യുവരാജ് സിങ്ങിന്റെ പരസ്യം തുടരുമെന്ന് ബിര്‍ള ഗ്രൂപ്പ്‌

Posted on: 08 Feb 2012



ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ്, യുവാരാജ് സിങ്് തങ്ങളുടെ 'സണ്‍'ലൈഫ് ഇന്‍ഷൂറന്‍സ് ബ്രാന്‍ഡിന്റെ ടി.വി പരസ്യത്തില്‍ തുടരുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ്. അമേരിക്കയില്‍ കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന യുവരാജിനോട് ആരാധകര്‍ക്കുള്ള സഹതാപ തരംഗം മുതലാക്കുകയാണ് ബിര്‍ള ഗ്രൂപ്പെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. ഈ അവസരത്തിലാണ് കമ്പനി നയം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതിന് ശേഷം എങ്ങനെ ടീമിന് പുറത്തായെന്ന് യുവി പറയുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ അവസരത്തില്‍ ബ്രാന്‍ഡിനെ പ്രൊമോട്ട് ചെയ്യുന്നതിനായി ഇത്തരമൊരു നീക്കം നടത്തുന്നതില്‍ നിന്ന് ബിര്‍ള ഗ്രൂപ്പ് പിന്‍മാറണമെന്ന് പരസ്യരംഖത്തെ മറ്റു പ്രമുഖ കമ്പനികള്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍, കാര്യം മനസ്സിലാക്കാതെയാണ് വിമര്‍ശകര്‍ ആരോപണമുന്നയിക്കുന്നതെന്ന് ബിര്‍ള ഗ്രൂപ്പ് പറയുന്നു. യുവരാജ് സിങ്ങിന്റെ കരിയറിലുണ്ടായ ഉയര്‍ച്ച താഴ്ച്ചകളിലെല്ലാം കൂടെ നിന്നിട്ടുള്ള കമ്പനി ഇനിയുമത് തുടരുമെന്നും വ്യക്തമാക്കി. മുംബൈയില്‍ വെച്ച് കഴിഞ്ഞ മാസം പരസ്യം ചിത്രീകരിക്കുന്ന വേളയില്‍ യുവിക്ക് പോലും തന്റെ അസുഖത്തെ കുറിച്ചറിയില്ലായിരുന്നു. ജനവരി മുതല്‍ ഫിബ്രവരി വരെയുള്ള കാലയളവില്‍ പരസ്യം സംപ്രേക്ഷണം ചെയ്യണമെന്ന് തന്നെയാണ് യുവരാജ് സിങിന്റെയും അഭിപ്രായം. ഇന്‍ഷുറന്‍സ് ബിസിനസ് ഏറെയും നടക്കുന്നത് ഇക്കാലത്താണ്. കൂടാതെ അസുഖത്തോട് പൊരുതി യുവി എന്ന ചാമ്പ്യന്‍ ബാറ്റ്‌സ്മാന്‍ തിരിച്ചുവരുമെന്ന് ആരാധകരെ ഓര്‍മിക്കുക കൂടി ചെയ്യുന്നതാണ് പരസ്യം - ബിര്‍ള ഗ്രൂപ്പ് പറയുന്നു.

നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ രാജാവാണ്. അല്ലെങ്കില്‍...? എന്ന യുവിയുടെ ഡയലോഗ് അനുകമ്പയുണര്‍ത്തുന്നതാണ്. ഇത് ബ്രാന്‍ഡിന് വലിയൊരളവില്‍ ഗുണം ചെയ്യുന്നുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അതേസമയം, ലാന്‍സ് ആംസ്‌ട്രോങ് എന്ന പ്രമുഖ സൈക്ലിങ് ചാമ്പ്യന് കാന്‍സര്‍ ബാധിച്ച അവസരത്തില്‍ അദ്ദേഹം പ്രമുഖ സ്‌പോര്‍ട്‌സ് അപ്പാരല്‍ കമ്പനിയായ നിക്കിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നുവെന്ന് ബിര്‍ള ഓര്‍മിപ്പിക്കുന്നു. അന്നൊന്നും ആരും അതിനെ ചോദ്യം ചെയ്തിരുന്നില്ല. ആംസ്‌ട്രോങ്ങിനോടുള്ള അനുഭാവ സൂചകമായി നിക്കി അന്ന് യെല്ലോ ബാന്‍ഡുകളും വിതരണം ചെയ്തിരുന്നു. പിന്നിട് കാന്‍സറില്‍ നിന്നും മുക്തമായതിന് ശേഷം തനിക്കെങ്ങനെ അതിന് സാധിച്ചുവെന്നത് സംബന്ധിച്ച് അദ്ദേഹം ഒരു പുസ്തകമിറക്കുകയുമുണ്ടായി. ഉദ്ദേശം ശുദ്ധമാണെങ്കില്‍ ആരോപണങ്ങള്‍ക്കൊന്നും യാതൊരു കാര്യവുമില്ലെന്നാണ് ബിര്‍ള ഗ്രൂപ്പിന്റെ അഭിപ്രായം.

Tags: Birla group to continue with Yuvi ad
»  News in this Section