ക്രിയേറ്റീവ് കാറ്ററിങ്‌

Posted on: 13 Jan 2012


സന്ദീപ് സുധാകര്‍



പാചകം ഒരു കലയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മലബാര്‍ ബിരിയാണി തൊട്ട് തൂശനിലയിലെ വിളമ്പുന്ന തുമ്പപ്പൂ ചോറും എട്ടു കൂട്ടം കറികളും പായസവുമെല്ലാം തയ്യാറാക്കാന്‍ പാചക കലയില്‍ നൈപുണ്യം തന്നെ വേണം. എന്നാലിന്ന് ജീവിതത്തിന് വേഗം കൂടുമ്പോള്‍ ഭക്ഷണം ഒരു ആവശ്യം മാത്രമെന്ന സ്ഥിതിയാണ്. തിരക്കിട്ട യാത്രകള്‍ക്കിടയില്‍ ഏതെങ്കിലും ഹോട്ടലുകളില്‍ കയറി, എന്തെങ്കിലും കഴിച്ച് വിശപ്പടക്കുന്നവരാണേറെയും. മറുനാട്ടില്‍ പോയി ജോലി നോക്കുന്നവരുടെ കാര്യം പറയുകയും വേണ്ട. ഒറ്റയ്ക്ക് പാചകം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം സ്ഥിരം ഹോട്ടലുകളെ ആശ്രയിക്കുന്ന ഇവര്‍ക്ക് വലിയൊരു തുക ഈ ഇനത്തില്‍ നഷ്ടമാവുന്നു. ഇതിന് പുറമെ ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെയും.

ഈ അവസരത്തിലാണ് മിതമായ നിരക്കില്‍ നല്ല ഭക്ഷണം എത്തിച്ചു തരുന്ന കാറ്ററിങ്ങിന് സേവനങ്ങള്‍ക്ക് പ്രാധാന്യമേറുന്നത്. ഇന്ന് കല്ല്യാണ പാര്‍ട്ടികള്‍ക്കും മറ്റേതൊരു ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള സദ്യകള്‍ക്കും മറ്റും ഭക്ഷണമെത്തിക്കുന്ന നിരവധി കാറ്ററിങ് ഗ്രൂപ്പുകള്‍ കേരളത്തിലുണ്ട്. പാര്‍ട്ടികള്‍ക്കും വലിയ ആഘോഷങ്ങള്‍ക്കും ഭക്ഷണമെത്തിക്കുന്നതിന് പുറമെ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റും ഭക്ഷണമെത്തിക്കുന്ന ചെറുകിട ഗ്രൂപ്പുകള്‍ വേറെയും സക്രിയമാണ്.

പട്ടണങ്ങളിലൊക്കെ നേരത്തേ തന്നെ ഇത്തരം സേവനങ്ങള്‍ നല്‍കുന്നവരുണ്ടായിരുന്നെങ്കിലും ഇന്ന് ഗ്രാമപ്രദേശങ്ങളിലും ഊര്‍ജ്വസ്വലരായ യുവാക്കള്‍ ഭക്ഷണം പാചകം ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതിലൂടെ നല്ല വരുമാനമുണ്ടാക്കുന്നു. ചെറുകിടകാര്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണ് ഈ മേഖല തുറന്നിടുന്നത്. കൈപ്പുണ്യവും വൃത്തിയുമാണ് ഈ സേവനങ്ങളില്‍ വളരെ പ്രധാനം. മികച്ച സേവനത്തിനായി പണം ചെലവാക്കാന്‍ മടിയില്ലാത്തവരാണ് ഇന്ന് ഏറെയുമെന്ന് പറയുന്നത് നിള കാറ്ററിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷബാബ് കെ. കെ.

പതിനാറ് വര്‍ഷങ്ങളക്ക് മുമ്പ് ഒറ്റപ്പാലത്ത് ഒരു ബേക്കറിയിലായിരുന്നു നിളയുടെ തുടക്കം. തലശ്ശേരി സ്വദേശി മുസ്തഫ തുടങ്ങിയ സംരംഭത്തിന്റെ പിന്നീടുള്ള വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. നാല് പങ്കാളികള്‍ കൂടി ചേര്‍ന്നപ്പോള്‍ ബിസിനസ് പൊടിപൊടിച്ചു. കല്ല്യാണ പാര്‍ട്ടികള്‍ക്ക് ആളൊന്നിന് പത്ത് രൂപ മുതല്‍ ആയിരം രൂപ വരെ ഈടാക്കുന്ന സേവനങ്ങളാണ് നിള നല്‍കുന്നത്. 12 പേരോടെ തുടങ്ങിയ ബിസിനസില്‍ ഇന്ന് 250ല്‍ അധികം ജീവനക്കാരുണ്ട്. കേരളത്തിലുടനീളം സേവനങ്ങള്‍ നല്‍കുന്ന കമ്പനി ഓര്‍ഡര്‍ ലഭിക്കുന്ന പക്ഷം സംസ്ഥാനത്തിന് പുറത്തേക്കും സേവനങ്ങള്‍ നല്‍കുന്നു.

കാറ്ററിങ്ങിലെ ലൈവ് കണ്‍സെപ്റ്റാണ് ഈ മേഖലയിലെ മറ്റൊരു ട്രന്‍ഡ്. കഴിക്കുന്നവര്‍ക്ക് മുന്നില്‍ വെച്ചു തന്നെ ഭക്ഷണം പാകം ചെയ്യുന്ന രീതിയാണിത്. ഭക്ഷണമുണ്ടാക്കുന്നത് കണ്‍മുമ്പില്‍ തന്നെയാവുമ്പോള്‍ ഇത് ഉപോഭോക്താക്കളുടെ വിശ്വാസം നേടാന്‍ വളരെയധികം സഹായിക്കുന്നു.

ബേക്കറിയായി തുടങ്ങിയ നിള കല്ല്യാണ പാര്‍ട്ടികള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിലേക്കാണ് ആദ്യം സേവനം വ്യാപിപ്പിച്ചത്. ഇന്ന് നിളയുടെ കീഴില്‍ 24 ബേക്കറികള്‍ കേരളത്തിലുണ്ട്. ഇതില്‍ ഫ്രാഞ്ചൈസികളും ഉള്‍പ്പെടും. ബേക്കറികള്‍ കൂടാതെ നാല് ഹോട്ടലുകളും നിളയ്ക്കുണ്ട്. കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കിലേതടക്കം 3 ഫുഡ് കോര്‍ട്ടുകളും ഒരു റസ്‌റ്റൊറന്റുമാണുള്ളത്. പതിനാറ് വര്‍ഷങ്ങള്‍ കൊണ്ട് നിള കൈവരിച്ച വളര്‍ച്ച ഈ മേഖലയിലെ പുതുമുറക്കാര്‍ക്ക് വളരെയധികം പ്രതീക്ഷ നല്‍കുന്നതാണെന്നതില്‍ സംശയമില്ല.

പക്ഷെ കാറ്ററിങ് സേവനങ്ങള്‍ തുടങ്ങുമ്പോള്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവിഴ്ചയും പാടില്ലെന്നതാണ് അടിസ്ഥാന തത്വം. ഗുണനിലവാരം ഉറാപ്പാക്കുന്നതിനായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന് അപേക്ഷിച്ചിട്ടുണ്ട്. നാല് മാസത്തിനിടയില്‍ ഇത് ലഭിക്കുന്നതോടെ കേരളത്തില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യ കാറ്ററിങ് സേവന കമ്പനിയായി നിള മാറുമെന്നും ശബാബ് പറയുന്നു.

കല്ല്യാണ പാര്‍ട്ടികള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും പുറമെ കമ്പനികളിലെ ജീവനക്കാര്‍ക്കും ഇവര്‍ ഭക്ഷണമെത്തിച്ചു കൊടുക്കുന്നുണ്ട്. നിളയെക്കൂടാതെ കൊച്ചിയില്‍ ഇന്ന് വേറെയും കാറ്ററിങ് ഗ്രൂപ്പുകള്‍ സജീവമാണ് ഇതില്‍ നൂറോളം ചെറുകിടക്കാരുമുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ നല്ലൊരു പാചകക്കാരനും ബിസിനിസ് പിടിക്കാന്‍ വാക്ക് ചാതുരിയുള്ള ഒരാളുമുണ്ടെങ്കില്‍ എളുപ്പം തുടങ്ങാവുന്ന ബിസിനസാണിത്. ഏറ്റവും ചെറിയ രീതിയില്‍ തുടങ്ങിയാല്‍ തന്നെ ഒരു കുടുംബത്തിന് ജീവിക്കാനുള്ള വരുമാനമൊക്കെ ഇതില്‍ നിന്നും ലഭിക്കും. അതേസമയം, ക്യാറ്ററിങ് മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചത് തന്നെ.

മോശം ഭക്ഷണം കൊടുത്ത് ലഭിക്കുന്ന ബിസിനസ് അധികകാലം നില്‍ക്കില്ലെന്ന് ചില തുടക്കക്കാരൊക്കെ മറന്നുപോവുന്നു. മിതമായ നിരക്കില്‍ നല്ല ഭക്ഷണം നല്‍കാന്‍ തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റേതൊരു ബിസിനസിനെപ്പോലെ ഇതും തകരും. അതുകൊണ്ട് തന്നെ നിലവിലെ ലൈസന്‍സിങ് സമ്പ്രദായത്തെക്കാള്‍ കാര്യക്ഷമമായ ലൈസന്‍സിങ് ഈ മേഖലയില്‍ ആവശ്യമാണെന്നാണ് ശബാബിന്റെ അഭിപ്രായം. കൊടുക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കാത്ത് സൂക്ഷിക്കാന്‍ ഇതൊരു പരിധി വരെയെങ്കിലും സഹായിക്കും.

കൊച്ചിയിലിന്ന് കാറ്ററിങ് സേനവങ്ങള്‍ നല്‍കുന്നവര്‍ 500ലധികമാണെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം. കാര്യക്ഷമമായ ലൈസന്‍സിങ് കൊണ്ടുവരേണ്ടത് ഈ പശ്ചാതലത്തിലാണ്. വിട്ടില്‍ ഭക്ഷണം പാകം ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് ക്യാറ്ററിങ്ങ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ മറ്റു ബിസിനസുകളുടേതിന് സമാനമായ ലൈസന്‍സിങ് ഈ മേഖലയില്‍ സാധ്യമല്ല. എന്നാല്‍, അതിദ്രുതം വളരുന്ന ഒരു മേഖലായാണ് ഇതെന്നത് കൊണ്ട് തന്നെ തട്ടിപ്പുകാരും ഈ മേഖലയിലേക്ക് കടക്കാന്‍ എളുപ്പമാണ്. ഇത് തടയുകയാണ് പ്രധാനം.

കാറ്ററിങ്ങ് സേനവങ്ങള്‍ നല്‍കുന്ന മിക്ക കമ്പനികള്‍ക്കും കാലെടുത്തു വെക്കുന്ന അടുത്ത മേഖലയാണ് ഇവന്റ് മാനേജ്‌മെന്റ്. കല്ല്യാണമടക്കമുള്ള ആഘോഷങ്ങള്‍ ഇത്തരം കമ്പനികളെയേല്‍പ്പിക്കുമ്പോള്‍ ടെന്‍ഷനില്ലെന്നതാണ് ഉപഭോക്താവിനെ സംബന്ധിച്ചുള്ള പ്രധാന ആകര്‍ഷം. വധൂവരന്‍മാരുടെ വേഷം, കല്ല്യാണ കത്ത് മുതല്‍ മറ്റെല്ലാ കാര്യങ്ങളും ഇത്തരം കമ്പനികള്‍ ചെയ്യുന്നു. 50 ലക്ഷം രൂപ വരെ വിവാഹങ്ങള്‍ക്ക് ചെലവാക്കുന്നവരുള്ളപ്പോള്‍ സൗകര്യത്തിന് തന്നെയാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തം.

Tags: Food catering a promising sector
»  News in this Section