നിക്ഷേപിക്കാം വജ്രത്തിലും

Posted on: 08 Dec 2012


ആര്‍ .റോഷന്‍സ്വര്‍ണത്തിനെന്ന പോലെ വജ്രത്തിനും കേരളത്തില്‍ ഡിമാന്‍ഡ് ഏറുകയാണ്. വജ്രാഭരണം അണിഞ്ഞെത്തുന്നവരെ എത്ര തിരക്കുള്ള സദസ്സിലും ആരുമൊന്ന് ശ്രദ്ധിക്കും. അതിനാല്‍ തന്നെ, വിവാഹ വേളകളിലും മറ്റും ഒരു സെറ്റെങ്കിലും വജ്രാഭരണത്തിന്റേതാകണമെന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ആഭരണമെന്ന നിലയില്‍ മാത്രമല്ല, നിക്ഷേപമാര്‍ഗ്ഗമെന്ന നിലയിലും ഇപ്പോള്‍ ഡയമണ്ടിന്റെ സാധ്യത മലയാളി തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

രണ്ടു വര്‍ഷം കൊണ്ട് 100 ശതമാനം വരെ മൂല്യവര്‍ധനവാണ് വജ്രത്തില്‍ നിക്ഷേപിച്ചവര്‍ക്ക് കിട്ടിയത്. മുന്തിയ ഇനം വജ്രങ്ങള്‍ക്കാണ് ഇത്രയധികം വിലവര്‍ധനവുണ്ടായത്. ബെല്‍ജിയത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത 'ഐഎഫ്' ക്ലാരിറ്റിയിലുള്ള എഫ്ജി കളര്‍, എക്‌സലന്റ് കട്ടിലും പോളിഷിലുമുള്ള 15 വജ്രങ്ങളുടെ ഒരു കാരറ്റിന് രണ്ടു വര്‍ഷം മുമ്പ് 35,000 രൂപയായിരുന്നു വില. ഇപ്പോഴത് 70,000 രൂപയ്ക്ക് മുകളിലാണ്.

ഖനികളില്‍ നിന്നുള്ള അസംസ്‌കൃത വജ്രത്തിന്റെ ലഭ്യത കുറയുന്നതും തൊഴിലാളുകളുടെ വേതനം കുതിച്ചുയര്‍ന്നതുമാണ് വില ഇത്രമാത്രം ഉയരാന്‍ കാരണമെന്ന് കേരളത്തിലെ പ്രമുഖ വജ്രാഭരണ ശൃംഖലയായ സണ്ണി ഡയമണ്ട്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.പി.സണ്ണി ചൂണ്ടിക്കാട്ടുന്നു.

വജ്രത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായി. കേരളത്തില്‍ 200 ശതമാനത്തിലധികം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം വജ്രാഭരണ വില്‍പനയിലുണ്ടായത്. വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കാരറ്റ്, ക്ലാരിറ്റി, കളര്‍, കട്ട് എന്നിവ വ്യക്തമാക്കി മനസ്സിലാക്കിയശേഷം മാത്രമേ വാങ്ങാവൂ. വജ്രത്തിന്റെ തൂക്കത്തെ സൂചിപ്പിക്കുന്നതാണ് കാരറ്റ്. 100 സെന്റാണ് ഒരു കാരറ്റ്. ഇത് 200 മില്ലീഗ്രാമുണ്ടാകും. കാരറ്റിന്റെ വലിപ്പമനുസരിച്ച് വിലയും വ്യത്യാസപ്പെടും. ഒറ്റക്കല്ലിന് എത്ര കൂടുതല്‍ കാരറ്റുണ്ടോ വിലയും അതുപോലെ കൂടും.

വജ്രത്തിന്റെ തെളിച്ചത്തെയാണ് ക്ലാരിറ്റിയിലൂടെ സൂചിപ്പിക്കുന്നത്. ഐഎഫ് (IF-Internally Flawless), വിവിഎസ് (VVS1, VVS2-Very very slightly included), വിഎസ് (VS1, VS2 - Very slightly included), എസ്‌ഐ (SI- Slightly included) എന്നിവയാണ് വിവിധയിനം ക്ലാരിറ്റികള്‍. വജ്രത്തിലുള്ള സൂക്ഷ്മപാടുകളുടെ വലിപ്പവും എണ്ണവും കൂടുന്നതിനനുസരിച്ച് വജ്രത്തിന്റെ വില കുറയും. പാടുകള്‍ തീരെയില്ലാത്തതാണ് ഐഎഫ്.

വജ്രത്തില്‍ വെളിച്ചം തട്ടുമ്പോഴുണ്ടാകുന്ന നിറത്തെയാണ് കളറിലൂടെ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വെളുത്ത പ്രകാശം തരുന്നതിന് വില കൂടും. ഇംഗ്ലീഷ് അക്ഷരമാലയില്‍ ഡി മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങളാണ് കളര്‍ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഏറ്റവും തെളിമയാര്‍ന്നതാണ് ഡി കളര്‍. വജ്രത്തില്‍ വെള്ളയുടെ അംശം കുറയുകയും മഞ്ഞയോ ബ്രൗണോ കൂടുകയും ചെയ്യുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന പ്രകാശം കുറയും. അതിനനുസരിച്ച് വിലയും കുറയും.

ഇവ മനസ്സിലാക്കിയില്ലെങ്കില്‍ പറ്റിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. വജ്രത്തോടൊപ്പം, കാരറ്റ്, ക്ലാരിറ്റി, കളര്‍, കട്ട് എന്നിവ സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പല ജ്വല്ലറികളും നല്‍കുന്നുണ്ട്. ഇതോടൊപ്പം, വജ്രാഭരണത്തില്‍ ഉപയോഗിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ തൂക്കം, വജ്രത്തിന്റെ അന്നത്തെ മൂല്യം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. എന്നാല്‍, മാത്രമേ പറ്റിക്കപ്പെട്ടില്ല എന്നു ഉറപ്പിക്കാനാവുകയുള്ളൂ. പല ജ്വല്ലറികളും 100 ശതമാനം മണിബാക്ക് ഗ്യാരന്റി നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ വജ്രത്തിന്റെ വില കുറഞ്ഞാലും വാങ്ങിയ വില കിട്ടുമെന്ന് അവര്‍ ഉറപ്പുനല്‍കുന്നു. ഇനി വില കൂടിയാല്‍ ഉയര്‍ന്ന വില തന്നെ ഉപഭോക്താവിന് ലഭിക്കുമെന്ന് സണ്ണി പറഞ്ഞു.

Tags: Diamonds as an investment
»  News in this Section