കിങ് ഫിഷറിന് വായ്‌പ: എസ്.ബി.ഐ ഓഹരി വില ഇടിഞ്ഞു

Posted on: 23 Feb 2012



മുംബൈ: നിലനില്‍പ്പ് തന്നെ ഭീഷണിയിലായ കിങ്ഫിഷര്‍ എയര്‍ ലൈന്‍സിന് വന്‍ വായ്പ നല്‍കിയിട്ടുണ്ടെന്ന വിവരവും പുതിയ വായ്പകള്‍ വീണ്ടും അനുവദിച്ചേക്കുമെന്ന വാര്‍ത്തകളും ബുധനാഴ്ച എസ്.ബി.ഐ. ഓഹരിയെ വില്പന സമര്‍ദ്ദത്തിലാക്കി. എട്ടു ശതമാനത്തോളമാണ് എസ്.ബി.ഐ. ഓഹരിക്ക് വിലയിടിഞ്ഞത്. ഒരുഘട്ടത്തില്‍ എട്ടരശതമാനത്തിലേറെ വില തകര്‍ന്ന് 2242 രൂപ വരെ ബി.എസ്.ഇ.യില്‍ രേഖപ്പെടുത്തിയ എസ്.ബി.ഐ. ഓഹരി ഒടുവില്‍ 2257.8 രൂപയിലാണ് അവസാനിച്ചത്. എന്‍.എസ്.ഇ.യില്‍ 8.13 ശതമാനം തകര്‍ച്ചയോടെ 2252.95 രൂപയിലും.

കിങ് ഫിഷറിനെ രക്ഷിക്കാനായി 1200 കോടി രൂപയുടെ പുതിയ വായ്പ കൂടി നല്‍കാന്‍ എസ്.ബി.ഐ. സമ്മതിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണ് വിപണിയില്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. നിലവില്‍ തന്നെ കിങ് ഫിഷറിന് ഏറ്റവുമധികം വായ്പ നല്‍കിയിട്ടുള്ളത് എസ്.ബി.ഐ. ആണ്.മുങ്ങിത്താഴുന്ന ഈ വിമാനക്കമ്പനിക്ക് പിന്നീട് കൂടുതല്‍ വായ്പ നല്‍കിയിട്ടുള്ള ഐ.ഡി.ബി.ഐ. ബാങ്ക്, പി.എന്‍.ബി. എന്നിവയുടെ ഓഹരികളിലും വന്‍ വില്പനയുണ്ടായി. ഈ ഓഹരികള്‍ക്ക് യഥാക്രമം 6.92 ശതമാനവും 4.62 ശതമാനവുമാണ് ബുധനാഴ്ച വിലയിടിഞ്ഞത്. കിങ്ഫിഷറിന്റെ ഓഹരിവിലയും ആറരശതമാനം തകര്‍ന്ന് 25.05 രൂപയിലെത്തി.

ബാങ്ക് ഓഹരികളില്‍ തുടങ്ങിയ വില്പന സമ്മര്‍ദ്ദം ക്രമേണ എല്ലാ മേഖലകളിലേക്കും വ്യാപിച്ചു. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വ്യാഴാഴ്ച അവസാനിക്കാനിരിക്കെ വന്‍തോതില്‍ ലാഭമെടുക്കാന്‍ വില്പന കൂടിയായതോടെ നിഫ്റ്റി 102 പോയിന്റ് കുറഞ്ഞ് 5505 ലും സെന്‍സെക്‌സ് 283 പോയിന്റ് താഴ്ന്ന് 18145 ലുമാണ് അവസാനിച്ചത്.
»  News in this Section