കേരളത്തെ ചെറുകിട വ്യവസായ ഹബ്ബാക്കും -മുഖ്യമന്ത്രി

Posted on: 23 Dec 2012കൊച്ചി: സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എട്ട് വര്‍ഷത്തിനുള്ളില്‍ കളമശ്ശേരിയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് കേന്ദ്രീകരിച്ച് 3000 പുതുസംരംഭങ്ങളെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്നും പ്രോല്‍സാഹന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) യും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് സംഘടിപ്പിച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉച്ചകോടി (എം.എസ്.എം.ഇ.സമ്മിറ്റ് -2012) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. വ്യവസായങ്ങളും സര്‍ക്കാറും തമ്മില്‍ അകലം കുറയ്ക്കാന്‍ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ മേഖലയിലെ സംരംഭങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നത് ഫണ്ടിന്റെ അഭാവവും അനുയോജ്യമായ സാങ്കേതിക വിദ്യയുടെ അഭാവവും തൊഴില്‍ ശേഷിയുടെ കുറവുമെല്ലാമാണ്. ഇവയെല്ലാം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും.

ചെറിയ വ്യവസായ സംരംഭങ്ങള്‍ കേരളത്തിന്റെ നട്ടെല്ലാണ്. 2011 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1,94,908 സംരംഭങ്ങളാണ് മേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എമര്‍ജിങ് കേരളയുടെ തുടര്‍നടപടിയാണ് ഈ ഉച്ചകോടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

'എം.എസ്.എം.ഇ.മേഖലയുടെ വളര്‍ച്ചയും വെല്ലുവിളിയും' ധവളപത്രം ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എറണാകുളം ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടോം ജോസ് പ്രത്യേക പ്രഭാഷണം നടത്തി. ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജിങ് ഡയറക്ടര്‍ പി.നന്ദകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.ബി.എസ്.ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ.മാത്യൂസ് സ്വാഗതവും ജിയോജിത് ബി.എന്‍.പി. പാരിബാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ സി.ജെ.ജോര്‍ജ് നന്ദിയും പറഞ്ഞു.


»  News in this Section