ഭക്ഷ്യ വിലപ്പെരുപ്പം പൂജ്യത്തിന് താഴെ തുടരുന്നു
Posted on: 28 Jan 2012
ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ഭക്ഷ്യ വിലപ്പെരുപ്പം പൂജ്യത്തിന് താഴെ തുടരുന്നു. ജനവരി 14ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യ വിലപ്പെരുപ്പം മൈനസ് 1.03 ശതമാനമായി കുറഞ്ഞു. മുന്‍ ആഴ്ചയില്‍ ഇത് മൈനസ് 0.42 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇക്കാലയളവില്‍ 17 ശതമാനമായിരുന്നു ഇത്. ഉള്ളി, ഉരുളക്കിഴങ്ങ്, ഗോതമ്പ് എന്നിവയുടെ വിലയിടിഞ്ഞതാണ് ഭക്ഷ്യവില സൂചിക കുറയാന്‍ കാരണം.
പച്ചക്കറി വില 47.06 ശതമാനം ഇടിഞ്ഞു. അതേസമയം പയര്‍ വര്‍ഗങ്ങളുടെ വില 12.77 ശതമാനവും പാലിന് 12.25 ശതമാനവും മുട്ട, മാംസം, മത്സ്യം എന്നിവ 20.33 ശതമാനവും ഉയര്‍ന്നു.
അവശ്യ വസ്തുക്കളുടെ വിലപ്പെരുപ്പം 1.89 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞു നില്‍ക്കുന്നത് വായ്പാ നിരക്കുകള്‍ കുറയ്ക്കുന്നതിന് ആര്‍ബിഐയെ പ്രേരിപ്പിക്കുമെന്നാണ് അനുമാനം. കഴിഞ്ഞ ആഴ്ചത്തെ പണ-വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍.) അര ശതമാനത്തോളം കുറച്ച് 5.5 ശതമാനത്തിലെത്തിച്ചിരുന്നു.