അന്താരാഷ്ട്ര റബ്ബര്‍ ഉത്പാദകരുടെ സംയുക്ത നീക്കം റബറില്‍ ചലനമുളവാക്കി. വിദേശ കുരുമുളകിന്റെ കുത്തൊഴുക്കില്‍ ആഭ്യന്തര ഉത്പന്നത്തിന് കാലിടറുന്നു. ചിങ്ങം പിറന്നിട്ടും നാളികേരോത്പന്ന വിപണിക്ക് അനക്കമില്ല. സ്വര്‍ണം റെക്കോഡിന്റെ പെരുമയില്‍.
കയറ്റുമതി നിയന്ത്രിച്ച് റബറിന് കരുത്തു പകരാനുള്ള അന്താരാഷ്ട്ര ട്രൈപ്പാട്രിയേറ്റ് റബര്‍ കൗണ്‍സിലിന്റെ നീക്കം വാരാന്ത്യം ഏഷ്യന്‍ റബര്‍ വിപണന രംഗത്ത് തിരിച്ചു വരവിന്റെ സൂചന ഉളവാക്കി. പ്രമുഖ അവധി വ്യാപാരകേന്ദ്രമായ ടോക്കോം വിപണിയില്‍ റബര്‍വില മൂന്നു വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തിലേയ്ക്ക് മൂക്കു കുത്തിയ വേളയിലാണ് തായ്‌ലണ്ട്, ഇന്തോനേഷ്യ, മലേഷ്യ എന്നീ മുഖ്യ ഉത്പാദകരാജ്യങ്ങള്‍ ഒത്തുകൂടിയത്. റബര്‍ കയറ്റുമതി മൂന്ന് ലക്ഷം ടണ്‍ കുറച്ച് വിപണിയ്ക്ക് ശക്തി പകരാനാണ് തീരുമാനം. കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഈ വര്‍ഷം 43 ശതമാനം ഇടിഞ്ഞ അന്താരാഷ്ട്ര റബര്‍വില കയറ്റുമതി നിയന്ത്രണ വാര്‍ത്ത പുറത്തുവന്ന വെള്ളിയാഴ്ച 4.2 ശതമാനം കയറി. വിദേശവിപണികളിലെ തളര്‍ച്ചയുടെ മറവില്‍ വാരമദ്ധ്യം ഇന്ത്യന്‍ വിപണിയിലും റബര്‍വില കുത്തനെ താഴ്ന്നു. ആര്‍.എസ്.എസ്. നാലാം ഗ്രേഡ് 17400 രൂപയില്‍ നിന്ന് 16800 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 17100 ലാണ്. ക്വിന്റലിന് 16000 വരെ താഴ്ന്ന അഞ്ചാം ഗ്രേഡ് റബര്‍ വാരാവസാനം 16300 ആയി മെച്ചപ്പെട്ടു. നാളികേരോത്പന്ന വ്യാപാര രംഗത്തെ തളര്‍ച്ച തുടരുകയാണ്. ഉത്സവ സീസണിലെ മികച്ച വില ലക്ഷ്യമിട്ടു തേങ്ങ പിടിച്ചുവെച്ച കര്‍ഷകരെ നിരാശയിലാഴ്ത്തി കഴിഞ്ഞവാരം വെളിച്ചെണ്ണ വില 6100 രൂപയിലേയ്ക്ക് താഴ്ന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള കനത്ത ചരക്ക് വരവാണ് വിപണിയുടെ സമ്മര്‍ദ്ദം കൂട്ടുന്നത്.
അവധി വ്യാപാരത്തിലെ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ കുരുമുളക് ആടിയുലഞ്ഞു. വിലകുറഞ്ഞ വിദേശ കുരുമുളക് ഉത്തരേന്ത്യന്‍ വിപണികളില്‍ സുലഭമായതോടെ നാടന്‍ ചരക്കിന് കാര്യമായ ആവശ്യക്കാരില്ല. അവധി നിരക്ക് ക്വിന്റലിന് 2000 രൂപ ഇടിഞ്ഞപ്പോള്‍ റെഡി വിപണിയില്‍ 1500 രൂപയുടെ തളര്‍ച്ച നേരിട്ടു. അമേരിക്കയും യൂറോപ്പും ബ്രസീല്‍ കേന്ദ്രീകരിച്ചു ചരക്കെടുക്കുന്നുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 40, 700 രൂപയില്‍ നിന്ന് 39, 200 ആയും ഗാര്‍ബിള്‍ഡ് 42, 200 രൂപയില്‍ നിന്ന് 40, 700 ആയും താഴ്ന്നു.
അന്താരാഷ്ട്ര സ്വര്‍ണവിപണിയിലെ ഉണര്‍വ്വ് ആഭ്യന്തരവ്യാപാരത്തിലും പ്രതിഫലിച്ചു. ഈ വര്‍ഷം3.3 ശതമാനം കരുത്താര്‍ജിച്ച സ്വര്‍ണം ന്യൂയോര്‍ക്ക് കോമക്‌സ് വിപണിയില്‍ ഔണ്‍സിന് 1619.40 ഡോളറിലാണ്.
ആഭ്യന്തര മാര്‍ക്കറ്റ് നിരക്കും റെക്കോഡ് തലത്തിലേയ്ക്ക് ഉയര്‍ന്നു. കേരളത്തില്‍ പവന്‍ 22, 320 രൂപയില്‍ നിന്ന് 22, 400 ലെ മുന്‍ റെക്കോഡ് ഭേദിച്ചു 22, 480 ലാണ്.