
മുംബൈ: റദ്ദാക്കിയ വിമാനസര്‍വീസുകള്‍ ഉടന്‍ പുന:സ്ഥാപിക്കണമെന്ന് വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഇ.കെ.ഭരത്ഭൂഷണ്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനോട് ആവശ്യപ്പെട്ടു. നാളെത്തേതിന് മുമ്പായി പുതുക്കിയ വിമാന സമയക്രമം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കിങ്ഫിഷറിന്റെ സിഇഒ സഞ്ജയ് അഗര്‍വാള്‍ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘത്തോടാണ് സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചത്.
മുന്‍കൂര്‍ അനുമതിയില്ലാതെ വിമാനസര്‍വീസുകള്‍ വന്‍തോതില്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കിങ്ഫിഷര്‍ സംഘം ഡിജിസിഎ ആസ്ഥാനത്തെത്തിയത്.
5-7 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കാമെന്ന് കിങ്ഫിഷര്‍ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള എല്ലാ നടപടിയും കൈക്കൊള്ളുമെന്നു ഭരത്ഭൂഷണ്‍ പറഞ്ഞു.
അവര്‍ നിലവില്‍ 28 വിമാനങ്ങള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ബുധനാഴ്ചയോടെ പുതുക്കിയ ഷെഡ്യൂള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് - അദ്ദേഹം വ്യക്തമാക്കി.
കിങ്ഫിഷറിന്റെ കൊല്‍ക്കത്തയിലെ പ്രവര്‍ത്തനം ഏതാനും ദിവസങ്ങളായി പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്നും യാതൊരു തരത്തിലും ഇത്തരമൊരു നടപടി അനുവദിക്കില്ലെന്നും ഭരത്ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
Also Read:
കിങ്ഫിഷര്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി; ആദായ നികുതി വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം