്‍ഡ് ഇ ടി എഫുമായി വിപണിയില്‍ എത്തിയിട്ടുണ്ട്.
ആദ്യ ഗോള്‍ഡ് ഇ ടി എഫ് ആയ ബഞ്ച് മാര്‍ക്ക് ഗോള്‍ഡ് ഇ ടി എഫ് പദ്ധതി തുടങ്ങിയതില്‍ പിന്നീട് 20.02 ശതമാനം റിട്ടേണ്‍ നല്കിയിട്ടുണ്ട്. യു ടി ഐ ഗോള്‍ഡ് 20.27ശതമാനവും കോടക് മഹീന്ദ്ര 26.63 ശതമാനവും റിലയന്‍സ് ഗോള്‍ഡ് 220.68 ശതമാനവും ക്വാണ്ടം ഗോള്‍ഡ് 14.18 ശതമാനവും എസ് റിട്ടേണ്‍ നല്കി. 2009 ഏപ്രിലില്‍ ആരംഭിച്ച എസ് ബി ഐ ഗോള്‍ഡ് ഇ ടി എഫിന്റെ ഇതുവരെയുളള റിട്ടേണ്‍ 9.69ശതമാനമാണ്. ഗോള്‍ഡ് ഇ ടി എഫുകളുടെയെല്ലാം പ്രകടനവും പ്രവര്‍ത്തനവും ഏതാണ്ട് ഒരേ പോലെയാണ്. റിട്ടേണിലും കാര്യമായ വ്യത്യാസമില്ല. അതിനാല്‍ ഏതു ജി ടി എഫ് തെരഞ്ഞെടുത്താലും ഒരേപോലെയാണ്.
സ്വര്‍ണ വായ്പ
വളരെ എളുപ്പം കിട്ടുന്ന വായ്പയാണ് സ്വര്‍ണം പണയം വെച്ചുള്ള വായ്പ. ആദായനികുതി രേഖകളടക്കം മറ്റൊരു സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടിവരുന്നില്ല. സ്വര്‍ണക്കട്ടി, കോയിന്‍ എന്നതിനേക്കാള്‍ ആഭരണങ്ങളിന്മേലാണ് മിക്ക ധനകാര്യസ്ഥാപനങ്ങളും സ്വര്‍ണവായ്പ നല്‍കുന്നത്. വായ്പ എടുക്കാന്‍ ഒരു പ്രോമിസറി നോട്ട് എഴുതി നല്‍കുക മാത്രമേ വേണ്ടിവരൂ. വായ്പയെടുത്ത കാലാവധി കഴിഞ്ഞിട്ടും പണയം തിരികെയെടുത്തില്ലെങ്കില്‍ സ്ഥാപനങ്ങള്‍ നോട്ടീസ് അയച്ചിരിക്കും. പലിശ തീര്‍ത്തടയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ലെങ്കില്‍ പണയം വെച്ച ആഭരണം ലേലത്തില്‍ വെക്കുന്നു.
സ്വര്‍ണം വാങ്ങുമ്പോള്‍

വിവാഹങ്ങള്‍ താരതമ്യേന കുറഞ്ഞ മഴക്കാലങ്ങളിലാണ് - ജൂണ്‍, ജൂലായ് - സ്വര്‍ണത്തിന് വില കുറയുന്നത്. വിലക്കുറവ് നോക്കി സ്വര്‍ണം വാങ്ങാം. വിവാഹത്തിനുള്ള സ്വര്‍ണം ആഭരണങ്ങളായി വാങ്ങിവെക്കും ചിലര്‍. ചിലരാവട്ടെ, മക്കളുടെ വിവാഹത്തിനായി മാസശമ്പളത്തില്‍നിന്ന് ഓരോ 'ഗോള്‍ഡ് കോയിന്‍' വാങ്ങി സമ്പാദിക്കുന്നു. ഗോള്‍ഡ് കോയിന്‍ ഒരു ഗ്രാം തൊട്ട് മുകളിലേക്ക് എത്ര ഗ്രാം വരെയും കിട്ടും. വലിയ ബുദ്ധിമുട്ടുണ്ടാക്കാത്ത നല്ലൊരു സമ്പാദ്യശീലമാണ് ഈ പ്രതിമാസ ഗോള്‍ഡ്‌കോയിന്‍ പദ്ധതി.
വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അംഗീകൃത ജ്വല്ലറികളില്‍നിന്നുതന്നെ വാങ്ങുക. 'ഹാള്‍ മാര്‍ക്ക്' ചിഹ്നമുള്ള ആഭരണങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ സംശയമെന്യേ വില കൃത്യമായി കിട്ടും. ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ പൊതുവെ പണിക്കൂലിയിനത്തില്‍ കാശ് നഷ്ടപ്പെടും. കല്ലുകളും മുത്തും പതിച്ച ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ കൊടുത്തവില വില്‍ക്കുമ്പോള്‍ കിട്ടില്ല. വിവാഹാവശ്യത്തിന് കല്ലും മുത്തും പതിക്കാത്ത സ്വര്‍ണാഭരണങ്ങള്‍ കൂടുതലായി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണം വാങ്ങുമ്പോള്‍ കോയിനുകളായോ ഗോള്‍ഡ് ബാര്‍ ആയോ വാങ്ങുക. ഇവ സാധാരണ ജ്വല്ലറികളില്‍നിന്നും ചില ബാങ്കുകളില്‍നിന്നും വാങ്ങാന്‍ കിട്ടും. ഇവ കുറച്ചുകാലം സൂക്ഷിച്ച് വെച്ചിട്ട് പിന്നീട് ആവശ്യം വരുമ്പോള്‍ വില്‍ക്കുന്നതാണ് ലാഭകരം.
സ്വര്‍ണത്തിന് ഇന്‍ഷുറന്‍സ് കവറേജ് കിട്ടും. ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരിക്കലും സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കരുത്. വിവാഹത്തിന് വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുകതന്നെയാണ് ഏറ്റവും നല്ലത്. ലോക്കറില്‍ വെക്കുന്ന ആഭരണങ്ങള്‍ക്ക് സ്വാഭാവികമായും ബാങ്ക് ഇന്‍ഷുറന്‍സ് തരികയും ചെയ്യും.