ഐസിഐസിഐ ബാങ്ക് മേധാവിയുടെ ശമ്പളം 4.25 കോടി

Posted on: 23 Jun 2012



മുംബൈ: രാജ്യത്തെ പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ മേധാവികള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ശമ്പളം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ മൂന്ന് മുന്‍നിര ബാങ്കുകളുടെയും മേധാവികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പളത്തില്‍ വന്‍വളര്‍ച്ച കൈവരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദാ കൊച്ചാറിന്റെ പ്രതിഫലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.25 കോടി രൂപയായാണ് ഉയര്‍ന്നത്. 2010-11ലെ 3.19 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 33.2 ശതമാനം വര്‍ധന. അടിസ്ഥാന ശമ്പളത്തിന് പുറമെ, പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ബോണസ്, അലവന്‍സുകള്‍ എന്നിവയടങ്ങുന്നതാണ് പ്രതിഫലം. 2009ലാണ് അവര്‍ ബാങ്കിന്റെ എംഡി പദവിയിലേക്ക് ഉയര്‍ന്നത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ ആദിത്യ പുരിയ്ക്കാണ് ഇന്ത്യന്‍ ബാങ്കുകളില്‍ ഏറ്റവുമധികം ശമ്പളം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന്റെ ശമ്പളം 4.90 കോടി രൂപയാണ്. തൊട്ടുമുന്‍വര്‍ഷം ഇത് 3.92 കോടി രൂപയായിരുന്നു. 25 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ലാഭം 31.4 ശതമാനം ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ശിഖാ ശര്‍മയുടെ ശമ്പളം 14 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2.53 കോടി രൂപയാണ് അവരുടെ വാര്‍ഷിക ശമ്പളം. എന്നാല്‍, ഇതില്‍ പി.എഫ് ആനുകൂല്യങ്ങളോ ഗ്രാറ്റുവിറ്റിയോ ഉള്‍പ്പെടുന്നില്ല.

മൂന്ന് ബാങ്കുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലാഭം 31.4 ശതമാനം ഉയര്‍ന്നപ്പോള്‍ ഐസിഐസിഐയുടേയും ആക്‌സിസിന്റേയും 25 ശതമാനം വര്‍ധിച്ചു.

ചന്ദാ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ എംഡിയായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ്, 2008-09ല്‍ ബാങ്കിന്റെ ലാഭവളര്‍ച്ച അഞ്ച് ശതമാനം മാത്രമായിരുന്നു. എന്നാല്‍, അവര്‍ തലപ്പത്ത് എത്തിയ ശേഷം കിട്ടാക്കടങ്ങള്‍ കുറച്ചുകൊണ്ട് ബാങ്കിന്റെ ലാഭക്ഷമത ഉയര്‍ത്തുകയായിരുന്നു.

രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി 30 ശതമാനത്തിലേറെ ശരാശരി ലാഭവളര്‍ച്ച കൈവരിക്കാന്‍ പുരിക്ക് കഴിഞ്ഞു.

Tags: Annual Salary-MD,CEO-ICICI Bank, HDFC Bank, Axis
»  News in this Section
ഗ്രാം2600.00
പവന്‍20800.00
വെള്ളി
ഗ്രാം52.00