അനില്‍ അംബാനിയുടെ ശമ്പളം മൂന്നിലൊന്നായി കുറഞ്ഞു

Posted on: 12 Aug 2012അനില്‍ അംബാനി ഭാര്യ ടിനയ്‌ക്കൊപ്പം
ന്യൂഡല്‍ഹി: റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പില്‍ പെട്ട നാലു മുന്‍നിര കമ്പനികളില്‍ നിന്നായി മേധാവിയായ അനില്‍ അംബാനിക്ക് 2011-12ല്‍ ശമ്പളമായി ലഭിച്ചത് 5.5 കോടി രൂപ. 2010-11ല്‍ ലഭിച്ച 17 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് മാത്രമാണ് ഇത്.
റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് ക്യാപ്പിറ്റല്‍ എന്നീ കമ്പനികളില്‍ നിന്നായാണ് ഈ ശമ്പളം ലഭിച്ചത്.

അടിസ്ഥാന ശമ്പളമായി ഈ കമ്പനികളില്‍ നിന്നൊന്നും അദ്ദേഹം തുക കൈപ്പറ്റുന്നില്ല. എന്നാല്‍ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളിലും കമ്മിറ്റികളിലും പങ്കെടുക്കുന്നതിനുള്ള സിറ്റിങ് ഫീസ്, കമ്മീഷന്‍ എന്നീ ഇനങ്ങളിലായാണ് ഈ തുക ലഭിച്ചത്. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് റിലയന്‍സ് പവര്‍, റിലയന്‍സ് ക്യാപ്പിറ്റല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നിവയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്മീഷന്‍ പറ്റിയിട്ടുമില്ല.

റിലയന്‍സ് കമ്യൂണിക്കേഷനില്‍ നിന്ന് ഇത് മൂന്നാമത്തെ വര്‍ഷമാണ് അദ്ദേഹം കമ്മീഷന്‍ വാങ്ങാത്തത്.

സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി പല വ്യവസായികളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വന്തം ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. അനില്‍ അംബാനിയുടെ മൂത്ത സഹോദരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി കഴിഞ്ഞ നാലു വര്‍ഷമായി വാര്‍ഷിക ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Tags: Anil Ambani cuts pay package by to Rs5.5 crore
»  News in this Section