ബിഎസ്ഇ ബ്രാന്‍ഡില്‍ ഇനി ടി-ഷര്‍ട്ടുകളും

Posted on: 17 Jan 2012



ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൊന്നാണ് ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്ന ബിഎസ്ഇ. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഈ ഓഹരി വിപണി മുംബൈയിലെ ദലാല്‍ തെരുവിലാണ് സ്ഥിതി ചെയ്യുന്നത്. ഓഹരികളുടെ പേരില്‍ മാത്രം പ്രശസ്തമായിരുന്ന ബിഎസ്ഇയുടെ പേരില്‍ ഇതാ ബ്രാന്‍ഡഡ് ഉത്പന്നങ്ങളും എത്തുന്നു.

ബിഎസ്ഇ എന്ന പേരില്‍ ടി-ഷര്‍ട്ടുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് മുംബൈയിലെ പ്രൈഡ് ഫോര്‍എവര്‍ എന്റര്‍പ്രൈസസ് എന്ന കമ്പനി. ടി-ഷര്‍ട്ടുകള്‍ക്ക് പുറമെ, കപ്പുകള്‍, പേഴ്‌സുകള്‍, മഗ്ഗുകള്‍, ഫോട്ടോ ഫ്രെയിമുകള്‍ എന്നിവയൊക്കെ ഈ ബ്രാന്‍ഡില്‍ ഉടന്‍ വിപണിയിലെത്തും. ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടമായ ഫിറോസ് ജീജീഭായ് ടവേഴ്‌സിന്റെ ചിത്രത്തോടെയാവും ഇവ വിപണിയിലെത്തുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പതു സ്റ്റോറുകളുള്ള കമ്പനി ബിഎസ്ഇയിലും ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റ് തുടങ്ങുകയാണ്. എക്‌സ്‌ചേഞ്ചില്‍ വരുന്ന അന്താരാഷ്ട്ര അതിഥികള്‍, ബ്രോക്കര്‍മാര്‍, ജീവനക്കാര്‍, ബിഎസ്ഇ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യം വച്ചാണ് സ്റ്റോര്‍ തുറക്കുന്നത്. ബുള്‍സ് ആന്‍ഡ് ബിയേഴ്‌സ് (കാളകളും കരടികളും) എന്ന പേരിലായിരിക്കും സ്റ്റോര്‍ തുടങ്ങുക.

Tags: BSE brand T-shirts and mugs to hit the market soon
»  News in this Section