വല്ലാര്‍പാടം: കബോട്ടാഷ് നിയമത്തില്‍ ഉപാധികളോടെ ഇളവ്

Posted on: 22 Dec 2012മട്ടാഞ്ചേരി: വല്ലാര്‍പാടം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്‌മെന്‍റ് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി, കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കാന്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഉത്തരവായി.

സുരക്ഷാ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന രണ്ട് നിബന്ധനകളോടെയാണ് നിയമത്തില്‍ ഇളവ് പ്രഖ്യാപിച്ചത്.

ടെര്‍മിനലില്‍ എത്തുന്ന മുഴുവന്‍ കണ്ടെയ്‌നറുകളും റേഡിയോളജിക്കല്‍ സ്‌കാനിങ്ങിന് വിധേയമാക്കണമെന്നാണ് ഒരു നിര്‍ദ്ദേശം. ഇന്‍റര്‍നാഷണല്‍ ഷിപ്പ്‌സ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി കോഡ് അനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങള്‍ ടെര്‍മിനലില്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.

കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് മാത്രമാകും ഇളവുകള്‍. രാജ്യത്തെ ഒരു തുറമുഖത്ത് നിന്നും രാജ്യത്തിനകത്തുള്ള മറ്റൊരു തുറമുഖത്തേക്ക് ചരക്കുകള്‍ നീക്കുന്നതിന് വിദേശക്കപ്പലുകള്‍ ഉപയോഗിക്കരുതെന്ന് കബോട്ടാഷ് നിയമം അനുശാസിക്കുന്നുണ്ട്. വല്ലാര്‍പാടം പദ്ധതിക്ക് തിരിച്ചടിയായതിനെ തുടര്‍ന്ന് ഈ വ്യവസ്ഥയില്‍ ഇളവ് ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.

ഇളവ് പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയതോടെ, വല്ലാര്‍പാടത്തെ ഇന്ത്യയിലെ മറ്റു തുറമുഖങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട്, സര്‍വീസ് നടത്തുവാന്‍ വിദേശ കപ്പലുകള്‍ക്കും അവസരം ലഭിക്കും.

2011 ഫിബ്രവരിയില്‍ കമ്മീഷന്‍ ചെയ്ത വല്ലാര്‍പാടം ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകളാണ് പുരോഗതിക്ക് തടസ്സമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമത്തില്‍ ഇളവു നല്‍കുവാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിരോധ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് നടപ്പായില്ല.

ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍, മുഴുവന്‍ കണ്ടെയ്‌നറുകളും റേഡിയോളജിക്കല്‍ സ്‌കാനിങ് നടത്തുന്നതിന് വല്ലാര്‍പാടത്ത് സൗകര്യമുണ്ട്. ഇത് ഇപ്പോള്‍ നടക്കുന്നുണ്ട്.

ഐ.എസ്.പി.എസ്. കോഡ് അനുസരിച്ച് സി.ഐ. എസ്.എഫിന്റെ സായുധ സംവിധാനങ്ങള്‍ ടെര്‍മിനലില്‍ നിലവിലുണ്ടെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.

കസ്റ്റംസിനുവേണ്ടി എക്‌സ്‌റേ സ്‌കാനറുകള്‍ വാങ്ങുവാന്‍ കേന്ദ്ര റവന്യൂ സെക്രട്ടറിയും ഷിപ്പിംഗ് സെക്രട്ടറിയും ചേര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

»  News in this Section