ഏക് ഥാ 'ബര്‍ഫി'

Posted on: 08 Oct 2012മുംബൈ: ഉയര്‍ന്നു വരുന്ന കോപ്പിയടി ആരോപണങ്ങള്‍ക്കിടയിലും രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ബര്‍ഫി റെക്കോഡുകള്‍ തിരുത്തി മുന്നോട്ട് തന്നെ. 100 കോടി കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ കുതിച്ചെത്തിയ ബര്‍ഫി ഒസ്‌ക്കാര്‍ നാമനിര്‍ദേശത്തിനുമപ്പുറം മറ്റൊരു നേട്ടം കൂടി കൈക്കലാക്കി. സല്‍മാന്‍ ഖാന്റെ എക് ഥാ ടൈഗറിന് ശേഷം ആഗോള തലത്തില്‍ ഏറ്റവും മികച്ച ഗ്രോസ് കളക്ഷന്‍ നേടിയത് ബര്‍ഫിയാണ്. സിനിമയ്ക്ക് ലഭിച്ച മൊത്തം കളക്ഷന്‍ കണക്കാക്കുമ്പോള്‍ രണ്‍ബീറിന് ഇത്ര മൈലേജ് നല്‍കിയ സിനിമ വേറെയില്ല.

ആഗോള സിനിമാരംഗത്ത് അഗ്നിപഥ്, ഹൗസ്ഫുള്‍ 2, കോക്ക്‌ടെയില്‍ എന്നീ സിനിമകള്‍ക്ക് ലഭിച്ച കളക്ഷന്‍ റെക്കോഡ് തിരുത്തി മുന്നേറുകയാണ് ബര്‍ഫി. നായികാ നായകന്‍മാരായ രണ്‍ബീറും പ്രിയങ്കയും ബര്‍ഫിയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി നല്‍കിയ പ്രയ്തനത്തിനു ലഭിച്ച പ്രതിഫലം കൂടിയാണിത്. ലണ്ടന്‍, ദുബായ് എന്നിവിടങ്ങളില്‍ പ്രൊമോഷന്‍ പരിപാടികളുമായി ഇരുവരും സജീവമായിരുന്നു.

ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിമിതികള്‍ ലംഘിച്ച് ജനഹൃദയങ്ങളിലെത്താന്‍ കഴിഞ്ഞു എന്നതാണ് ബര്‍ഫിയുടെ നേട്ടമെന്ന് സിനിമാ നിരൂപകര്‍ വിലയിരുത്തുന്നു. 30 കോടി രൂപ ചിലവില്‍ നിര്‍മിച്ച സിനിമ ഇപ്പോള്‍ തന്നെ 105 കോടി രൂപയിലധികം കള്‍ക്ട് ചെയ്തു കഴിഞ്ഞു. ഈ വര്‍ഷം 100 കോടി രൂപയിലധികം കളക്ഷന്‍ നേടിയ സിനിമികള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും ലാഭം നേടിയവ ചുരുക്കമായിരുന്നു. അതിലൊന്നാവാന്‍ ബര്‍ഫിയ്ക്ക് സാധിച്ചു. അനുരാഗ് ബസു സംവിധാനം ചെയ്ത സിനിമ യൂ.ടി.വി മോഷന്‍ പിക്‌ച്ചേഴ്‌സാണ് നിര്‍മിച്ചത്.

Tags: Barfi! is second-highest foreign-market profit maker after Ek Tha Tiger
»  News in this Section