ഒപ്പിടാം, ഇ-ഒപ്പിടാം
Posted on: 04 Feb 2010

വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വരുമാനം നികുതി പരിധി കഴിഞ്ഞെങ്കില്‍ ആദായ നികുതി നിയമം അനുസരിച്ച് 'റിട്ടേണ്‍' സമര്‍പ്പിക്കണം. സമയമാകുമ്പോള്‍ ഫോം തിരക്കി നടക്കലും നീണ്ട 'ക്യൂ'വില്‍ നില്‍ക്കലുമെല്ലാം സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ ഇന്ന് ഓഫീസിലോ, വീട്ടിലോ തന്നെ ഇരുന്ന് റിട്ടേണ്‍ സമയത്ത് തന്നെ സമര്‍പ്പിക്കാം. ഓണ്‍ലൈനായി വളരെ എളുപ്പം.
അപ്പോള്‍ നിയമപരമായി 'ഒപ്പ്' എങ്ങനെയിടും? അതിന് വഴിയുണ്ട്. 'ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ (ഡി.എസ്.) എടുത്തിരുന്നാല്‍ മതി.
ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന രേഖകള്‍ക്ക് ആധികാരികത നല്കുന്ന ഇലക്‌ട്രോണിക് ഒപ്പാണ് 'ഡിജിറ്റല്‍ സിഗ്‌നേച്ചര്‍'. ഐടി നിയമം അനുസരിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന രേഖകള്‍ക്ക് നിയമസാധുത ലഭിക്കാന്‍ 'ഡി.എസ്.' വേണം.
ഇന്ത്യന്‍ കമ്പനി നിയമം അനുസരിച്ച് എല്ലാ വര്‍ഷവും കമ്പനി രജിസ്ട്രാര്‍ മുമ്പാകെ റിട്ടേണ്‍ ഫയല്‍ ചെയ്യണം. കൂടാതെ കമ്പനിയുടെ പ്രവര്‍ത്തനത്തിനിടയില്‍ വരുന്ന എല്ലാ പ്രധാന സംഭവങ്ങളും നിയമപരമായി കമ്പനി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദിഷ്ട ഫോമില്‍ ഫയല്‍ ചെയ്യണം. ഇതിനെല്ലാം രജിസ്ട്രാര്‍ ഓഫീസില്‍ കയറിയിറങ്ങേണ്ട. അതും ഓണ്‍ലൈനായി ഓഫീസില്‍ ഇരുന്നുതന്നെ ഫയല്‍ ചെയ്യാം. അതിനും ഇ-ഒപ്പ് വേണമെന്ന് മാത്രം.
ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ തെളിവായി കിട്ടുന്ന നിയമപരമായ രേഖയാണ് 'കോണ്‍ട്രാക്ട് നോട്ട്'. ഓഹരി ഇടപാടിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ കോണ്‍ട്രാക്ട് നോട്ട് തന്നെ ഇലക്‌ട്രോണിക് രേഖയായി ഇ-മെയില്‍ വഴി ലഭിക്കാന്‍ സൗകര്യമുണ്ട്. അതിനും ഡി.എസ്. തന്നെ ഉപയോഗിക്കുന്നു.
ഇതിനെല്ലാം പുറമേ കയറ്റുമതി, ഇറക്കുമതി സംബന്ധിച്ച ഫയലിങ് തുടങ്ങി നിയമപരമായി സമര്‍പ്പിക്കേണ്ട രേഖകള്‍ക്കെല്ലാം 'ഡി.എസ്.' ഉപയോഗപ്പെടും.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഡി.എസ്. എടുക്കാം. ടി.സി.എസ്, എന്‍.ഐ.സി., കോഡ് സൊല്യൂഷന്‍സ് തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങളാണ് 'ഡി.എസ്.' നല്കുന്നത്.
ഫോട്ടോ, തിരിച്ചറിയല്‍ രേഖ (ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്) എന്നിവ സഹിതം നിശ്ചിത ഫോമില്‍ അപേക്ഷ നല്കിയാല്‍ 'ഡി.എസ്.' റെഡി.
ഒരു വര്‍ഷമോ, രണ്ട് വര്‍ഷത്തേയോ കാലാവധിക്കാണ് ഡി.എസ്. നല്കുന്നത്. ഇതിനായി ആയിരം മുതല്‍ രണ്ടായിരം രൂപ വരെ ഫീസ് ഈടാക്കാറുണ്ട്.
എന്തായാലും കാലം മാറുന്നു. ഇനി എല്ലാം ഓണ്‍ലൈനിന്റെ കാലം. അതുകൊണ്ടുതന്നെ വിശ്വാസ്യതയ്ക്കും നിയമസാധുതയ്ക്കും ആധികാരികതയ്ക്കും വേണം ഈ 'ഇ' ഒപ്പ്.
ബി. രാജേന്ദ്രന്‍
rajendransurplus@gmail.com
Tags: Digital Signature, Electronic, E-sign