എത്തിസലാത്ത് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Posted on: 23 Feb 2012



ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനിയായ എത്തിസലാത്ത് ഡി.ബി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സുപ്രീം കോടതി ഏതാനും ദിവസം മുമ്പ് റദ്ദാക്കിയ 122 ടുജി ലൈസന്‍സുകളില്‍ 15 എണ്ണം കമ്പനിയുടേതാണ്.

അബുദാബി ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എത്തിസലാത്തും ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.ബി.റിയാല്‍റ്റിയും ചേര്‍ന്ന് രൂപവത്കരിച്ച സംയുക്ത സംരംഭമാണ് എത്തിസലാത്ത് ഡി.ബി. കമ്പനിയില്‍ എത്തിസലാത്തിന് 45 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്.

കൂടുതല്‍ നഷ്ടം സഹിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ ടെലികോം വിപണിയില്‍ നിന്ന് പിന്മാറുന്നതെന്ന് എത്തിസലാത്ത് അറിയിച്ചു. ഇന്ത്യന്‍ ടെലികോം മേഖലയിലെ അനിശ്ചിതത്വവും പിന്മാറാന്‍ കാരണമായി.

സുപ്രീം കോടതി ലൈസന്‍സ് റദ്ദാക്കിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാവും എത്തിസലാത്ത്. നേരത്തെ, എസ്‌ടെല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം വരിക്കാരെ ഉടന്‍ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 16 ലക്ഷം ഉപയോക്താക്കളാണ് എത്തിസലാത്ത് ഡി.ബി.ക്കുള്ളത്. ഇവര്‍ക്ക് ഓപ്പറേറ്ററിനെ മാറാന്‍ ഒരു മാസത്തെ സമയം ലഭിക്കും.

ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരെയും കമ്പനി പിരിച്ചുവിടുമെന്നും അറിയിച്ചിട്ടുണ്ട്.

Also Read:
ടെലികോം രംഗത്ത് പ്രതിസന്ധി രൂക്ഷം; എസ്‌ടെല്‍ പൂട്ടി
Tags: Telecom co Etisalat to shut down India operation
»  News in this Section