എസ്ബിടിക്ക് 181 കോടിയുടെ അറ്റാദായം

Posted on: 01 Aug 2012



കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 181.44 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 139.25 കോടിയെക്കാള്‍ 30 ശതമാനം അധികമാണിത്. ഒന്നാം പാദത്തിലെ ബാങ്കിന്റെ മൊത്ത വരുമാനം 1,31,131 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ജൂണ്‍ 30-നു കണക്കാക്കുമ്പോള്‍ മൊത്തം വായ്പ 57,049 കോടി രൂപയാണ്. കാര്‍ഷിക മേഖലയില്‍ 9888 രൂപയാണ് എസ്ബിടി വായ്പ നല്‍കിയിട്ടുള്ളത്. കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കാനായി സപ്തംബര്‍ 30 വരെ നീളുന്ന 'എസ്ബിടി ഹരിതോത്സവം' എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും ത്രൈമാസ ഫലം പുറത്തിറക്കിക്കൊണ്ട് മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാരന്‍ പറഞ്ഞു.

ബാങ്കിന്റെ ആകെ നിഷ്‌ക്രിയാസ്തികള്‍ 2.85 ശതമാനമാണ്. അസ്സല്‍ നിഷ്‌ക്രിയാസ്തി മുന്‍ വര്‍ഷത്തെ 1.19 ശതമാനത്തില്‍ നിന്ന് 1.64 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 898 കോടിയോളമാണ് നിഷ്‌ക്രിയാസ്തി. ഇതു കുറച്ചുകൊണ്ടുവരുന്നതിന് ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചതായി എംഡി അറിയിച്ചു. നിഷ്‌ക്രിയാസ്തികളുടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് ആഗസ്ത് 30 വരെ സമയമനുവദിച്ചിട്ടുണ്ട്. ബാധ്യതകളില്‍ നിശ്ചിത സംഖ്യ കുറവുവരുത്തി തീര്‍പ്പാക്കാനുള്ള സൗകര്യം എല്ലാ ശാഖകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി തൃശ്ശൂരില്‍ സോണല്‍ ഓഫീസ് തുടങ്ങിക്കഴിഞ്ഞു. കൊല്ലത്തും ഉടനെ സോണല്‍ ഓഫീസ് ആരംഭിക്കും. വിവിധ വിഭാഗങ്ങള്‍ക്കായി കൂടുതല്‍ ജനറല്‍ മാനേജര്‍മാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് നന്ദകുമാരന്‍ പറഞ്ഞു.

സ്വര്‍ണപ്പണയ വായ്പകള്‍ സുഗമവും വേഗത്തിലുമാക്കുന്നതിന് ബാങ്ക് ആരംഭിച്ച ഗോള്‍ഡ് പോയിന്‍റ് ശാഖകളുടെ എണ്ണം 15 ആയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം അത് 30 ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സ്വര്‍ണപ്പണയ വായ്പകളുടെ വിതരണത്തിനായി തിരഞ്ഞെടുത്ത ശാഖകളില്‍ ഗോള്‍ഡ്‌ലോണ്‍ കിയോസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 7300 കോടിയോളം രൂപയാണ് സ്വര്‍ണപ്പണയ വായ്പയായി എസ്ബിടി നല്‍കിയിട്ടുള്ളത്. ബാങ്കിന്റെ മൊത്തം വായ്പയുടെ 14 ശതമാനത്തോളം വരുമിത്.

ചീഫ് ജനറല്‍ മാനേജര്‍മാരായ എം.സി. ജേക്കബ്, സജീവ് കൃഷ്ണന്‍, ജനറല്‍ മാനേജര്‍ എ. ചന്ദ്രശേഖര്‍ ശര്‍മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00