ടൈഗര്‍ ത്യാഗരാജന് ശമ്പളം 49 കോടി രൂപ

Posted on: 26 Jun 2012



ബാംഗ്ലൂര്‍ : ആഗോള സാമ്പത്തിക മാന്ദ്യം മൂലം ഐടി കമ്പനികള്‍ പ്രതിസന്ധിയിലാണെന്ന് ആര് പറഞ്ഞു? ഐടി-ബിപിഒ കമ്പനിയായ ജെന്‍പാക്ട് അതിന്റെ സിഇഒ ആയ എന്‍.വി.ത്യാഗരാജന് കഴിഞ്ഞ വര്‍ഷം കൊടുത്ത ശമ്പളം 49 കോടി രൂപ. അതായത്, പ്രതിമാസം 4.08 കോടി രൂപ.

ടൈഗര്‍ ത്യാഗരാജന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് ജെന്‍പാക്ടിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പദവിയില്‍ നിന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഉയര്‍ന്നത്. ഇതോടെ ശമ്പളം നാല് മടങ്ങ് ഉയരുകയായിരുന്നു.

13 ലക്ഷം ഡോളര്‍ ബോണസ്സും 52 ലക്ഷം ഡോളറിന്റെ ഓഹരിയും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ശമ്പളം. പ്രവര്‍ത്തന മേഖല ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് മാറ്റുന്നതിനും പ്രതിഫലം ലഭിച്ചിട്ടുണ്ട്. ജിഇ ഗ്രൂപ്പ് ആരംഭിച്ച ഈ കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിലെ ഗുഡ്ഗാവിലാണെങ്കിലും അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ടിസിഎസ് മേധാവിക്ക് എട്ട് കോടി

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എന്‍.ചന്ദ്രശേഖരന്റെ വാര്‍ഷിക ശമ്പളം എട്ട് കോടി രൂപയാണ്. ഇതില്‍ 88 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം. ലാഭത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്മീഷന്‍ 6 കോടി രൂപ. ശേഷിച്ച 1.16 കോടി രൂപ മറ്റു ആനുകൂല്യങ്ങളിലൂടെയാണ്.

രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒ മലയാളിയായ എസ്.ഡി.ഷിബുലാലിന്റെ കഴിഞ്ഞ വര്‍ഷത്തെ ശമ്പളം 86 ലക്ഷം രൂപയാണ്. അതായത്, പ്രതിമാസം 7.17 ലക്ഷം രൂപ.

വിപ്രോയുടെ സിഇഒ ടി.കെ.കുര്യന് 4.5 കോടി രൂപ വാര്‍ഷിക ശമ്പളം ലഭിച്ചു. ഇദ്ദേഹവും മലയാളിയാണ്.

മുംബൈ ആസ്ഥാനമായുള്ള ബിപിഒ സ്ഥാപനമായ ഡബ്ല്യു.എന്‍.എസ് ഗ്ലോബല്‍ സര്‍വീസസിന്റെ സിഇഒ കേശവ് മുരുകേഷിന്റെ ശമ്പളം 6.6 കോടിയാണ്. ടൈഗര്‍ ത്യാഗരാജനും, എന്‍.ചന്ദ്രശേഖരനും കഴിഞ്ഞാല്‍ ഇന്ത്യന്‍ ഐടി-ബിപിഒ മേഖലയില്‍ ഏറ്റവുമധികം ശമ്പളം ഇദ്ദേഹത്തിനാണ്.
Tags: Annual Salary-CEO-Indian IT Cos-TCS, Infosys, Wipro, Genpact-Tiger Tyagarajan
»  News in this Section
ഗ്രാം2500.00
പവന്‍20000.00
വെള്ളി
ഗ്രാം54.00