ഐഡിബിഐ മ്യൂച്വല്‍ ഫണ്ടുകള്‍ സിന്‍ഡിക്കേറ്റ് ബാങ്ക് വിതരണം ചെയ്യും
Posted on: 24 Aug 2012
കൊച്ചി: ഐഡിബിഐ അസറ്റ് മാനേജ്‌മെന്‍റ് കമ്പനിയുടെ മ്യൂച്വല്‍ ഫണ്ടുകള്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖകളിലൂടെ വിതരണം ചെയ്യും. സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം. ജി. സാന്‍ഗ്വിയും ഐഡിബിഐ അസറ്റ് മാനേജ്‌മെന്‍റ് മാനേജിങ് ഡയറക്ടര്‍ ദേബാശിഷ് മല്ലിക്കും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ബാങ്കിന്റെ ഇടപാടുകാര്‍ക്ക് കൂടുതല്‍ ധനകാര്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ കൂട്ടുകെട്ട് സഹായിക്കുമെന്ന് സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്‍മാന്‍ പറഞ്ഞു. പരമ്പരാഗത ബാങ്കിങ് സേവനങ്ങള്‍ക്ക് പുറമെ ഇടപാടുകാരുടെ എല്ലാ നിക്ഷേപ ആവശ്യങ്ങളും ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സിന്‍ഡിക്കേറ്റ് ബാങ്കുമായുള്ള ഇടപാട് വഴിവെയ്ക്കുമെന്ന് ഐഡിബിഐ അസറ്റ് മാനേജ്‌മെന്‍റ് എംഡി അഭിപ്രായപ്പെട്ടു.